National
ന്യൂഡൽഹി: ഒമാൻ തീരത്ത് 24 ഇന്ത്യക്കാരുമായി പോയ വിദേശ എണ്ണക്കപ്പലിന് തീപിടിച്ചു. മാരിവെക്സ് എന്ന മാഡഗാസ്കർ പതാകയേന്തിയ വിദേശ ഓയിൽ ടാങ്കറിലാണ് സംഭവം.
കപ്പൽ ഇന്ത്യയിലെ കർവാറിൽ നിന്നും ഒമാനിലെ ദുഖ്മിലേക്ക് പോവുകയായിരുന്നു. അപകടസമയത്ത് ചരക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ എംബസി കൃത്യമായ വിവരങ്ങൾ തേടിയിട്ടുണ്ട്.
കപ്പലപകടത്തെക്കുറിച്ച് ഇന്ത്യൻ എംബസിക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷയ്ക്കുമായി ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
National
ന്യൂഡൽഹി: അമേരിക്കൻ സർക്കാർ ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ നാടു കടത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ അറിയിച്ചു.
കഴിഞ്ഞ വർഷം 3,567 ഇന്ത്യക്കാരെ നാടു കടത്തിയിരുന്നു. അനധികൃത കുടിയേറ്റ, നാടു കടത്തൽ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ബന്ധപ്പെട്ടുവരുന്നതായി വക്താവ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ 26 ഇന്ത്യക്കാരെ യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നുവെന്ന് കാട്ടി അവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും റഷ്യൻ സേനയുമായി സ്വന്തം ഇഷ്ടപ്രകാരം കരാറിൽ ഒപ്പിട്ടാണ് യുദ്ധത്തിൽ പങ്കുചേർന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഹർജിയിൽ സൂചിപ്പിച്ച 26 പേരിൽ 10 പേർ മരിച്ചു. ഒരാൾ ക്രിമിനൽ കേസിൽ ജയിലിലാണ്. മറ്റൊരാൾ സ്വന്തം താത്പര്യപ്രകാരം യുദ്ധരംഗത്ത് തുടരുകയാണ്.
ഏജന്റുമാർ വഴി ചതിക്കപ്പെട്ടവരുണ്ടെന്നും ഒരു ഏജന്റിനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. മൃതദേഹങ്ങൾ തിരികെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധമേഖലയായതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. ഏകദേശം 215 ഇന്ത്യക്കാർ ഇത്തരത്തിൽ റഷ്യയിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
International
വാഷിംഗ്ടൺ: ഇന്ത്യയെയും ചൈനയെയും അതിരൂക്ഷമായി അധിക്ഷേപിച്ചുകൊണ്ടുള്ള അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്റെ വംശീയ പരാമർശങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമത്തെ വിമർശിച്ച് സാവേജ് നടത്തിയ പ്രസംഗമാണ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നാണ് സാവേജ് വിശേഷിപ്പിച്ചത്.
മൈക്കൽ സാവേജിന്റെ 'സാവേജ് നേഷൻ' എന്ന പോഡ്കാസ്റ്റിലായിരുന്നു വിവാദ പരാമർശങ്ങൾ. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും എത്തുന്ന കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ’ എന്ന് അദ്ദേഹം വിളിച്ചു. ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കൻ പതാകയെ അപമാനിക്കുന്നു, ഇവർ മാഫിയാ കുടുംബങ്ങളെക്കാൾ വലിയ ദോഷം അമേരിക്കയ്ക്ക് വരുത്തിവെക്കുന്നു, കാലിഫോർണിയയിലെ ഹൈടെക് മേഖലകളിൽ വെള്ളക്കാർക്ക് ജോലി ലഭിക്കാത്തത് ഇന്ത്യക്കാരും ചൈനക്കാരും ഈ സംവിധാനങ്ങൾ കൈക്കലാക്കിയതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗർഭത്തിന്റെ അവസാന മാസങ്ങളിൽ അമേരിക്കയിലെത്തി പ്രസവിക്കുന്നതിലൂടെ കുട്ടികൾക്ക് ജന്മനാ പൗരത്വം ലഭിക്കുന്നത് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന രീതി അവസാനിപ്പിക്കണമെന്നത് ട്രംപിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. 2025ൽ അധികാരമേറ്റ ശേഷം ഇതിനായി അദ്ദേഹം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം ഈ പൗരത്വം ഉറപ്പുനൽകുന്നുണ്ടെന്നത് വലിയ നിയമതടസമാണ്. നിലവിൽ ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Sports
ഗുവാഹത്തി: ഐപിഎല്‍ ടി20 മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഗുവാഹത്തി ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. ഇതോടെ മത്സരം 11 ഓവറാക്കി ചുരുക്കിയാണ് കളിക്കുന്നത്.
ബാറ്റുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ് അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ്. 17 ബോളിൽ 41 റൺസുമായി ജെയ്സ്വാളും 14 ബോളിൽ 39 റൺസുമായി സൂര്യവംശിയുമാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ രാജസ്ഥാന്റെ സ്കോർ ഉയർത്തിയത്. എന്നാൽ അഞ്ചാമത്തെ ഓവറിന്റെ അവസാനം ഷാര്‍ദുല്‍ താക്കൂറിന്റെ ഓവറിൽ സൂര്യവംശിയും തുടർന്ന് ജുറലിനെയും രാജസ്ഥാന് നഷ്ടപ്പെട്ടു. ഏഴ് ഓവർ പിന്നിട്ടതോടെ ജെയ്സ്വാൾ 23 ബോളിൽ അർധ സെഞ്ച്വറി (52) നേടി.
ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്. മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന് റിക്കല്ടണ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന് റോയല്‍സ്: വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാ്പറ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് 2.2 ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിലേക്കു മടങ്ങിയെത്തിയതായി കേന്ദ്രം. ഇറാനിലുണ്ടായിരുന്ന 550 ഇന്ത്യക്കാർ അർമേനിയയിലേക്കും 90 ഇന്ത്യക്കാർ അസർബൈജാനിലേക്കും റോഡുമാർഗം രക്ഷപ്പെട്ടതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്നലെ മാത്രം 45 വിമാനങ്ങളിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തി. ഇറാനെതിരായ ആക്രമണം ആരംഭിച്ച ഫെബ്രുവരി 28നുശേഷം 2,20,000 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് ഗൾഫിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നീ രാജ്യങ്ങളിൽനിന്നാണു കൂടുതൽ പ്രവാസികളും മടങ്ങിയത്.
ഖത്തറിന്റെ വ്യോമാതിർത്തി ഭാഗികമായി വീണ്ടും തുറന്നതിനാൽ കേരളത്തിലേക്കടക്കം കൂടുതൽ വിമാനങ്ങൾ ഇന്നും പ്രതീക്ഷിക്കുന്നതായി അസീം പറഞ്ഞു. കുവൈറ്റിന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണെങ്കിലും പ്രത്യേക ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹറിനിലെയും ഇറാക്കിലെയും ഇന്ത്യക്കാർക്ക് സൗദി അറേബ്യ വഴി ഗതാഗതം സുഗമമാക്കുന്നുണ്ട്.
ഇറാനിൽനിന്ന് 640 ഇന്ത്യൻ പൗരന്മാർ കരമാർഗം അർമേനിയയിലേക്കും അസർബൈജാനിലേക്കും മാറുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. മതപരമായ ആവശ്യങ്ങൾക്കായി ഇറാനിലേക്കുപോയ 284 ഇന്ത്യൻ തീർഥാടകരും അർമേനിയയിലേക്കു മാറിയവരിൽ ഉൾപ്പെടുന്നു. ചിലർ ഇന്ത്യയിൽ തിരിച്ചെത്തി.
ശേഷിക്കുന്നവരും വൈകാതെ തിരിച്ചെത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സംഘർഷം വകവയ്ക്കാതെ ടെഹ്റാനിലെ ഇന്ത്യൻ എംബസി പ്രവർത്തനം തുടരുന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ടെഹ്റാനു പുറത്തെ പ്രദേശങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
National
ന്യൂഡൽഹി: കപ്പലുകൾക്കു നേരേയുള്ള ഇറാന്റെ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇറാക്കിലെ ബസ്രയ്ക്കു സമീപം അമേരിക്കയുടെ ക്രൂഡ് ഓയിൽ ടാങ്കറായ സഫീസിയ വിഷ്ണു എന്ന കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു.
കപ്പലിലുണ്ടായിരുന്ന മറ്റ് 15 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആക്രമണദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. മേഖലയിലെ മറ്റു കപ്പലുകളിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതായതായും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.
ഇറാനിൽ ഉണ്ടായിരുന്ന 9,000 ഇന്ത്യക്കാരിൽ പലരും നാട്ടിലെത്തിയെന്നു വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയവരിൽ കൂടുതലും വിദ്യാർഥികളാണ്. ശേഷിക്കുന്നവർ റോഡുമാർഗം അർമേനിയയിലും അസർബൈജാനിലും എത്തി.
ഇവർക്കു വാണിജ്യ വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങാനുള്ള ഏകോപനത്തിനും നടപടിക്രമങ്ങൾക്കുമായി സർക്കാർ സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
National
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ 52,360 പേര് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയതായി വ്യോമയാന മന്ത്രാലയം.
184 ഇന്ത്യന്‍ വിമാനങ്ങള്‍ക്കും 85 യുഎഇ വിമാനങ്ങള്‍ക്കും പുറമേ 11 ചാര്‍ട്ടേഡ് വിമാനങ്ങളും ഉപയോഗിച്ചായിരുന്നു അരലക്ഷത്തിലേറെ ആളുകളുടെ മടക്കമെന്നും അവര്‍ വ്യക്തമാക്കി.
National
ന്യൂഡൽഹി: നൂറ്റിനാൽപത് കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ പ്രതിഫലിക്കുന്ന ചരിത്രപ്രധാനമായ ബജറ്റെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. രാജ്യം താമസിയാതെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും ബജറ്റിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ഓരോ ദിവസവും വളരുകയാണ്. വലിയ വ്യവസായ കരാറുകളില്‍ ഒപ്പിടുന്നു. അതിന്റെ പ്രയോജനം യുവാക്കൾക്കും മധ്യവർത്തി കുടുംബങ്ങൾക്കുമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി അതിവേഗ റെയില്‍പാത ഉൾപ്പെടെ ഒട്ടേറെ പദ്ധതികളിലൂടെ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളെയാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നത്. വികസിത ഭാരതത്തിനായുള്ള റോഡ് മാപ്പിനെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2047ഓടെ വികസിത ഇന്ത്യ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ശക്തമായ അടിത്തറയാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇറാനിലെ സംഘർഷം മൂലം അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യവിമാനം ഇന്നു പുറപ്പെട്ടേക്കും.
വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാണു ശ്രമം. മടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി.
എന്നാൽ ഇന്റർനെറ്റ് നിയന്ത്രണമുള്ളതിനാൽ പലരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു.
ഇന്നലെ പുലർച്ചെ ഇറാൻ താൽക്കാലികമായ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങിയിരുന്നു.
International
കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയിൽ പോയ ‘മറിനേര’ എന്ന വെനസ്വേലൻ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.
ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്ൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സൈന്യം യൂറോപ്യൻ കമാൻഡ് രണ്ടാഴ്ചയിലേറെയായി തുടരുന്ന തെരച്ചിലിനൊടുവിലാണു നടപടി. ഐസ്ലാൻഡിന്റെ തീരത്തുനിന്നു 222 കിലോമീറ്റർ അകലെയാണിത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
National
ന്യൂഡൽഹി: മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാരെ തിരിച്ചയച്ചു. 26 സ്ത്രീകളടക്കമുള്ള 270 ഇന്ത്യക്കാരെയാണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചതെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മ്യാൻമറിൽനിന്ന് കഴിഞ്ഞമാസം തായ്ലൻഡ് അതിർത്തി കടന്ന 465 ഇന്ത്യക്കാരാണ് തായ്ലൻഡ് സർക്കാരിന്റെ സഹായത്തോടെ മാതൃരാജ്യത്തേക്കു തിരികെയെത്തുന്നത്. ഇവരിൽ ശേഷിക്കുന്ന 170 പേരെ അടുത്ത തിങ്കളാഴ്ച തിരികെ അയയ്ക്കുമെന്ന് തായ് കരസേനയുടെ കമാൻഡർ മേജർ ജനറൽ മൈത്രീ ചുപ്രീച്ച അറിയിച്ചു.
മ്യാൻമർ നഗരമായ മ്യവാഡിയിലെ സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ കെ.കെ. പാർക്കിൽ കഴിഞ്ഞമാസം മ്യാൻമർ സൈന്യം റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു 28 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെപ്പേർ തായ്ലൻഡിലെത്തിയത്.
സൈബർ തട്ടിപ്പുകളും അനധികൃത ചൂതാട്ടവും തടയുന്നതിനായി മ്യാൻമർ സേന നടത്തിയ ഓപ്പറേഷനെത്തുടർന്ന് തായ്ലൻഡിൽ അഭയം പ്രാപിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെ അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചതിന് തായ് അധികൃതർ തടങ്കലിലാക്കിയിരുന്നു. ഐടി ജോലി നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി തൊഴിൽ തട്ടിപ്പിനിരയായവരാണ് ഇവരിൽ പലരും. ഇവർ പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കറ്റുകളുടെ കെണികളിൽപെടുകയായിരുന്നു.
തട്ടിപ്പുകളിൽ ഏർപ്പെട്ട് ഇപ്പോഴും മ്യാൻമറിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിന് തായ്ലൻഡിലെയും മ്യാൻമറിലെയും ഇന്ത്യൻ എംബസികൾ അതത് സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് കെ.കെ. പാർക്ക് പോലുള്ള സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ പ്രതിവർഷം 4000 കോടി ഡോളറോളം സന്പാദിക്കുന്നുണ്ട്.