ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം രണ്ട് ചരണങ്ങളിൽ അവസാനിപ്പിക്കണമെന്ന് സഖ്യകക്ഷികളോട് കോൺഗ്രസ്.
സ്വാതന്ത്ര്യസമര സേനാനികളുടെ വിവേകത്തെയും തീരുമാനത്തെയും മാനിക്കണമെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലൂടെ പറഞ്ഞു.
ജമ്മു കാഷ്മീരിലെ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവച്ചടങ്ങിൽ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും കഴിഞ്ഞ ദിവസം വന്ദേമാതരം ഗീതം മുഴുവൻ ആലപിച്ചു തീരുന്നതുവരെ എഴുന്നേറ്റു നിന്നതിനു പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ നിലപാട് പിന്തുടരാൻ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്.
വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന 1937ലെ കോൺഗ്രസ് പ്രമേയം കഴിഞ്ഞ മാസം ചേർന്ന കോൺഗ്രസിന്റെ പ്രവർത്തകസമിതിയോഗം വീണ്ടും അംഗീകരിച്ചിരുന്നു.