കടൽക്കൊള്ളക്കാർ തട്ടിയെടുത്തു കൊലപ്പെടുത്തിയ കപ്പലിലെ ജീവനക്കാർ.
ദുബായ്: സൊമാലിയൻ തീരത്തിനു സമീപം കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലെ ഇന്ത്യക്കാരൻ ഉൾപ്പടെ അഞ്ചു ജീവനക്കാർ കൊല്ലപ്പെട്ടു. പലാവു പതാകയേന്തിയ എംടി ഓണർ 25 എന്ന എണ്ണ ടാങ്കറിലെ ജീവനക്കാരാണു കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെയാണു സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്നു പാക്കിസ്ഥാൻകാരും ഒരു മ്യാൻമർ പൗരനും ഉൾപ്പെടുന്നു. മൂന്നു പാക്കിസ്ഥാൻകാർക്കും ഒരു ഇന്ത്യക്കാരനും പരിക്കേറ്റുവെന്ന് പുന്ത്ലാൻഡ് മാരിടൈം പൊലിസ് ഫോഴ്സ് (പിഎംപിഎഫ്) അറിയിച്ചു.
കപ്പലിന്റെ നിയന്ത്രണം പിഎംപിഎഫ് ഏറ്റെടുത്തു. സൊമാലിയയിലെ അർധ സ്വയംഭരണ പ്രദേശമാണ് പുന്ത്ലാൻഡ്. 16 കടൽക്കൊള്ളക്കാരെ പിഎംപിഎഫ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ നടന്നുവരികയാണ്.
18,500 ബാരൽ എണ്ണയുമായി മൊഗാദിഷുവിലേക്കു പോകുകയായിരുന്ന കപ്പൽ ഏപ്രിൽ 21നാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇന്നലെ മറ്റൊരു സംഭവത്തിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ ടോഗോ പതാകയേന്തിയ എംടി യൂറേക്ക എന്ന കപ്പൽ വിട്ടയച്ചു. പുന്ത്ലാൻഡിലെ കർകാർ മേഖലയിലായിരുന്നു കപ്പൽ തടഞ്ഞുവച്ചത്. നാല് ഇന്ത്യക്കാർ ഉൾപ്പടെ 12 ജീവനക്കാരെ സുരക്ഷാസേനയ്ക്കു കൈമാറി. കടൽക്കൊള്ളക്കാർ കപ്പലിനു കേടുപാട് വരുത്തി.
Tags : SomaliPirates Killed Indians FivePeople Shiphijacked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash