87 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ സുനില്‍ കുമാര്‍ (മുകളിൽ) വെങ്കലം നേടുന്നു.
നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ 12-ാംദിനമായ ഇന്നലെ ഇന്ത്യന്‍ അക്കൗണ്ടില്‍ അമ്പെയ്ത്ത്, ഷൂട്ടിംഗ് ഇനങ്ങളിലായി ലഭിച്ച നാലു സ്വര്‍ണത്തിനു പിന്നാലെ ഗോദയിലും റിംഗിലും വെങ്കലം.
ഗോദയില്‍ പുരുഷ ഗ്രീക്കോ-റോമന്‍ 87 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ സുനില്‍ കുമാര്‍ വെങ്കലം സ്വന്തമാക്കി. വെങ്കലപ്പോരാട്ടത്തില്‍ ഫിലിപ്പീന്‍സിന്റെ കല്ലം ജോണ്സണ് റോബര്‍ട്ട്സിനെ 9-0ന് സുനില്‍ കുമാര്‍ കീഴടക്കി. 2022 ഹ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസിലും ഈയിനത്തില്‍ സുനില്‍ കുമാര്‍ വെങ്കലം നേടിയിരുന്നു.
പ്രിയ, കപില്‍
വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗില്‍ പ്രിയ ഘംഗാസും പുരുഷ വിഭാഗം 90 കിലോഗ്രാമില്‍ കപില്‍ പൊഖറിയയും ഇന്ത്യക്കായി ഇന്നലെ വെങ്കലം സ്വന്തമാക്കി. സെമിയില്‍ ഉസ്ബക്കിസ്ഥാന്റെ തുറാബെക് ഖബിബുല്ലാവിനോട് (4-1) പരാജയപ്പെട്ടതോടെയാണ് കപില്‍ വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടത്.
വനിതാ സെമിയില്‍ പ്രിയ ചൈനയുടെ ചെംഗ്യു യാങിനു മുന്നില്‍ തോല്‍വി വഴങ്ങി (4-1).
അതേസമയം, മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ബോക്സിംഗ് ഫൈനലില്‍ പ്രവേശിച്ചു. പുരുഷ 80 കിലോഗ്രാമില്‍ അങ്കുഷ് പംഗല്‍, വനിതാ 65 കിലോഗ്രാമില്‍ പര്‍വീണ്‍ ഹൂഡ, 75 കിലോഗ്രാമില്‍ ലൗവ്ലിന ബൊര്ഗോഹെയ്ന് എന്നിവരാണ് ഫൈനലിലേക്കു മുന്നേറിയത്. നാളെയാണ് മൂന്നു വിഭാഗത്തിലെയും ഫൈനല്‍.
Tags : AsianGames Wrestling Ring Sports