ഇടുക്കി: ജില്ലയിലെ വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളിലൂടെ വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെ മനുഷ്യസഞ്ചാരവും തോട്ടങ്ങളിലെ പണികളും നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
ഇടുക്കി ജില്ലയിൽ തൊടുപുഴ ഒഴികയുള്ള മുഴുവൻ മനുഷ്യവാസ മേഖലകളും വനത്തോടും വന്യജീവി സങ്കേതങ്ങളോടും ചേർന്നുകിടക്കുന്നവയാണ്. അതിനാൽ വനമേഖലയോടു ചേർന്നുകിടക്കുന്ന തോട്ടം മേഖല എന്നാൽ ജനവാസമേഖലകൂടി ഉൾപ്പെടുന്നപ്രദേശമാണ്. ഇവിടെ ജനങ്ങളുടെ രാത്രിസഞ്ചാരം നിരോധിച്ച് കഴിഞ്ഞ 28നാണ് ജില്ലാ ദുരന്തനിവാരണ അഥോററ്റി ചെയര്മാന് എന്ന നിലയില്‍ ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചത്.
ഇടുക്കി ജില്ലയില്‍ വന്യജീവികള്‍ക്ക് സ്വാഭാവികമായി സഞ്ചരിക്കുന്നതിനു തടസമാകുന്ന തരത്തില്‍ വനമേഖലയിലും വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും വേലികളും മറ്റു നിര്‍മാണങ്ങളും നടത്തിയിരിക്കുന്നത് പൊളിച്ചുനീക്കണമെന്നു കഴിഞ്ഞ 23നു ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടു ഉത്തരവുകളും ജില്ലയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് ആരോപണം.
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുന്ന നിര്‍മിതികള്‍ പൊളിച്ചുമാറ്റുമെന്നതിനെ ആനത്താരകളിലെ നിർമാണങ്ങൾ പൊളിച്ചുമാറ്റും എന്നതരത്തില്‍ ചിലര്‍ വ്യാഖ്യാനം നടത്തുന്നുണ്ട്. 23ലെ ജില്ലാ കളക്ടറുടെ ഉത്തരവില്‍ ആനത്താര എന്ന പദം ഉപയോഗിച്ചിട്ടില്ല.
വന്യജീവികള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. വന്യജീവികള്‍ ആനയും കുരങ്ങും പന്നിയും ഉള്‍പ്പടെയുള്ളവയാണ്. ഇവയുടെ സ്വാഭാവിക സഞ്ചാരം തടയുന്ന നിര്‍മിതികളാണ് പൊളിച്ചു മാറ്റുന്നത്. ഇതു മറച്ചുവച്ച് ആനത്താരകള്‍ എന്ന പ്രയോഗം കൊണ്ടുവന്നതിലും ദുരൂഹതയുണ്ട്.
വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടയുന്നതിനെതിരേയുള്ള ഉത്തരവിനെ മുഖ്യമന്ത്രിയും വനംമന്ത്രിയും അനധികൃത കൈയേറ്റത്തിനെതിരേയുള്ള ഉത്തവായി വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് അതേപടി നിലനില്‍ക്കുകയാണ്.
25നു മുഖ്യമന്ത്രി ഇടുക്കി കളക്ടറേറ്റില്‍ നടത്തിയ ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ ജില്ലാ കളക്ടറുടെ 23ലെ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ഇത് നിലനില്‍ക്കുമ്പോഴാണ് ജനങ്ങളുടെ സഞ്ചാരം നിരോധിച്ചും ജില്ലാ കളക്ടറുടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവില്‍ ഭേദഗതിവരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഉത്തരവിനു നിയമസാധുതയുണ്ടാകും.
ജില്ലയിൽ അടുത്തിടെ ഇറങ്ങിയ ഉത്തരവ് ജനജീവിതം ദുരിതപൂർണമാക്കാനും ടൂറിസം ഉൾപ്പടെയുള്ള സാമ്പത്തിക രംഗം തകരാനും കാരണമാകും. നിലവിൽ ഭൂമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിലയിൽ വലിയ തോതിൽ ഇടിവുണ്ടാകുന്നതിനും ഇതു കാരണമാകും.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങാതെ അവയെ വനത്തിനുള്ളിൽ നിർത്താൻ വനം വകുപ്പ് ശ്രദ്ധിക്കാതെ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് മലയോര ജനതയോടുള്ള വഞ്ചനയാണ്. വന്യജീവി ആക്രമണമുണ്ടായാൽ സഹായം പോലും ലഭിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്ന ഈ ഉത്തരവ് ഉത്തരവാദപ്പെട്ടവർ ഉടൻതന്നെ പിൻവലിക്കാൻ നടപടി സ്വീകരിക്കണം.
റോഷി അഗസ്റ്റിൻ (മുൻ ജലവിഭവ വകുപ്പ് മന്ത്രി)
വന്യജീവികളെ വനത്തിൽ സംരക്ഷിക്കുന്നതിനും അവ ജനവാസ മേഖലയിൽ എത്തുന്നില്ലന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാരിന്, പ്രേത്യേകിച്ച് വനംവകുപ്പിന് ഉത്തരവാദിത്വമുണ്ട്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നതു സർക്കാരിന്റെ ദൗത്യമാണ്.
എന്നാൽ ഇടുക്കിയിൽ ഭരണകൂടം ജനത്തിന്റെ സുരക്ഷയ്ക്കാണെന്ന പേരിൽ മൃഗസുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഉത്തരവുകൾക്ക് നിയമബലം ഉണ്ടാകണം; എന്നാൽ നിയമബലം എന്നത് ജനങ്ങളുടെ ജീവിതത്തെ കേൾക്കാതെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമല്ല. വനവും വന്യജീവികളും സംരക്ഷിക്കപ്പെടണം. അതിനൊപ്പം കർഷകന്റെ ജീവനും ഭൂമിയും അധ്വാനവും ഉപജീവനവും സംരക്ഷിക്കപ്പെടണം. ഇടുക്കിയിലെ മലയോര ജനതയ്ക്ക് വേണ്ടത് ഉത്തരവുകളുടെ ഭാരം മാത്രമല്ല-വ്യക്തമായ നിയമനടപടിയും നീതിയുള്ള സംരക്ഷണവും സുരക്ഷിതമായി ജീവിക്കാനുള്ള ഉറപ്പുമാണ്.
ഫാ. ജിൻസ് കാരയ്ക്കാട്ട്
(ഇടുക്കി രൂപതാ മീഡിയ കമ്മിഷൻ ഡയറക്്ടർ)
രാത്രികാല യാത്രാനിരോധനത്തിലൂടെ തോട്ടംമേഖലയിലെ ജനങ്ങളെ ബന്ദികളാക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികൾക്കും കർഷകർക്കും വന്യമൃഗ ആക്രമങ്ങളിൽനിന്നു സംരക്ഷണം നൽകേണ്ടതിനു പകരം പുതിയ ഉത്തരവുകളിറക്കി ജനങ്ങളെ ദ്രോഹിക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
കെ. സലിംകുമാർ
(സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി)
ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നിയമമാണിത്. ഇടുക്കിയുടെ ചരിത്രത്തിൽ ഇത്തരമൊരു കിരാത നിയമം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ഏലം, തേയില തോട്ടങ്ങളിൽ അന്നന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്നവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന തീരുമാനമാണിത്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ജനകീയ പ്രക്ഷോഭം ഉണ്ടാകും. ജനങ്ങൾ വീടുകളിലായിരിക്കില്ല തെരുവിലായിരിക്കും ഇനി ജീവിക്കുകയെന്നും അദ്ദേഹം പറഞ്ഞു
സി.വി. വർഗീസ്
(സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി)
ഈ ഉത്തരവ് വനം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യും. ജില്ലാ കളക്ടറുടെ ഉത്തരവിൽ ജാഗ്രതക്കുറവുണ്ടായി. ഉത്തരവ് പരിഷ്കരിക്കണം. യാത്രാനിരോധനം സംബന്ധിച്ചുള്ള ഉത്തരവ് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വനാതിർത്തികളിലെ തോട്ടം മേഖലയോട് ചേർന്നുള്ള മുഴുവൻ പ്രദേശങ്ങളിലും രാത്രിയാത്രാനിരോധനം പ്രായോഗികമല്ല.
ഡീൻ കുര്യാക്കോസ് എംപി
Tags : NightTravelBan Public Outcry Idukki Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash