ജീന്‍ പിയറി സെറി
തൃക്കരിപ്പൂര്‍ (കാസര്‍ഗോഡ്): കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലെ ദേശീയപാതയിൽനിന്ന് 139 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ പ്രധാന കണ്ണിയായ ആഫ്രിക്കന്‍ സ്വദേശിയായ യുവാവിനെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍നിന്നു പ്രത്യേക അന്വേഷണസംഘം പിടികൂടി.
ഐവറി കോസ്റ്റ് സ്വദേശി ജീന്‍ പിയറി സെറി എന്ന സാമുവല്‍ ഓസ്ലന്‍ (36) ആണ് അറസ്റ്റിലായത്. ആഴ്ചകളായി അന്വേഷണ സംഘത്തിലുള്ളവര്‍ ആറു സംഘങ്ങളായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതികള്‍ക്കായി വലവിരിച്ചു കാത്തിരിക്കുകയായിരുന്നു.
ഗ്രേറ്റര്‍ നോയിഡയില്‍ ആയിരക്കണക്കിന് ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെത്തിയാണ് സാമുവലിനെ പിടികൂടിയത്. ഇവിടെ എംഡിഎംഎ ഉത്പാദനം നടക്കുന്നുണ്ടായിരുന്നെന്ന് ജില്ലാ പൊലിസ് മേധാവി പി. നിതിന്‍രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
2017-18 വര്‍ഷം വിദ്യാര്‍ഥി വീസയില്‍ ഇന്ത്യയിലെത്തിയ സാമുവല്‍ ലഹരി ഉത്പാദന-വിതരണശൃംഖലയില്‍ സജീവമാകുകയായിരുന്നു. 2023ല്‍ നാട്ടില്‍ പോയി തിരിച്ചുവന്ന സാമുവലിന്റെ വീസ കാലാവധി കഴിഞ്ഞവര്‍ഷം കഴിഞ്ഞെന്നാണ് പൊലിസിനു ലഭിച്ച വിവരം. ഇയാളില്‍നിന്ന് 2.94 ലക്ഷം രൂപയും നാലു മൊബൈല്‍ ഫോണുകളും പത്തു സിം കാര്‍ഡുകളും നിരവധി എടിഎം കാര്‍ഡുകളും അന്വേഷണസംഘം പിടിച്ചെടുത്തു. ഇയാളുടെ ഒരു ഫോണ്‍കൂടി കിട്ടാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ മഞ്ചേശ്വരം പൊലിസ് പിടികൂടിയ 112 ഗ്രാം എംഡിഎംഎ കേസിലും ഇയാളെ പ്രതിചേര്‍ത്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. രണ്ടുപേര്‍ കൂടി വലയിലായതായി സൂചനയുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനില്‍കുമാര്‍, നീലേശ്വരം ഇന്‍സ്പെക്ടര്‍ പി. പ്രശാന്ത് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Kalikkadavu Ivorian NationalCase MDMA JeanPierreSerre