കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കുമ്പോള് പൊതുവിതരണകേന്ദ്രങ്ങളില്‍ അവശ്യസാധനങ്ങളെത്തിച്ച് സര്‍ക്കാര്‍. റേഷന്‍കടയില്‍ നാലു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്ന എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള ആട്ട വിതരണം ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.
കിലോയ്ക്ക് 17 രൂപ നിരക്കില്‍ നാലു പായ്ക്കറ്റ് ആട്ട കാര്‍ഡുടമകള്‍ക്കു ലഭിക്കുന്നുണ്ട്. മണ്ണെണ്ണ വിതരണവും കുറച്ചു മാസങ്ങളായി കൃത്യമായി നടക്കുന്നുണ്ട്. ഏതാനും മാസം മുമ്പുവരെ പച്ചരിയും പുഴുക്കലരിയും മാത്രം വിതരണം ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തില്‍നിന്നാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്.
സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി നിരക്കില്‍ വില്പന നടത്തുന്ന അരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 14 ഇനം അവശ്യസാധനങ്ങളും ലഭ്യമാണ്. നിത്യോപയോഗസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും വിപണിയില്‍ ഇടപെടാതെ കൈയും കെട്ടി നോക്കിനില്ക്കുന്നു എന്ന ആക്ഷേപം സിവില്‍സപ്ലൈസ് വകുപ്പ് ഏറെ നാളായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ക്രിസ്മസ്, വിഷു സീസണുകളില്‍ പോലും സപ്ലൈകോ ഔട്ട്ലെറ്റുകളുടെ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പതിവായിരുന്നു. പഞ്ചസാര വിതരണം 10 മാസത്തോളം മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രവര്‍ത്തനമൂലധനം ഇല്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നു പ്രവര്‍ത്തനവര്‍ഷം തുടര്‍ച്ചയായി വാര്‍ഷിക വിറ്റുവരവ് കുത്തനെ ഇടിയുന്ന സ്ഥിതിവിശേഷവുമുണ്ടായി.
2021-22ല്‍ 6,315 കോടിയായിരുന്നു കോര്‍പറേഷന്റെ വിറ്റുവരവ്. എന്നാല്‍ 2022-23ല്‍ 5,302 കോടിയിലേക്കും 2023-24ല്‍ 4,271 കോടിയിലേക്കും 2024-25ല്‍ 3,004 കോടിയിലേക്കും വ്യാപാരം കൂപ്പുകുത്തിയിരുന്നു.
Tags : Election gimmick election approaching essential supplies public distribution Ration shope supplyco