National
ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിയിലെ സുതാര്യതക്കുറവും പാരിസ്ഥിതിക ആഘാത പഠനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് കോൺഗ്രസ്.
പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പാരിസ്ഥിതിക ആഘാത വിലയിരുത്തലുകൾ തികച്ചും അപൂർണ്ണമാണെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് കത്തിൽ ആരോപിക്കുന്നു.
പദ്ധതിക്ക് അനുമതി നൽകിയതിനുശേഷം പരസ്യപ്പെടുത്തേണ്ട ആറുമാസത്തെ കംപ്ലയൻസ് റിപ്പോർട്ടുകളോ പദ്ധതി മേൽനോട്ട കമ്മിറ്റി യോഗങ്ങളുടെ വിവരങ്ങളോ കേന്ദ്ര സർക്കാർ കൃത്യമായി പുറത്ത് വിട്ടിട്ടില്ല.
നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട പല സുപ്രധാന പഠനങ്ങളും പൂർത്തിയാകാതെ പദ്ധതിയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നിലപാടിനെ കോൺഗ്രസ് ചോദ്യം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഏകദേശം 16,000 പവിഴപ്പുറ്റുകൾ മാറ്റി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള പരിസ്ഥിതി അനുമതി ആവശ്യപ്പെട്ട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആൻഡമാൻ നിക്കോബാറിലെ പരിസ്ഥിതി വകുപ്പിന് കത്ത് കൈമാറി.
എന്നാൽ ഈ നിർദേശം പ്രായോഗികമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കേന്ദ്ര മന്ത്രിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Literature
ഓരോ വായനക്കാരന്റെയും ഉള്ളിൽ വിസ്മയത്തിന്റെയും ആഹ്ലാദത്തിന്റെയും ചിലപ്പോൾ വേദനയുടെയും കൊടുങ്കാറ്റുകൾ വിതയ്ക്കുന്ന പുസ്തകമാണ് ലാറ്റിനമേരിക്കൻ നോവലിസ്റ്റായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’. കൊളംബിയൻ കാടുകളുടെ നിഗൂഢതയിൽ, ചതുപ്പുനിലങ്ങൾക്കും മഞ്ഞക്കടലുകൾക്കും നടുവിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് പടുത്തുയർത്തിയ മക്കോണ്ടോ എന്ന മാന്ത്രികനഗരം കേവലമൊരു സാങ്കൽപിക ഗ്രാമമല്ല. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനറിയാതെ വഴിതെറ്റിപ്പോയ ഏതു ജനതയുടെയും പ്രസ്ഥാനത്തിന്റെയും രൂപകമാണത്.
ചുറ്റുപാടുമുള്ള ലോകത്തിന്റെ മാറ്റങ്ങളോ അവിടെയുള്ള മനുഷ്യന്റെ മുറവിളികളോ നിശ്വാസങ്ങളോ മാറ്റങ്ങളോ അറിയാനാവാത്തവിധം പർവതനിരകളാൽ ചുറ്റപ്പെട്ടതായിരുന്നു ആ നഗരം. മക്കോണ്ടോയിലെ ബുവെന്ദിയ തറവാടിന്റെ അകത്തളങ്ങളിൽ പഴയ സ്വപ്നങ്ങളുടെ മാറാലരൂപങ്ങൾ അലഞ്ഞുനടക്കുന്നുണ്ട്. ബുവെന്ദിയ കുടുംബം ഭൂതകാലത്തിന്റെ സ്വർണച്ചിറകുകളിൽതൂങ്ങി ആത്മരതിയുടെ ഏകാന്തതയിൽ അഭിരമിക്കുന്നവരാണ്. പുറത്ത് കാലം മാറുന്നുണ്ട്. ലോകം പുതിയ ഭാവങ്ങളും ഭാവനകളും അണിയുന്നുണ്ട്.
പക്ഷേ, ലോകത്തിന്റെ ഭൂമിശാസ്ത്രം മാറുന്നത് തിരിച്ചറിയാനാവാത്തവിധം തങ്ങൾ നിർമിച്ച സ്ഫടികക്കൊട്ടാരങ്ങളിൽ അവർ തടവിലാക്കപ്പെട്ടിരിക്കുന്നു. നോവലിലെ കേണൽ ഔറേലിയാനോ ബുവെന്ദിയ എന്ന കഥാപാത്രം നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്ന പേരിൽ മുപ്പത്തിരണ്ട് യുദ്ധങ്ങൾ നയിച്ചു. അവയിലെല്ലാം പരാജയപ്പെട്ടു. ഒരു പരാജയത്തിൽനിന്നും പാഠം പഠിക്കാൻ അയാൾ തയാറായിരുന്നില്ല. ഒടുവിൽ അയാൾ തന്റെ പണിപ്പുരയിലെ ഏകാന്തതയിലേക്ക് ഉൾവലിഞ്ഞ് സ്വർണമത്സ്യങ്ങളെ മിനുക്കിയെടുക്കുന്ന അർഥശൂന്യമായ ജോലിയിൽ ആശ്വാസം കണ്ടെത്തുന്നു.
മാർകേസ് വരച്ചിട്ട ആ ഏകാന്തതയുടെ നൂറു വർഷങ്ങളിലെ മക്കോണ്ടോയും ബുവെന്ദിയൻ തറവാടും മാറ്റവും നവീകരണവും കടന്നു ചെല്ലാത്ത ഇടങ്ങളിൽ ആവർത്തിക്കപ്പെടാം. രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം സംഭവിക്കാം.
ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പിടിച്ചുനിൽക്കാൻ തെരഞ്ഞെടുപ്പ് വിജയങ്ങൾ മാത്രം പോരാ. നിരന്തരമായി ജനങ്ങളുടെ വികാരങ്ങൾ, ഭയങ്ങൾ, പ്രതീക്ഷകൾ, സന്തോഷങ്ങൾ, മാനസികാവസ്ഥ, സാമ്പത്തികാവസ്ഥ ഇതൊക്കെ തിരിച്ചറിയാൻ സാധിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയെ ജനാധിപത്യപ്രക്രിയയിൽ സജീവമായി നിലനിർത്തുന്നത് ജനമനസുമായുള്ള നിരന്തരബന്ധമാണ്. ജനങ്ങളുമായുള്ള സന്പർക്കത്തിലെ ജൈവികത നഷ്ടപ്പെടുമ്പോൾ രാഷ്ട്രീയപ്രസ്ഥാനം സംഘടനാ സംവിധാനമായി ചുരുങ്ങുന്നു.
പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കേഡർ സംവിധാനമുണ്ട്. കേഡർ ഘടന സംഘടനാ സംവിധാനം മാത്രമല്ല, താഴെത്തട്ടിൽനിന്ന് മുകളിലേക്ക് ജനവികാരങ്ങൾ എത്തിക്കുന്ന കണ്ണികൂടിയായാണ് പ്രവർത്തിക്കുന്നത്. കേഡർ പാർട്ടിയായ സിപിഎമ്മിൽപോലും കണ്ണികൾ ദുർബലമായെന്ന് ശക്തികേന്ദ്രങ്ങളിലെ കനത്ത പരാജയം സൂചിപ്പിക്കുന്നു. പല രാഷ്ട്രീയ സംഘടനകളിലും താഴെത്തട്ടിൽനിന്നു മുകളിലേക്ക് ജനങ്ങളുടെ വികാരങ്ങളും പ്രതികരണങ്ങളുമെത്തുന്നില്ല. അധികാരകേന്ദ്രങ്ങളെ വട്ടമിട്ട് പറക്കുന്ന ഉപജാപകസംഘങ്ങളും വൈതാളികരുമാണ് യഥാർഥ ജനഹിതം എന്താണെന്ന് തിരിച്ചറിയാനാവാത്തവിധം രാഷ്ട്രീയ പാർട്ടികളെയും നേതൃത്വത്തെയും ഇക്കോ ചേമ്പറുകളിലേക്കു തള്ളിയിടുന്നത്.
ജനഹിതം മനസിലാക്കാതെ പ്രവർത്തിക്കുന്ന പാർട്ടികൾ ക്രമേണ ജനങ്ങൾക്കിടയിൽ അന്യവത്കരിക്കപ്പെടും. കോൺഗ്രസിന് ഹിന്ദി ഭൂപടത്തിൽ സംഭവിച്ച അന്യവത്കരണത്തിന്റെ ഒരു കാരണം ജനങ്ങളുടെ സ്പന്ദനങ്ങൾ അറിയാതെപോയതാണ്. കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻഡ് രാഷ്ട്രീയം ഇതിന് ഒരു പരിധിവരെ കാരണവുമായി. ഹൈക്കമാൻഡ് പലപ്പോഴും ജനങ്ങളിൽനിന്ന് ഏറെ അകലെയായിരുന്നു. ജനങ്ങളുടെ യഥാർഥ പൾസ് മനസിലാക്കാൻ സാധിക്കുന്നത് പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ്. അടിയൊഴുക്കുകൾ പാർട്ടിയുടെ മുകളിലത്തെ തട്ടിൽ എത്താതെപോകുന്നു. സംസ്ഥാന ഘടകങ്ങൾക്ക് നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയാതെവരുന്നു. കോൺഗ്രസിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്.
ജനമനസിന്റെ തുടിപ്പുകൾ തൊട്ടറിയാൻ പരാജയപ്പെടുന്നിടത്തുനിന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ ദുരന്തങ്ങൾ പിറവികൊള്ളുന്നത്. ജനാധിപത്യമെന്ന അതിസങ്കീർണവും എന്നാൽ സുന്ദരവുമായ പ്രക്രിയയിൽ ജനഹിതം വായിച്ചെടുക്കുക എന്നത് ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനിൽപ്പിന്റെ ആധാരമാണ്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോൾ അതിന്റെ തകർച്ചയുടെ മൂലകാരണം തുടർച്ചയായുണ്ടാകുന്ന തെരഞ്ഞെടുപ്പു പരാജയങ്ങൾ മാത്രമല്ല. ജനങ്ങളിൽനിന്ന് പ്രസ്ഥാനം അന്യവത്കരിപ്പെട്ടു. ജനഹിതം എന്താണെന്ന് മുകളിലുള്ള നേതാക്കൾക്ക് മനസിലാകുന്നില്ല. നഷ്ടപ്പെട്ട ജനപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു ഭാരത് ജോഡോ യാത്ര. ജനങ്ങളിലേക്ക് പാർട്ടി - ഇതായിരുന്നു ലക്ഷ്യം. യാത്ര വിജയംകണ്ടുവെങ്കിലും പ്രവർത്തനങ്ങളിലൂടെയുള്ള തുടർച്ച ഇനിയും ഉണ്ടാകണം.
റിയൽ കേരളാ സ്റ്റോറി
2021ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടിപടലം പൊളിഞ്ഞു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു മന്ത്രിസഭ തുടർച്ചയായി രണ്ടാം പ്രാവശ്യം അധികാരത്തിലെത്തി. തകർന്ന സംവിധാനത്തെ ഉജ്വലമായി പടുത്തുയർത്തിയാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം നേടിയത്. വി.ഡി. സതീശൻ എന്ന നേതാവിന്റെ ചിട്ടയായ നേതൃത്വം ഈ മടങ്ങിവരവിന്റെ കാരണങ്ങളിലൊന്നാണ്.
ശക്തമായ ഭരണവിരുദ്ധ തരംഗത്തെ ഒരേ ദിശയിലേക്ക് ചലിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. സംസ്ഥാന വ്യാപകമായി യുഡിഎഫ് ഉയർത്തിക്കാട്ടിയ വിഷയങ്ങളുടെ ശക്തിയിൽ പല മണ്ഡലങ്ങളിലും വലിയ ജനപിന്തുണയും കാര്യശേഷിയുമുള്ള എംഎൽഎമാർ വരെ ഒലിച്ചുപോയി. പ്രചാരണങ്ങളിൽ ഉയർത്തിയ വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തു. പ്രചാരണ വിഷയങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് പെട്ടെന്ന് നിർമിച്ചവയല്ല. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ആവർത്തിച്ച് ഉന്നയിച്ച പ്രചാരണ വിഷയങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് മൂർച്ചകൂട്ടി പ്രയോഗിച്ചു. യുഡിഎഫിന്റെ പ്രൊപ്പഗാന്തകൾക്ക് ജൈവികതയും നൈസർഗികതയുമുണ്ടായിരുന്നു. സതീശന്റെ വിഷയാവതരണത്തിലെ വ്യക്തത, ആത്മവിശ്വാസം നിറഞ്ഞ ശരീരഭാഷ തുടങ്ങിയവയിലൂടെ പിണറായിക്ക് ബദലായ ഒരു നേതാവിനെ ജനം കാണുകയായിരുന്നു.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ അശ്ലീലതയായ ഗ്രൂപ്പ് രാഷ്ട്രീയം ഒരുപരിധിവരെ അവസാനിപ്പിക്കാൻ കഴിഞ്ഞ അഞ്ചു വർഷംകൊണ്ടു സാധിച്ചു. ആദ്യം പാർട്ടി എന്ന ചിന്ത അണികൾക്കുള്ളിൽ രൂപപ്പെട്ടു. അധികാരത്തിന്റെ കണക്കെടുപ്പിൽ നിർണായക ശക്തിയായ, ഒരുപക്ഷവുമില്ലാത്ത ജനങ്ങളും യുവാക്കളും സതീശനിൽ ട്രാൻസ്ഫോർമേഷൻ ലീഡർഷിപ്പ് കണ്ടു. വികാരങ്ങളുടെ ഭാഷ വിട്ടിട്ട് അയാൾ വസ്തുതകൾകൊണ്ടാണ് സംസാരിച്ചത്. ഏത് വിഷയത്തെയും കുറിച്ചു പഠിച്ചു പറഞ്ഞു. കൃത്യമായ സാങ്കേതിക പദങ്ങൾ ഉപയോഗിച്ചു.
രാഷ്ട്രീയത്തിൽ അക്കാദമിക് ശൈലി നിർമിച്ചു. കാഴ്ചകളേക്കാൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു. വൈവിധ്യമാർന്ന വിഷയങ്ങൾ സംസാരിച്ചു.
പേപ്പർലെസായിരുന്നു പ്രഭാഷണങ്ങൾ. ജനങ്ങളുടെ മുഖത്തു നോക്കി സംസാരിച്ചു. വിവാദങ്ങളേക്കാൾ നൂതനാശയങ്ങളായിരുന്നു പങ്കുവച്ചത്. ഇത്തരമൊരു സർഗാത്മകമായ രാഷ്ട്രീയമാണ് പുതിയ കാലത്തിനാവശ്യം.
കേരളത്തിന്റെ അബോധത്തിൽ ഒരു സോഷ്യലിസ്റ്റ് മനസുണ്ട്. സതീശന്റെ വിശകലനങ്ങളിൽ നെഹ്റുവിയൻ സോഷ്യലിസ്റ്റിന്റെ സവിശേഷതകൾ കാണാം. നെഹ്റു മുമ്പോട്ടുവച്ച സയന്റിഫിക് ടെമ്പർ, ചരിത്രപരത, മതേതര കാഴ്ചപ്പാട് ഇവയെല്ലാം ദൃശ്യമാണ്. പണ്ട് വിഎസിനുവേണ്ടി മുറവിളി കൂട്ടിയവരും അദ്ദേഹത്തെ തികഞ്ഞ സോഷ്യലിസ്റ്റായാണ് കണ്ടത്. വർഗസമരങ്ങളല്ല, ജീവിതസമരങ്ങളുടെ യാഥാർഥ്യങ്ങളിലാണ് ഈ സോഷ്യലിസം തുടങ്ങുകയും തുടരുകയും ചെയ്യുന്നത്.
പുതുതലമുറയെ സതീശന്റെ ശൈലി ആകർഷിച്ചു
വികാരരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. കുട്ടികൾ വളർന്ന് പൗരന്മാരായിക്കഴിഞ്ഞു. വസ്തുതകളിലൂടെ യുക്തിസഹമായി സംസാരിക്കുന്ന രാഷ്ട്രീയമാണ് അവർ ഇഷ്ടപ്പെടുന്നത്. വികാരങ്ങളുടെ സ്ഥാനത്ത് വസ്തുതകളെ നിരത്തുക, യുക്തിസഹമായി സംസാരിക്കുക, പ്രസ്ഥാനങ്ങളെ ശാസ്ത്രീയമായി പരിഷ്കരിക്കുക, ഡേറ്റകൾ അവതരിപ്പിക്കുക, വിശകലനം ചെയ്യുക, കമ്യൂണിക്കേഷൻ ഗ്യാപ്പുകൾ കുറയ്ക്കുക - കേരളത്തിൽ പരീക്ഷിച്ചു വിജയിച്ച മോഡൽ കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ ഉപയോഗിക്കാം. ഇനി വരാൻ പോകുന്നത് യുവതയുടെ പൊളിറ്റിക്സാണ്. വസ്തുതകളുടെ രാഷ്ട്രീയമാണത്. കൃത്യമായ കണക്കുകൂട്ടലുകളുടെയും കണക്കെടുക്കലുകളുടെ രാഷ്ട്രീയം.
പല നിറച്ചേലകൾ ചുറ്റിയ ഭാരതത്തെ ഒന്നിപ്പിച്ച കണ്ണിയാണ് കോൺഗ്രസ്. ഭാഷകളെയും സംസ്കാരങ്ങളെയും ഒരു കുടക്കീഴിൽ സംരക്ഷിച്ചു. പിന്നീട് ജനങ്ങൾക്കും പാർട്ടിക്കുമിടയിൽ വിള്ളലുകൾ വീണു. ജനപ്രിയ നേതാക്കൾ പാർട്ടി വിട്ടു. വിളറിയ ഏകാന്തനഗരങ്ങളിൽനിന്ന് മനുഷ്യർ ഇടതൂർന്നുവസിക്കുന്ന സുവർണ നഗരങ്ങളിലെത്താൻ ഗതകാല പ്രതാപത്തിന്റെ തുരുമ്പിച്ച താക്കോൽ മതിയാവില്ല. ഹിമമുടി തൊട്ട് കാൽമുനമ്പോളം വീണ്ടും ഒഴുകിപ്പരക്കണമെങ്കിൽ ജനമനസെന്ന ജനാധിപത്യത്തിന്റെ സങ്കീർണമായ പുസ്തകം തുറന്നുവച്ച് വായിക്കണം. നവീകരിക്കപ്പെടണം. രാഷ്ട്രീയം അക്കാദമികമായ ഒരു വ്യവഹാരമാണെന്ന് തിരിച്ചറിയണം. തിരിച്ചുവരാൻ സാധിക്കും. അതാണ് കേരളം പറയുന്നത്.
Kerala
ആലപ്പുഴ: കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കിയവർക്കുള്ള മറുപടിയാണ് ജനവിധിയെന്ന് മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി.സുധാകരൻ.
കുറെ പേരുടെ വകയാണ് സിപിഎമ്മെന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയായി.
ജനകീയ സ്വതന്ത്രനായാണ് താൻ മത്സരിച്ചത്. അതേ നിലയിൽ ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കാസര്ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കുമ്പോള് പൊതുവിതരണകേന്ദ്രങ്ങളില് അവശ്യസാധനങ്ങളെത്തിച്ച് സര്ക്കാര്. റേഷന്കടയില് നാലു വര്ഷത്തിലേറെയായി മുടങ്ങിക്കിടന്ന എപിഎല് കാര്ഡുടമകള്ക്കുള്ള ആട്ട വിതരണം ഇപ്പോള് പുനരാരംഭിച്ചിട്ടുണ്ട്.
കിലോയ്ക്ക് 17 രൂപ നിരക്കില് നാലു പായ്ക്കറ്റ് ആട്ട കാര്ഡുടമകള്ക്കു ലഭിക്കുന്നുണ്ട്. മണ്ണെണ്ണ വിതരണവും കുറച്ചു മാസങ്ങളായി കൃത്യമായി നടക്കുന്നുണ്ട്. ഏതാനും മാസം മുമ്പുവരെ പച്ചരിയും പുഴുക്കലരിയും മാത്രം വിതരണം ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തില്നിന്നാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്.
സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി നിരക്കില് വില്പന നടത്തുന്ന അരി, പഞ്ചസാര, ചെറുപയര്, കടല, ഉഴുന്ന്, വന്പയര്, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 14 ഇനം അവശ്യസാധനങ്ങളും ലഭ്യമാണ്. നിത്യോപയോഗസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും വിപണിയില് ഇടപെടാതെ കൈയും കെട്ടി നോക്കിനില്ക്കുന്നു എന്ന ആക്ഷേപം സിവില്സപ്ലൈസ് വകുപ്പ് ഏറെ നാളായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ക്രിസ്മസ്, വിഷു സീസണുകളില് പോലും സപ്ലൈകോ ഔട്ട്ലെറ്റുകളുടെ റാക്കുകള് ഒഴിഞ്ഞുകിടക്കുന്നത് പതിവായിരുന്നു. പഞ്ചസാര വിതരണം 10 മാസത്തോളം മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രവര്ത്തനമൂലധനം ഇല്ലാത്തതിനാല് കഴിഞ്ഞ മൂന്നു പ്രവര്ത്തനവര്ഷം തുടര്ച്ചയായി വാര്ഷിക വിറ്റുവരവ് കുത്തനെ ഇടിയുന്ന സ്ഥിതിവിശേഷവുമുണ്ടായി.
2021-22ല് 6,315 കോടിയായിരുന്നു കോര്പറേഷന്റെ വിറ്റുവരവ്. എന്നാല് 2022-23ല് 5,302 കോടിയിലേക്കും 2023-24ല് 4,271 കോടിയിലേക്കും 2024-25ല് 3,004 കോടിയിലേക്കും വ്യാപാരം കൂപ്പുകുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്നും കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് എംഎൽഎ.
ഇത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കോൺഗ്രസ് കരുതുന്നതാണ്. നേതാക്കൾക്കോ വിവിധ പാർട്ടി ഘടങ്ങൾക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ അതിന് നേതൃത്വത്തെ സമീപിക്കാവുന്നതാണ്. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാകാൻ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരുകൾ പൊതുജനങ്ങൾക്കു സൗജന്യങ്ങളും സബ്സിഡികളും പ്രഖ്യാപിക്കുന്നതിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരം നടപടികളുടെ ആത്യന്തിക ഭാരം നികുതിദായകരായ സാധാരണക്കാർ തന്നെ ചുമക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
സാന്പത്തിക വേർതിരിവില്ലാതെ സൗജന്യങ്ങൾ നൽകുന്നത് പ്രീണനമല്ലാതെ മറ്റൊന്നുമല്ലെന്നും രാജ്യത്തിന്റെ സാന്പത്തിക വികസനത്തിനു വെല്ലുവിളിയാണെന്നും കോടതി പറഞ്ഞു. വർധിച്ചുവരുന്ന വരുമാന കമ്മിക്കിടയിലും സർക്കാരുകളുടെ ഇത്തരം നടപടികൾ വർധിച്ചുവരുന്നതായും ബെഞ്ച് നിരീക്ഷിച്ചു.
2024ലെ വൈദ്യുതി ചട്ട ഭേദഗതിക്കെതിരേ തമിഴ്നാട് വൈദ്യുതിവിതരണ കന്പനി നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ജി, വിപുൽ പഞ്ചോലി എന്നിവരുടെ ബെഞ്ച് വിമർശനമുന്നയിച്ചത്. ഇത്തരത്തിൽ എത്രകാലം സൗജന്യ വാഗ്ദാനങ്ങൾ തുടരാൻ സാധിക്കുമെന്നും ഇത്തരം നടപടികൾ രാജ്യത്തിന്റെ ദീർഘകാല സാന്പത്തികവികസനത്തെ തടസപ്പെടുത്തുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരെ പിന്തുണയ്ക്കാൻ സർക്കാരിനു കടമയുണ്ട്. എന്നാൽ പൊതുവായി നൽകുന്ന സൗജന്യ ആനുകൂല്യങ്ങൾ ശരിയായ ലക്ഷ്യമാണോ നേടുന്നതെന്നും കോടതി ചോദിച്ചു.
തമിഴ്നാടുമായി ബന്ധപ്പെട്ട വിഷയമാണു കോടതി പരിഗണിച്ചെതെങ്കിലും തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്താകെ സൗജന്യങ്ങൾ നൽകുന്ന വിവിധ സംസ്ഥാനങ്ങൾക്കെതിരേയും രൂക്ഷഭാഷയിൽ കോടതി വിമർശനമുന്നയിച്ചു. രാജ്യത്താകെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഇതു പലപ്പോഴും തങ്ങളെ അസ്വസ്ഥരാക്കുന്നതായും കോടതി വ്യക്തമാക്കി.
Kerala
കോട്ടയം: അയ്യപ്പസംഗമത്തിന്റെ കണക്കുകള് സംബന്ധിച്ച് തെറ്റായ ആരോപണങ്ങള് നടത്തുന്ന കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
നിയമസഭയില് മൂന്ന് കോടി രൂപ തിരിച്ചടച്ചെന്ന് താന് പറഞ്ഞ് രേഖയുടെ അടിസ്ഥാനത്തിലാണെന്നും അത് തെറ്റാണെന്ന് തെളിയിച്ചാല് പ്രതിപക്ഷം പറയുന്ന പ്രായശ്ചിത്തത്തിന് തയാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ആഗോള അയ്യപ്പസംഗമത്തില് നിന്ന് അകറ്റി നിര്ത്തിയതാണ് കെ.സി. വേണുഗോപാല് ഉള്പ്പടെ കോണ്ഗ്രസ് നേതാക്കളെ വിഷമിപ്പിക്കുന്നത്. കെ.സി. വേണുഗോപാല് ദേവസ്വം വകുപ്പ് മന്ത്രിയായപ്പോഴാണ് പോറ്റി ശബരിമലയില് എത്തിയത്.
കോണ്ഗ്രസ് നേതാക്കളുടെ വിഷമം എല്ലാവര്ക്കും മനസിലാകും. അന്വേഷണം എത്തേണ്ടയിടത്ത് തന്നെ എത്തുന്നതോടെ അതും അവര്ക്ക് വിഷമമാകും. അന്വേഷണം ഭംഗിയായി നടക്കട്ടെ. നിയമസഭയില് താന് പറഞ്ഞ കാര്യം സംബന്ധിച്ച് തെറ്റായി പ്രസ്താവന നടത്തുന്ന കോണ്ഗ്രസ് നേതാക്കള് പൊതുസമൂഹത്തോട് മാപ്പുപറയണം.
നിയമസഭയില് പറഞ്ഞത് കൃത്യമായ രേഖയുടെ അടിസ്ഥാനത്തിലാണ്. താന് പറഞ്ഞ കാര്യം ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയാല് അവര് പറയുന്ന പ്രായശ്ചിത്തം ചെയ്യും. ദേവസ്വം ബോര്ഡിന്റെ ഒരു ക്രയവിക്രിയത്തിലും സര്ക്കാര് ഇടപെടുന്നില്ല. നിയമസഭയില് അവര്ക്ക് പറയാന് പറ്റാത്തതുകൊണ്ട് വകുപ്പ് മന്ത്രിയെ ഏല്പ്പിച്ചു. താന് അക്കാര്യം സഭയില് പറയുകയായിരുന്നു.
അയ്യപ്പസംഗമം വളരെ ഭംഗിയായി നടത്തുന്ന ഘട്ടത്തില് അവാസാന സമയത്താണ് ഒരു പാളി കാണാനില്ലെന്ന് പോറ്റിയുടെ വെളുപ്പെടുത്തല് ഉണ്ടായത്. അതിന് പിന്നാലെ രണ്ടാം ദിവസം നിയമസഭയില് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്കി.
കോടതിയുടെ പരിഗണനയില് ആയതിനാല് സ്പീക്കര് അനുമതി നിഷേധിച്ചു. പിന്നീട് വിജിലന്സ് അന്വേഷിച്ചപ്പോള് പോറ്റിയുടെ സഹോദരിയുടെ വീട്ടില് നിന്ന് കാണാതായ ആ പാളി കണ്ടെടുത്തു.
പോറ്റിയെ ഉപയോഗിച്ച് അയ്യപ്പസംഗമം പൊളിക്കാന് ഗൂഢാലോചന നടത്തിയത് അവര്ക്കെതിരെ തന്നെ തിരിച്ചുവരികയാണ്. അയ്യപ്പസംഗമം നടത്തിയതിൽ തങ്ങള്ക്കുള്ള സന്തോഷം സ്വര്ണക്കൊള്ള വെളിയില് വരാന് സഹായകമായെന്നാതാണ്. ഇല്ലെങ്കില് ഗോവര്ധനും പോറ്റിയും ഇപ്പോഴും ശബരിമലയില് വിരാജിക്കുമായിരുന്നെന്നും വാസവന് പറഞ്ഞു.
Kerala
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചതോടെ പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും. ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും.
പുതിയ ലേബർ കോഡുകൾ, ഇന്ത്യ - യുഎസ് വ്യാപാര കരാർ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയിലെയും വിമാനത്താവളങ്ങളിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
Kerala
കണ്ണൂര്: പൊതുസ്ഥലത്ത് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ പ്രതി പോലീസ് വാഹനത്തിന്റെയും ആശുപത്രിയിലെയും ഗ്ലാസ് തകർത്തു.
തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം ആണ് അറസ്റ്റിലായത്. പെണ്കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാര് തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതോടെ പ്രതി നാട്ടുകാരെ കൈയേറ്റം ചെയ്തു.
പിന്നീട് വളപട്ടണം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകര്ത്തു. പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറുടെ ക്യാബിനും ഇയാൾ തകര്ത്തു. പ്രതി നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ കെഎസ്യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു.
എഎസ്ഐ ശ്രീജിത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പള്ളിത്തോട്ടം സ്റ്റേഷനിലെ പോലീസുകാർക്കാണ് പരിക്കേറ്റത്.
National
മുംബൈ: നടൻ സഞ്ജയ് ദത്തിനെിരെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്വൽ നികം. 1993ൽ നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് ബന്ധമില്ലായിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായി പോലീസിനെ സഹായിക്കാൻ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്വൽ പറഞ്ഞു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ്ക്കെതിരെ ഉജ്വൽ രംഗത്തെത്തിയത്. സഞ്ജയ് ദത്തിന് ആയുധങ്ങളോട് ഭ്രമമാണ്. ആ ഭ്രമമാണ് എകെ-56 റൈഫിൾ കൈവശം വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അത് അധോലോക നേതാവ് അബു സലേം നൽകിയതാണെന്നും ഉജ്വൽ പറഞ്ഞു.
‘‘മുംബൈ സ്ഫോടനത്തിന് മുന്പ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലേം അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതിൽനിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.
സ്ഫോടനം നടക്കാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാൽ ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് പോലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങൾ നിറഞ്ഞ ടെമ്പോയെക്കുറിച്ച് അദ്ദേഹം അപ്പോൾ തന്നെ വിവരം നൽകിയിരുന്നെങ്കിൽ പോലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവർ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനത്തെ കുറിച്ച് അറിയില്ലെങ്കിലും ആയുധങ്ങളെക്കുറിച്ച് അറിയിച്ചാൽ ദുരന്തം ഒഴിവാക്കാമായിരുന്നു’’– ഉജ്വൽ പറഞ്ഞു.