NRI
ഇല്ലിനോയ്: അമേരിക്കയിലെ ഇല്ലിനോയിയിൽ യുവതിയും രണ്ട് വയസുകാരനായ മകനും കൊല്ലപ്പെട്ടു. ജെറമിയ ഡങ്കൻ എന്നയാളാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയ്ക്ക് പിന്നിൽ.
ഇരുപതുകാരിയായ ഹെവൻ ജെ. വുഡ് എന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം, ഇവരുടെ രണ്ട് വയസ്സുള്ള മകൻ കെ.ജെ. ഡങ്കൻ വുഡിനെ കാറിനുള്ളിലിട്ട് തീവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും അഗ്നിശമന സേനയും കാറിലെ തീ അണച്ചെങ്കിലും കുട്ടി ഇതിനോടകം വെന്തുമരിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും ഹെവൻ ജെ. വുഡിന്റെ വെടിയേറ്റ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ പ്രതി ജെറമിയ ഡങ്കനെ പൊലിസ് പിന്നീട് പിടികൂടി.
തീപിടിത്തത്തിനിടയിൽ പൊള്ളലേറ്റ പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Sports
നഗോയ: തെറ്റാത്ത ഉന്നവുമായി ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ സ്വര്ണവേട്ട. അമ്പെയ്ത്തില് മൂന്നും ഷൂട്ടിംഗില് ഒന്നുമടക്കം ഇന്നലെ ഉന്നം കൃത്യമാക്കി ഇന്ത്യ നേടിയത് നാലു സ്വര്ണം. കോംബോണ്ട് ഇനങ്ങളിലായിരുന്നു (പുരുഷ ടീം, വനിതാ ടീം, മിക്സഡ്) മൂന്നു സ്വര്ണം.
വനിതാ ടീം കോംബോണ്ടില് ചികിത തനിപര്ത്തി, ജ്യോതി സുരേഖ വെണ്ണം, പ്രിതിക പ്രദീപ് എന്നിവരടങ്ങിയ ടീമാണ് സ്വര്ണത്തിലേക്ക് അമ്പെയ്തത്. സ്വര്ണ പോരാട്ടത്തില് ചൈനയെ 234-238ന് ഇന്ത്യന് ടീം തോല്പ്പിച്ചു. 229-228നു ചൈനീസ് തായ്പേയിയെ കീഴടക്കി ദക്ഷിണകൊറിയ വെങ്കലം സ്വന്തമാക്കി. ദക്ഷിണകൊറിയയെ സെമിയില് തോല്പ്പിച്ചായിരുന്നു (234-233) ഇന്ത്യയുടെ ഫൈനല് പ്രവേശം.
പുരുഷ ടീം കോംബോണ്ടില് കുശാല് ദലാല്, സഹില് ജാദവ്, ടി.ജി. മണിരത്നം എന്നിവരടങ്ങിയ ടീമാണ് ഉന്നംതെറ്റാതെ സ്വര്ണം കരസ്ഥമാക്കിയത്. ഉജ്വല പോരാട്ടത്തിലൂടെ 238-237ന് ചൈനയെ തോല്പ്പിച്ച് ഇന്ത്യന് പുരുഷന്മാര് ജേതാക്കളായി. സെമിയില് കൊറിയയെ മറികടന്നായിരുന്നു (236-229) ഇന്ത്യന് ടീം ഫൈനലില് പ്രവേശിച്ചത്.
കോംബോണ്ട് മിക്സഡ് ടീം ഫൈനലില് ദക്ഷിണകൊറിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്. ഇന്ത്യക്കായി ചികിത തനിപര്ത്തി, സഹില് ജാദവ് എന്നിവര് അമ്പും വില്ലും കൈയിലേന്തി. ദക്ഷിണകൊറിയയ്ക്കായി പാര്ക്ക് ജംഗ് യോണും ചോയി യോങ്ഹിയുമായിരുന്നു മത്സരിച്ചത്. ആവേശകരമായ ഫൈനല് പോരാട്ടം 157-157നു ടൈ. അതോടെ മത്സരം ഷൂട്ട്-ഓഫിലേക്കു നീണ്ടു. ഷൂട്ട്-ഓഫില് 20-19ന്റെ ജയത്തോടെ ഇന്ത്യന് സഖ്യം സ്വര്ണത്തില് മുത്തമിട്ടു. തായ്ലന്ഡിനെ സെമിയില് കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലില് പ്രവേശിച്ചത്. സ്കോര്: 156-155.
ചികിത, സഹില് ഇരട്ട സ്വര്ണത്തിൽ
മണിക്കൂറുകളുടെ വ്യത്യാസത്തില് ചികിത തനിപര്ത്തിയും സഹില് ജാദവും അമ്പെയ്ത്തില് ഇരട്ടസ്വര്ണം കരസ്ഥമാക്കി. തെലുങ്കാന സുല്ത്താന്പുര് സ്വദേശിനിയാണ് ഇരുപത്തൊന്നുകാരിയായ ചികിത. 2026 ഏഷ്യ കപ്പില് മിക്സഡ് ടീം ഇനത്തില് സ്വര്ണം നേടിയിരുന്നു. 2026 ലോകകപ്പില് വെള്ളി നേടിയ ടീമിന്റെയും ഭാഗമായിരുന്നു ചികിത.
മഹാരാഷ്ട്ര സത്താറ സ്വദേശിയാണ് ഇരുപത്തഞ്ചുകാരനായ സഹില് ജാദവ്. 2025 ലോക യൂണിവേഴ്സിറ്റി ഗെയിംസില് സ്വര്ണം, 2026 ലോകകപ്പില് വെങ്കലം, 2025 ഏഷ്യന് ചാമ്പ്യന്ഷിപ്പില് ടീം ഇനത്തില് വെള്ളി തുടങ്ങിയ നേട്ടങ്ങള് സ്വന്തമാക്കിയിട്ടുണ്ട്.
Kerala
നഗോയ: ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് അഞ്ചാം സ്വര്ണം. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില് നീരു ധണ്ഡ സ്വര്ണം വെടിവച്ചുനേടി. ഏഷ്യന് റിക്കാര്ഡ് കുറിച്ചാണ് നീരുവിന്റെ സുവര്ണ നേട്ടം എന്നതും ശ്രദ്ധേയം. ഇരുപത്താറുകാരിയായ ഈ ഹരിയാന സ്വദേശി ഏഷ്യന് ഗെയിംസില് ആദ്യമായാണ് സ്വര്ണം നേടുന്നത്. 2025 ഏഷ്യന് ചാമ്പ്യന്ഷിപ്പ്, 2026 ലോകകപ്പ് എന്നീ പോരാട്ടങ്ങളിലും സ്വര്ണം സ്വന്തമാക്കിയിട്ടുണ്ട്.
ഫൈനലില് 28 പോയിന്റ് നേടിയാണ് നീരു ഏഷ്യന് റിക്കാര്ഡ് കുറിച്ചത്. ചൈനീസ് തായ്പേയിയുടെ ലിയു വാന് യൂസിന്റെ (24) പേരിലെ റിക്കാര്ഡാണ് നീരു മായ്ച്ചു കളഞ്ഞത്. ചൈനയുടെ യുനോംഗ് സണ്ണിനാണ് (26) വെള്ളി. കുവൈറ്റിന്റെ ഹജാര് അബ്ദുള്മാലിക്ക് (21) വെങ്കലം സ്വന്തമാക്കി.
ചരിത്രസ്വര്ണം
ഏഷ്യന് റിക്കാര്ഡോടെയാണ് നീരുവിന്റെ സ്വര്ണം എന്നതിലുപരി, ഗെയിംസ് ചരിത്രത്തില് വനിതാ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില് ഇന്ത്യക്കായി സ്വര്ണം നേടുന്ന ആദ്യ താരമെന്ന ചരിത്രവും നീരു ധണ്ഡ സ്വന്തമാക്കി. ഏഷ്യന് ഗെയിംസ് ചരിത്രത്തില് ഇതുവരെയായി അഞ്ച് ഇന്ത്യന് പുരുഷ താരങ്ങള് വ്യക്തിഗത മെഡല് നേടിയിട്ടുണ്ട്. 1978ല് രണ്ധീര് സിംഗ് സ്വര്ണം നേടിയതാണ് ഇതില് പ്രധാനം. രണ്ധീര് സിംഗ് 1982ല് വെങ്കലവും സ്വന്തമാക്കിയിരുന്നു. കര്ണി സിംഗ് (1974, വെള്ളി), മാനവ്ജിത് സിംഗ് സന്ധു (2006, വെള്ളി), ലക്ഷയ് ഷിയോറന് (2018, വെള്ളി), കൈനന് ചെനായി (2022, വെങ്കലം) എന്നിവരാണ് ഈയിനത്തില് വ്യക്തിഗത മെഡല് നേടിയ മറ്റു താരങ്ങള്.
സ്വര്ണവും വെള്ളിയും
സ്വര്ണത്തിനു മുമ്പ്, ഇന്നലെ രാവിലെ വെള്ളിയിലും നീരു മുത്തമിട്ടു. നീരു ധണ്ഡ, ആഷിമ അഹ് ലാവത്, മനീഷ കീര് എന്നിവരുടെ വനിതാ ട്രാപ്പ് ടീമാണ് വെള്ളിയിലേക്കു തെറ്റാതെ ഉന്നംവച്ചത്. ഫൈനലില് 328 പോയിന്റ് നേടിയായിരുന്നു ഇന്ത്യന് വനിതാ ടീമിന്റെ മെഡൽ നേട്ടം. 346 പോയിന്റുമായി ചൈന സ്വര്ണവും 325 പോയിന്റുമായി കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.
2018 ഏഷ്യൻ ഗെയിംസിലെ സ്വപ്നം
2018 ഏഷ്യന് ഗെയിംസില് ലക്ഷയ് ഷിയോറന് വെള്ളി നേടിയതാണ് നീരുവിനെ ട്രാപ്പ് ഷൂട്ടിംഗിലേക്ക് ആകര്ഷിച്ചത്. നീരുവിന്റെ മാതൃസഹോദര പുത്രനാണ് ലക്ഷയ്. 2018 ജക്കാര്ത്ത ഗെയിംസിലായിരുന്നു ലക്ഷയ്യുടെ വെള്ളി നേട്ടം. അതോടെ വീട്ടിലെ ഡബിള് ബാരല് തോക്കുമായി, വീപ്പകളിലേക്ക് ഉന്നംവച്ച് നീരു ഷൂട്ടിംഗ് ആരംഭിച്ചു. ലക്ഷയ്യുടെ തോക്കുമായി പിന്നീട് പരിശീലനം. മധ്യപ്രദേശ് അക്കാദമിയിലേക്കു സെലക്ഷന് ലഭിച്ചതോടെ പിന്നീടെല്ലാം സുഗമമായി.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ഇഷാ സിംഗിന് വെള്ളി. വനിതകളുടെ 25 മീറ്ററിലാണ് ഇഷാ സിംഗ് വെള്ളി നേടിയത്. ഷൂട്ട് ഓഫിലാണ് ഇഷയ്ക്ക് സ്വർണം നഷ്ടപ്പെട്ടത്.
38 പോയിന്റാണ് ഇഷയ്ക്ക് ലഭിച്ചത്. 38 പോയിന്റ് തന്നെ നേടിയ ചൈനീസ് താരം ജിയാറൂയ്സുവാൻ ഷൂട്ട് ഓഫിൽ ഇഷയെ മറികടന്ന് സ്വർണം നേടി. ഉത്തര കൊറിയൻ താരം ഹ്യോൻ സുക്ക് കിം ആണ് വെങ്കലം നേടിയത്.
ഈ ഗെയിംസിലെ ഇന്ത്യയുടെ 17-ാം വെള്ളിയാണ് ഇഷ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 39 ആയി.
National
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് വെടിവയ്പുകളിൽ 27 പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജോഹന്നാസ്ബർഗിന് സമീപമുള്ള വെഡെല ടൗൺഷിപ്പിലെ ബാറിലാണ് ആദ്യ ആക്രമണമുണ്ടായത്. എകെ-47 റൈഫിളുകളും പിസ്റ്റളുകളുമായെത്തിയ എട്ടംഗ സംഘം നടത്തിയ വെടിവയ്പിൽ 17 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളുകളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചാണ് അക്രമികൾ രക്ഷപ്പെട്ടത്.
ഇതിന് നാല് മണിക്കൂറിനു ശേഷം കേപ് ടൗണിന് സമീപമുള്ള ല്വാണ്ട്ലെ ടൗൺഷിപ്പിലെ കടയിലുണ്ടായ രണ്ടാമത്തെ വെടിവയ്പിൽ 10 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികൾക്കായുള്ള തെരച്ചിൽ പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്. അഞ്ച് ദിവസം മുൻപ് ഡർബന് സമീപമുണ്ടായ സമാനമായ ആക്രമണത്തിൽ ഗർഭിണിയുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു.
Sports
നഗോയ: ഇരുപതാമത് ഏഷ്യന് ഗെയിംസില് ഇന്ത്യക്കിന്നലെ സുവര്ണ വെള്ളി. ഒരു സ്വര്ണം, രണ്ടു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ ആറു മെഡല് ഇന്നലെ ഇന്ത്യന് താരങ്ങള് സ്വന്തമാക്കി. 2026 ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ രണ്ടാമത് സ്വര്ണമാണ് ഇന്നലെ പിറന്നത്. ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീമാണ് ആദ്യ സ്വര്ണത്തിന്റെ ഉടമകള്.
സുവര്ണ വെടിമുഴക്കം
ഷൂട്ടിംഗ് റേഞ്ചില്നിന്നായിരുന്നു ഇന്നലെ സുവര്ണ വെടിമുഴക്കം കേട്ടത്. മിക്സഡ് 10 മീറ്റര് എയര് പിസ്റ്റള് ടീം ഇനത്തില് ഇന്ത്യയുടെ കമല്ജീത്, സുരുചി സിംഗ് എന്നിവര് സ്വര്ണത്തില് മുത്തമിട്ടു. ദക്ഷിണകൊറിയന് ടീമിനെ തോല്പ്പിച്ച് ഏഷ്യന് റിക്കാര്ഡ് കുറിച്ചാണ് കമല്ജീത്-സുരുചി സഖ്യം ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. 484.6 പോയിന്റ് ഇവര് ഫൈനലില് കുറിച്ചു. കൊറിയയുടെ സുഹ്യോന് ഹോങ് - ഗയൂന് ചൂ സഖ്യം 478.0 പോയിന്റുമായി വെള്ളി സ്വന്തമാക്കി.
വനിതാ ഗുസ്തിയിലൂടെയാണ് സുരുചി കായിക മേഖലയിലേക്ക് എത്തിയത്. പിന്നീട് ഷൂട്ടിംഗ് റേഞ്ചിലെ സൂപ്പര് താരമായി മാറുകയായിരുന്നു. പരിക്കിനെത്തുടര്ന്നു ട്രാക്ക് ആന്ഡ് ഫീല്ഡ് ഇനത്തില്നിന്നു പിന്മാറി ഷൂട്ടിംഗിലെത്തിയ കമല്ജീത്, തുടക്ക കാലങ്ങളില് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടെന്നതും ചരിത്രം.
ഷൂട്ടിംഗില് വെള്ളിയും
ഷൂട്ടിംഗ് റേഞ്ചില്നിന്ന് ഇന്നലെ സ്വര്ണത്തിനു പിന്നാലെ വെള്ളിയും എത്തി. 50 മീറ്റര് റൈഫിള് ത്രീ പൊസിഷന് ടീം ഇനത്തിലായിരുന്നു വെള്ളി. ഐശ്വരി സിംഗ് തോമര്, നീരജ് കുമാര്, രുദ്രാന്ഷ് പാട്ടീല് എന്നിവരടങ്ങിയ ടീമാണ് വെള്ളി വെടിവച്ചിട്ടത്.
ഇതോടെ 2026 ഏഷ്യന് ഗെയിംസില് ഷൂട്ടിംഗ് റേഞ്ചില്നിന്ന് ഇന്ത്യ ഒരു സ്വര്ണം, അഞ്ചു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ 10 മെഡല് സ്വന്തമാക്കി. 2022ല് ഏഴു സ്വര്ണം, ഒമ്പതു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 22 മെഡല് ഉണ്ടായിരുന്നു.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഷൂട്ടിംഗിലാണ് സുവർണനേട്ടം കരസ്ഥമാക്കിയത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഷൂട്ടിൽ സുരുചി-കമൽജിത്ത് സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്.
ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. ഐശ്വര്യ പ്രതാപ് സിംഗ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ നേടിയത്. മത്സരത്തിൽ 589 പോയിന്റോടെ പ്രതാപ് സിംഗ് ടോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത ഫൈനലിനും യോഗ്യത നേടി.
ഇതിനിടെ സ്ക്വാഷിലും ടേബിൾ ടെന്നീസിലും ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി. ഹോങ്കോംഗ് ജോഡിയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. അതേസമയം മിക്സഡ് ഡബിൾസിലെ മറ്റൊരു ജോഡിയായ ഹർമീത് ദേസായിയും യശ്വസിനിയും ക്വാർട്ടറിൽ ചൈനയോട് പരാജയപ്പെട്ടു.
Movies
മനോജ് കെ.ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത് ചവറ തെക്കുംഭാഗം സെന്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് ഷൂട്ടിംഗിന് തുടക്കം കുറിച്ചത്. പള്ളിവികാരി ഫാ. ജോർജ് സെബാസ്റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
തേജാലക്ഷ്മി ആദ്യമായി അഭിനയിക്കുന്ന ചിത്രം റെജി പ്രഭാകരനാണ് സംവിധാനം ചെയ്യുന്നത്. ടി.എ.റസാഖിന്റെ തിരക്കഥയിൽ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമൻ.
ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്., മുനീർ അറയ്ക്കൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകന്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി കൃഷ്ണയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുധീർ കരമന, പത്മരാജ് രതീഷ്, ഇർഷാദ്, രഘുനാഥ് പലേരി, സുനിൽ സുഖദ, ടി.പി. കുഞ്ഞികൃഷ്ണൻ, സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, സൂര്യ ദാസ്, മീരാ നായർ, കുടശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ്.
കഥ- സനു ഭാസ്കർ. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം - രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ, പശ്ചാത്തല സംഗീതം-റോണി റാഫേൽ, ഛായാഗ്രഹണം. പ്രദീപ് നായർ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്. കലാസംവിധാനം- അർക്കൻ .എസ്. കർമ്മ. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യൂം ഡിസൈൻ _ ഇന്ദൻസ് ജയൻ, കോ - ഡയറക്ടർ - ഹാരിസൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസോസിയേറ്റ്ഡയറക്ടർ- ശരത്. സഹസംവിധാനം - അനീഷ് കാട്ടിക്കോ, രാജേഷ് ആർ. റിസ്വാൻ. കാസ്റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ.പ്രൊഡക്ഷൻ എക്സികുട്ടീവ് -രാജേഷ് തങ്കപ്പൻ. പ്രൊഡക്ഷൻ കൺട്രോളർ - ഹരിവെഞ്ഞാറമൂട്. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം - പൂർത്തിയാകും. വാഴൂർ ജോസ്
International
ഡർബൻ: ദക്ഷിണാഫ്രിക്കയിലുണ്ടായ വെടിവയ്പിൽ 11 പേർ മരിക്കുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചതിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നു.
ഡർബൻ നഗരത്തിനടുത്ത് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 13 പുരുഷന്മാരും ഒരു സ്ത്രീയും പാർട്ടി ആഘോഷം നടത്തിയ വീട്ടിൽ മൂന്നു പേർ അതിക്രമിച്ചുകയറി വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റവരിൽ പലരും പോലീസിന്റെ നിരീക്ഷണത്തിലിരുന്നവരാണ്. അതേസമയം വെടിയുതിർത്തവരെക്കുറിച്ചു വിവരമില്ല. എന്തിന്റെ പേരിലാണ് വെടിവച്ചതെന്നും വ്യക്തമല്ല.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. വനിതകളുടെ സ്കീറ്റ് ടീം ഇനത്തിൽ മഹേശ്വരി ചൗഹാൻ, പരീനാസ് ധാലിവാൾ, റൈസ ധില്ലൻ എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി.
മൂന്ന് ദിവസം നീണ്ടുനിന്ന യോഗ്യതാ റൗണ്ടുകൾക്കൊടുവിൽ 331 പോയിന്റോടെയാണ് ഇന്ത്യൻ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ ചൈന 357 പോയിന്റോടെ സ്വർണവും കസാഖിസ്താൻ 336 പോയിന്റോടെ വെള്ളി മെഡലും നേടി.
വ്യക്തിഗത പ്രകടനത്തിൽ, പരീനാസ് ധാലിവാളും റൈസ ധില്ലനും 111 പോയിന്റുകൾ വീതം നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ മഹേശ്വരി ചൗഹാൻ 109 പോയിന്റുകൾ നേടി. യോഗ്യതാ റൗണ്ടിൽ റൈസ എട്ടാം സ്ഥാനത്തും പരീനാസ് ഒൻപതാം സ്ഥാനത്തും ഫിനിഷ് ചെയ്ത് വനിതാ സ്കീറ്റ് വ്യക്തിഗത ഇനത്തിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.
ഈ നേട്ടത്തോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം എട്ടായി ഉയർന്നു. ഷൂട്ടിംഗ് റെയ്ഞ്ചിൽ നിന്ന് മാത്രം നാല് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
Movies
നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അസീസ് നെടുമങ്ങാടാണ് നായകൻ.
രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനോ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നത്.
നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുവാൻ പളനിയിലേക്ക് ഒരു തീർത്ഥയാത്ര തിരിക്കുന്നു. ആ യാത്രയിൽ മോഹിച്ചുപിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യരൂപേണെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാര പിള്ള, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു .
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ. കലാ സംവിധാനം - മകേഷ് മോഹനൻ. മേക്കപ്പ് -സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യൂം -അരവിന്ദ് കെ.ആർ. സൗണ്ട് മിക്സിംഗ് -എം.ആർ. രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ -ആശിഷ് ജോസ് ഇല്ലിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് -കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്. പി.ആർ. ഓ- വാഴൂർ ജോസ്. സ്റ്റിൽസ്- വിഷ്ണു ആർ. ഗോവിന്ദ്. ഡിസൈൻസ് - യെല്ലോടൂത്ത്. മാർക്കറ്റിംഗ് - ഒപ്ര.
Sports
നഗോയ: ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിൽ ഇന്ത്യയ്ക്ക് സമ്മിശ്ര തുടക്കം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കർ 579 പോയിന്റോടെ നാലാം സ്ഥാനക്കാരിയായി വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി.
മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന മനു ഭാക്കർ ആറാം സീരീസിൽ 98 പോയിന്റുകൾ മികച്ച തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഇന്ത്യ സ്വർണമെഡൽ ഉറപ്പിച്ചിരുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ തിരിച്ചടി നേരിട്ടതോടെ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല.
Sports
നഗോയ: ഏഷ്യൻ ഗെയിംസിലെ വെള്ള മെഡൽ നേട്ടം എട്ട് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദ്. സാമ്പത്തികമായി വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 2023-24 കാലത്ത് ഷൂട്ടിംഗ് ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു. പക്ഷേ, ലക്ഷ്യത്തിൽ നിന്ന് പിന്മാറിയില്ലെന്നും വിദര്ശ പറഞ്ഞു. ടീമിന് മികച്ച രീതിയിൽ പ്രകടനം നടത്താനായന്നും വിദര്ശ പറഞ്ഞു.
കേരളത്തിൽ മികച്ച പരിശീലനം ലഭിക്കുന്നില്ലെന്ന വിഷമവും വിദര്ശ പങ്കുവച്ചു. ഷൂട്ടിങ് താരങ്ങൾക്ക് ഒരുപാട് അവസരം ഉണ്ട്. പക്ഷേ, പ്രാക്ടീസ് ഇല്ലെങ്കിൽ കൃത്യമായി ഷോട്ട് എടുക്കാൻ സാധിക്കില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് പല താരങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിൽ മികച്ച പരിശീലന സൗകര്യങ്ങൾ വേണമെന്നും വിദര്ശ പറഞ്ഞു.
മെഡൽ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട്. വെള്ളി മെഡലിന്റെ സന്തോഷത്തിനിടയിലും പോഡിയത്തിൽ ദേശീയഗാനം കേൾക്കാനാകാത്തതിൽ നിരാശയുണ്ടെന്ന് താരം പ്രതികരിച്ചു. അടുത്ത മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി പോഡിയത്തിൽ ദേശീയ ഗാനം കേൾപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദര്ശ. സെപ്റ്റംബർ 26ന് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് വിദർശയുടെ അടുത്ത മത്സരം.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. ഷൂട്ടിംഗിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ഹിമാൻഷു ധില്ലൻ, പാർത്ത് മാനെ, രുദ്രാൻക്ഷ് പാട്ടിൽ എന്നിവരടങ്ങിയ സംഘം തകർപ്പൻ പോരാട്ടത്തിനൊടുവിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
1890.1 ആണ് ഇന്ത്യയുടെ സ്കോർ. ഈ ഗെയിംസിൽ ഷൂട്ടിംഗിൽ മാത്രം ഇന്ത്യ നേടുന്ന മൂന്നാം വെള്ളിയാണിത്. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും, വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ഇന്ത്യൻ താരം എളവേനിൽ വാളറിവൻ വെള്ളി മെഡലുകൾ നേടിയിരുന്നു.
ഇതിനുപുറമേ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും രുദ്രാൻക്ഷ്, ഹിമാൻഷു എന്നിവർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഷൂട്ടിംഗിന് പുറമെ മിക്സഡ് മാർഷ്യൽ ആർട്സിലും (എംഎംഎ) ഇന്ത്യ മെഡൽ നേട്ടം ആവർത്തിച്ചു. സെമിഫൈനലിൽ പരാജയപ്പെട്ടെങ്കിലും സുചിത തരിയൽ വെള്ളി മെഡൽ കരസ്ഥമാക്കി.
Sports
നഗോയ: ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളിത്തിളക്കവും മലയാളികൾക്ക് അഭിമാന നിമിഷവും പിറന്നു. ഇന്നലെ ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ ഇന്ത്യൻ സംഘം സ്വന്തമാക്കി. മലയാളി താരം വിദർശ വിനോദ് അടങ്ങുന്ന ടീം വെള്ളി മെഡൽ നേടി ഈ വർഷത്തെ ഗെയിംസ് കുതിപ്പിന് തുടക്കമിട്ടു.
ഹോക്കിയിൽ പുരുഷ- വനിതാ ടീം വന്പൻ ജയം നേടി മുന്നേറി. വനിത ക്രിക്കറ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ കടന്നു. പി.വി. സിന്ധു അടങ്ങുന്ന ബാഡ്മിന്റണ് ടീമും മുന്നേറുകയാണ്. വുഷുവിൽ നിരാശയുടെ ദിനമായി മാറിയപ്പോൾ മിക്സഡ് മാർഷ്യൽ ആർട്സ് വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ സുചിക തൈര്യൽ സെമിഫൈനലിലേക്ക്
മുന്നേറിയതോടെ ഇന്ത്യക്ക് മറ്റൊരു മെഡൽ ഉറപ്പായി.
രണ്ടാം ദിവസമായ ഇന്നലെ ഇന്ത്യ രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കി. 10 മീറ്റർ ഷൂട്ടിംഗ് ടീം ഇനത്തിലും സിംഗിൾസ് വിഭാഗത്തിലുമായിരുന്നു നേട്ടം. പുരുഷന്മാരുടെ ട്രയാത്ലണിൽ വിജയിച്ച് ജപ്പാന്റെ ടാകുമി ഹോജോ ഗെയിംസിലെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി.
വെള്ളിയിൽ മിന്നി
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് ഇന്ത്യ മെഡൽ വേട്ടയ്ക്ക് ഇത്തവണ തുടക്കമിട്ടത്. ഇളവേനില് വാളറിവേന്, മലയാളി താരം വിദർശ വിനോദ്, സോനം മസ്കർ എന്നിവരടങ്ങിയ ടീമാണ് ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കരസ്ഥമാക്കിയത്.
ഇന്ത്യൻ സംഘം ആകെ 1898.0 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 1904.2 എന്ന റിക്കാർഡ് സ്കോറോടെ ഒന്നാം സ്ഥാനം നേടിയ ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ വെങ്കലം നേടി.
ഇളവേനില് ഡബിൾ
ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഇളവേനില് വാളറിവേന് വെള്ളി നേടി. അവസാന നിമിഷം വരെ മുന്നിലുണ്ടായിരുന്ന ഇളവേനിലിന് ഒടുവിൽ ജപ്പാന് താരത്തിന് മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 252.4 പോയന്േറാടെയാണ് താരം വെള്ളി നേടിയത്. 253.0 പോയന്റുമായി ജപ്പാന്റെ ഹിനാറ്റ തായ്ചി സ്വർണമെഡൽ സ്വന്തമാക്കി. ദക്ഷിണ കൊറിയയുടെ ബാൻ ഹയോജിനാണ് വെങ്കലം.
നേരത്തേ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ടീമില് ഇളവേനില് അംഗമായിരുന്നു.
വുഷുവിൽ നിരാശ
വുഷു പുരുഷ - വനിതാ ഫൈനൽ പോരാട്ടങ്ങളിൽ ഇന്ത്യക്ക് തോൽവി. പുരുഷ ചങ്ക്വാൻ വിഭാഗം ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ സൂരജ് സിംഗ് 11-ാം സ്ഥാനമാണ് നേടിയത്. 75 കിലോ വിഭാഗത്തിൽ മത്സരിച്ച വിക്രന്ത് വാലിയൻ ഇറാൻ താരത്തോട് തോറ്റു.
വനിതകളുടെ 52 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ അപർണ ഇറാൻ താരത്തിന് മുന്നിൽ തോൽവി വഴങ്ങി.
ടെക്ബോൾ മിക്സഡ് ഡബിൾസിലും ഇന്ത്യക്ക് വെങ്കലം നഷ്ടമായി. ക്വിംസി ഡിസൂസ-മുഹമ്മദ് അനസ് സഖ്യമാണ് തോറ്റത്. വിയറ്റ്നാം സഖ്യമാണ് വെങ്കല മെഡൽ നേടിയത്.
International
മനില: ഫിലിപ്പീൻസിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ ആക്രമണം നടത്തിയ പതിനാറുകാരൻ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ എട്ടു വിദ്യാർഥികളിൽ നാലു പേരുടെ നില ഗുരുതരമാണ്.
ഫിലിപ്പീൻസിന്റെ തെക്കുള്ള ബാംഗ എന്ന പട്ടണത്തിലായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനുശേഷമാണ് വിദ്യാർഥി വെടിയുതിർത്തത്. തുടർന്ന് സ്വയം വെടിവച്ചു മരിച്ചു.
ജൂണിലും ഓഗസ്റ്റിലും ഫിലിപ്പീൻസിലെ സ്കൂളുകളിൽ രണ്ടു വെടിവയ്പു സംഭവങ്ങളുണ്ടായിരുന്നു.
Movies
സിനിമാ ചിത്രീകരണത്തിനിടെ നടന് ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില് വച്ചാണ് സംഭവം.മുഖത്ത് സാരമായി മുറിവേറ്റ ഷറഫുദ്ദീനെ മൈസൂരുവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
സംഘട്ടന രംഗത്തിനിടെ കത്തികൊണ്ടാണ് മുറിവേറ്റത്. ജിതേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് താരം മൈസൂരുവിലെത്തിയത്.
ഷറഫുദ്ദീനും അലൻ ബിൻ സിറാജുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നരിവേട്ടയ്ക്ക് ശേഷം ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.
International
ബാങ്കോക്ക്: കിഴക്കൻ തായ്ലൻഡിൽ നഴ്സറിയിലുണ്ടായ വെടിവയ്പിൽ അധ്യാപിക മരിച്ചു. ഇവരുടെ ഭർത്താവാണ് വെടിയുതിർത്തതെന്നു സംശയിക്കുന്നു.
ചോർബുരി പ്രവിശ്യയിലെ മുനിസിപ്പിൽ നഴ്സറി സ്കൂളിലായിരുന്നു സംഭവം. 44 കുട്ടികളും മറ്റ് മൂന്ന് അധ്യാപകരും നഴ്സറിയിലുണ്ടായിരുന്നു. ഇവർക്കാർക്കും പരിക്കില്ല.
കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റി. കുട്ടികൾക്ക് മാനസിക വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കായി പോലീസ് തെരച്ചിൽ നടത്തുന്നു.
തായ്ലൻഡിൽ കഴിഞ്ഞമാസം ഒരു വിദ്യാർഥി വീട്ടിലും സ്കൂളിലുമായി നടത്തിയ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
National
റായ്സൻ: മധ്യപ്രദേശിലെ റായ്സൻ ജില്ലാ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ഗാർഡിനു നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഗാർഡ് ദിഗ്വിജയ് സിംഗ് തോമറിനെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലെ എയിംസിലേക്ക് മാറ്റി. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ആർ.കെ. ചൗരെയെ സസ്പെൻഡ് ചെയ്തു.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ പരിപാടികൾ നടക്കുന്നതിനിടെയാണ് സംഭവം. കൊലപാതകശ്രമക്കേസിൽ തടവിൽ കഴിയുന്ന നിലേഷ് സിംഗ് പഴങ്ങൾ നിറച്ച കുട്ടയുമായി ജയിലിന്റെ പ്രധാന കവാടത്തിലെത്തി. കവാടം തുറക്കണമെന്ന് ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും തോമർ വിസമ്മതിച്ചു. തുടർന്ന് കുട്ടയിൽ ഒളിപ്പിച്ചിരുന്ന നാടൻ തോക്കെടുത്ത് നിലേഷ് സിംഗ് ഗാർഡിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ജയിൽ സൂപ്രണ്ട് ചൗരെയും മറ്റ് ജയിൽ ജീവനക്കാരും ചേർന്ന് പ്രതിയെ പിടികൂടി. സംഭവത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിനുള്ളിൽ അനധികൃത ആയുധം എങ്ങനെ എത്തിയെന്നും ഇതിന് ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ എത്തിച്ച മധുരപലഹാരങ്ങളുടെയും പഴങ്ങളുടെയും കുട്ടകളിൽ തോക്ക് ഒളിപ്പിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സൂപ്രണ്ട് ചൗരെ പ്രതികരിച്ചു.
International
മസ്കറ്റ്: ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അൽ ഹൈമ പ്രദേശത്താണ് പ്രതി മൂന്ന് സ്വദേശി പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ വൈകാതെ മരിച്ചു.
മുൻപുണ്ടായ തർക്കങ്ങളാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.
Movies
ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുബൈർ ഹമീദ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ദി ബ്രേക്ക് എന്ന ചിത്രത്തിന്റെ പൂജ ഓഗസ്റ്റ് 17 -ന് ആറ്റിങ്ങൽ കാളി വിളാകം ക്ഷേത്രത്തിൽ നടന്നു.
പൂജയ്ക്ക് ജയൻ ചേർത്തല, കാലടി ഓമന, നിർമാതാക്കളായ നജീമ്പ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.
തിരുവനന്തപുരം വ്യത്യസ്തമായൊരു ഹൊറർ ആക്ഷൻ ഫിലിമാണിത്. ഫീനിക്സ് മീഡിയ ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി നജീബ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ നിർമിക്കുന്ന ദി ബ്രേക്ക് സുബൈർ ഹമീദ് സംവിധാനം ചെയ്യുന്നു.
കഥ,തിരക്കഥ, സംഭാഷണം - ജയൻ വി. പോറ്റി തച്ചക്കോട്, ഡി.ഒ.പി - ഗോഗുൽ കാർത്തിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയകൃഷ്ണൻ തൊടുപുഴ, ഗാന രചന - ഉൻമേഷ്ചൈത്രം, സംഗീതം - ഡോ. പുനലൂർ ശ്യാം നാഥ്, ആലാപനം - വൈക്കം വിജയലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ - സാബു ഘോഷ്, ആർട്ട് - കൃഷ്ണദാസ്, കോസ്റ്റ്യൂം - ശ്രീനി, മേക്കപ്പ് - ഷൈനി അശോകൻ, സ്റ്റിൽ - ഷാനി കൊടുങ്ങാനൂർ,
ജയൻ ചേർത്തല, നിമിഷ ഉണ്ണികൃഷ്ണൻ, കാലടി ഓമന, ബാലൻ മന്നാടിയാർ, ടി.ആർ. വിഷ്ണു, നജീബ് യു.കെ, ആർ.ജി. ജയരാജൻ, സൗമ്യ, നജീന ആലംകോട്, നവ്യ വിജയകുമാർ, ദേവിക, ബേബി നിഹഞ്ജന, ശ്യാം തിരുവല്ല, ജയൻ വി. പോറ്റി, ലീന, പല്ലവി രഞ്ജൻ എന്നിവരോടൊപ്പം, പ്രമുഖ മലയാളം, തമിഴ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. പിആർഒ-അയ്മനം സാജൻ.
International
മനില: ഫിലിപ്പീൻസിലെ സ്കൂളിൽ തോക്കുമായി എത്തിയ ഒന്പതാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ വധിച്ചശേഷം ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ സാംബോൻഗായിലെ സ്കൂളിലായിരുന്നു സംഭവം. ഉടുപ്പിൽ ധരിച്ച ക്യാമറ ഉപയോഗിച്ച് വെടിവയ്പിന്റെ തത്സമയ സംപ്രേഷണം ഫേസ്ബുക്കിലൂടെ നടത്തുകയും ചെയ്തു.
കൈത്തോക്കും റൈഫിളുമായി സ്കൂളിലെത്തിയ വിദ്യാർഥി ക്ലാസിലെ അധ്യാപകനു നേർക്കാണ് ആദ്യം നിറയൊഴിച്ചത്. ഉന്നം തെറ്റിയതിനെത്തുടർന്ന് മറ്റൊരു ക്ലാസിൽപോയി വെടിവയ്ക്കുകയായിരുന്നു. പിന്നീട് ജീവനൊടുക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ തോക്കുകളാണ് പ്രതി ഉപയോഗിച്ചത്.
മുഹമ്മദ് മയേൽ ജലാനി എന്നാണ് പ്രതിയുടെ പേരെന്ന് റിപ്പോർട്ടുണ്ട്.
വെടിവയ്പു നടത്താനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെ ചാറ്റ് ഹിസ്റ്ററിയും ഗേമിംഗ് ഹിസ്റ്ററിയും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Movies
ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ മോഹൻലാൽ നായകനാകുന്ന അതിമനോഹരം സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ സിനിമാ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.
തുടർന്ന് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു. പമ്പ, നിലയ്ക്കൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിബന്ധനകളോടെ ചിത്രീകരണം നടത്താൻ കോടതി അനുമതി നൽകുകയായിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു.
പെരിയാർ ടൈഗർ റിസർവ് മേഖലയിൽ ചിത്രീകരണം അനുവദിക്കാനാകില്ലെന്ന നിലപാടാണ് വനംവകുപ്പ് അധികൃതർ കോടതിയെ അറിയിച്ചിരുന്നത്. അതേസമയം നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകാമെന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി അനുമതി നൽകിയത്.
Kerala
ഊട്ടി: ഊട്ടിയിൽ സിനിമ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ എം.എ നിഷാദിന് പരിക്ക് സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിനിടയിലാണ് അപകടം സംഭവിച്ചത്.
നടി ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്ത ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സെറ്റിലെ തടിയുടെ പലകകളിൽ ഒന്ന് പെട്ടെന്ന് തകർന്നുവീഴുകയും, അതിൽ കാൽ കുടുങ്ങി അദ്ദേഹത്തിന് പരിക്കേൽക്കുകയുമായിരുന്നു.
കൈകാലുകൾക്ക് പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് എം.എ നിഷാദ് അവതരിപ്പിക്കുന്നത്. അപകടത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു.
Movies
നിവിന് പോളി നായകനായെത്തുന്ന പുതിയ സിനിമയ്ക്ക് കൊച്ചിയില് തുടക്കം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമാതാക്കളാകുന്ന ചിത്രം നാഷിദ് ഫാമി സംവിധാനം ചെയ്യുന്നു.
‘ജയ ജയ ഹേ’യിൽ വിപിൻ ദാസിനൊപ്പം സഹ എഴുത്തുകാരനായി പ്രവർത്തിച്ചയാളാണ് നാഷിദ്.
കാന്താര ചാപ്റ്റർ 1 ഉൾപ്പെടെ കന്നഡ - തെലുഗു ഇൻഡസ്ട്രിയിലെ നിറസാന്നിധ്യമായ രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക. ഇത്തവണ മുഴുനീള കഥാപാത്രമായി അജു വർഗീസും കൂടെയുണ്ട്. കൂടാതെ ജഗദീഷ്, കലാരഞജിനി, അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ്: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ.
പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി ആർ ഓ: ഹെയിൻസ്.
International
ബാങ്കോക്ക്: തോക്കുപയോഗം നിയന്ത്രിക്കാൻ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ. കൗമാരക്കാരന്റെ വെടിവയ്പ്പിൽ ഒന്പതു പേർ കൊല്ലപ്പട്ട പശ്ചാത്തലത്തിലാണിത്.
പൊതുസ്ഥലങ്ങളിൽ തോക്ക് കൊണ്ടുനടക്കുന്നത് നിരോധിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയമം പ്രാബല്യത്തിലായാൽ പോലീസിനു മാത്രമേ പൊതുസ്ഥലത്തു തോക്കുമായി വരാൻ അനുതി ഉണ്ടാകൂ.
കഴിഞ്ഞ ദിവസം ബാങ്കോക്ക് പ്രാന്തത്തിലാണ് ലോകശ്രദ്ധനേടിയ വെടിവയ്പ് അരങ്ങേറിയത്. പതിനാലുകാരൻ സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിൽവച്ചു വെടിവച്ചുകൊന്നു. തുടർന്ന് മുന്പ് പഠിച്ച സ്കൂളിലെത്തി അഞ്ച് അധ്യാപകരെയും ഒരു പന്ത്രണ്ടുകാരിയെയും വകവരുത്തി. പിന്നീട് സ്വയം വെടിവച്ചു മരിച്ചു. പരിക്കേറ്റ 22 പേരിൽ 14 പേർ ആശുപത്രിയിൽ തുടരുകയാണ്.
തെക്കുകിഴക്കനേഷ്യയിൽ ഏറ്റവും കൂടുതൽ പേർ തോക്ക് കൈവശം വയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്. സിവിലിയന്മാരുടെ കൈവശം ഏതാണ് ഒരു കോടിയിലധികം തോക്കുകളുണ്ടെന്നാണ് അനുമാനം. ഇതിൽ 40 ലക്ഷവും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ റസ്റ്ററന്റിലുണ്ടായ വെടിവയ്പിൽ അക്രമി അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസ് നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. ബർഗർ റസ്റ്ററന്റിലാണു വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.
NRI
ഇന്ത്യാന: ആൻഡേഴ്സണിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന വെടിവയ്പ് കൊലപാതകക്കേസിൽ 15 വയസുകാരനായ ജൊമാജ്സെ ലാരിക്ക് കോടതി 100 വർഷം തടവുശിക്ഷ വിധിച്ചു. ഡേല സ്വെയ്ൻ വെടിയേറ്റ് മരിച്ച കേസിലാണ് ശിക്ഷ.
കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ലാരിക്കെതിരേ കോടതി തെളിഞ്ഞതായി കണ്ടെത്തി.
കൊലപാതകത്തിന് 50 വർഷവും ക്രിമിനൽ സംഘത്തിലെ അംഗത്വത്തിന് 50 വർഷവും ഉൾപ്പെടെ ആകെ 100 വർഷം തടവാണ് ജഡ്ജി ഡേവിഡ് ഹാപ്പെ വിധിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നതിനാൽ, കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം നല്ല പെരുമാറ്റവും വിദ്യാഭ്യാസ പുരോഗതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് തേടി ഹർജി നൽകാൻ നിയമപരമായ അവസരമുണ്ടാകും.
Movies
നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു.
ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അസീസ് നെടുമങ്ങാടാണ് നായകൻ.
രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനോ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നത്.
നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുവാൻ പളനിയിലേക്ക് ഒരു തീർത്ഥയാത്ര തിരിക്കുന്നു. ആ യാത്രയിൽ മോഹിച്ചുപിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യരൂപേണെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാര പിള്ള, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു .
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ. കലാ സംവിധാനം - മകേഷ് മോഹനൻ. മേക്കപ്പ് -സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യൂം -അരവിന്ദ് കെ.ആർ. സൗണ്ട് മിക്സിംഗ് -എം.ആർ. രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ -ആശിഷ് ജോസ് ഇല്ലിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് -കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്. പി.ആർ. ഓ- വാഴൂർ ജോസ്. സ്റ്റിൽസ്- വിഷ്ണു ആർ. ഗോവിന്ദ്. ഡിസൈൻസ് - യെല്ലോടൂത്ത്. മാർക്കറ്റിംഗ് - ഒപ്ര.
പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.
International
വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ പ്രശസ്തമായ സ്പേസ് നീഡിലിന് സമീപമുള്ള ഫുഡ് ഫെസ്റ്റിവലിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേയ്ക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് വെടിവയ്പ്പുണ്ടായത്. നൂറുകണക്കിന് പ്രാദേശിക കച്ചവടക്കാരും തത്സമയ സംഗീത പരിപാടികളും ഉൾക്കൊള്ളുന്ന വാർഷിക പരിപാടിയായ "ബൈറ്റ് ഓഫ് സിയാറ്റിൽ' എന്ന ഫെസ്റ്റിവലിനിടെയാണ് ആക്രമണം ഉണ്ടായത്.
"പോലീസ് ഒരു വെടിവയ്പ്പ് കേസ് അന്വേഷിച്ചുവരികയാണ്. നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്.സിയാറ്റിൽ സെന്ററിൽ വെടിവയ്പ്പ് നടന്നു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുന്നതാണ്. ദയവായി ഈ പ്രദേശം ഒഴിവാക്കുക," സീയാറ്റിൽ പോലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
International
റമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പിൽ നാല് പലസ്തീനികളും ഒരു ഇസ്രേലിയും കൊല്ലപ്പെട്ടു. പലസ്തീൻ നഗരമായ നാബ്ലുസിനു സമീപമുണ്ടായ സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരു വിഭാഗവും നല്കിയത്.
ഹവാത് ഗിലാദ് എന്ന സ്ഥലത്ത് മലകയറ്റ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഇസ്രേലികൾ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അവിടെ എത്തിയെന്നും ഇതിനിടെ ഒരു പലസ്തീൻകാരൻ സുരക്ഷാ ഭടനിൽനിന്നു തോക്ക് തട്ടിയെടുത്ത് വെടിവച്ചുവെന്നുമാണ് ഇസ്രേലി സേന അറിയിച്ചത്.
എന്നാൽ, താൽ എന്ന സ്ഥലത്ത് ഇസ്രേലികൾ നടത്തിയ ആക്രമണമാണു സംഭവത്തിൽ കലാശിച്ചതെന്ന് പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. 25-30 ഇസ്രേലികൾ ആക്രമണം നടത്തുകയും രണ്ടു പലസ്തീൻ ഭവനങ്ങൾ കൈയേറാൻ ശ്രമിക്കുകയുമുണ്ടായി. വീട്ടുകാർ ഇവരെ നേരിട്ടു. ഇതോടെ ഇസ്രേലികൾ വെടിയുതിർത്തു.
അരമണിക്കൂറിനുശേഷം മടങ്ങിയെത്തിയ ഇസ്രേലികൾ പ്രായപൂർത്തിയാകാത്ത ഒരാളെ ആക്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ കൈവിട്ടുപോവുകയും സ്ഥലത്തെത്തിയ ഇസ്രേലി സേനയും ഇസ്രേലികളും പലസ്തീനികളെ വെടിവയ്ക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പലസ്തീനികൾ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്.
Movies
അസീസ് നെടുമങ്ങാട് കേന്ദ്ര കഥാപാത്രമായും ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവർ പ്രധാന വേഷത്തിലും എത്തുന്ന മോഹനവള്ളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. ജെ സ്റ്റുഡിയോസും , എടുഎ മൂവി പ്രമോഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ഉമേഷ്. എസ്. നായർ സംവിധാനം ചെയ്യുന്നു. രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെ ചിത്രത്തിന്റെ ആരംഭം കുറിച്ചു.സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു.
പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമം നിർവ്വഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ശേഷംഅസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ട് പൂർത്തിയാക്കി.
നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്താൻ പളനിയിലേക്ക് ഒരു തീർഥയാത്ര പോകുന്നു. ആ യാത്രയിൽ മോഹിച്ചു പിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു... മോഹനവള്ളിയുമായി... പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാരപിള്ള, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ, കലാ സംവിധാനം - മകേഷ് മോഹനൻ, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം- അരവിന്ദ് .കെ.ആർ, സൗണ്ട് മിക്സിംഗ്- എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ആശിഷ് ജോസ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്- കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്-വിഷ്ണു. ആർ. ഗോവിന്ദ്, ഡിസൈൻസ്- യെല്ലോടൂത്ത്, മാർക്കറ്റിംഗ് - ഒപ്ര. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.
NRI
ബർലിൻ : വടക്കൻ ജർമനിയിലെ സ്റ്റേഡ് (Stade) നഗരത്തിലുള്ള ഒരു യുവജന പുനരധിവാസ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സംശയാസ്പദമായ വ്യക്തികളെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു.
ഹാംബുർഗ് മെട്രോപൊളിറ്റൻ മേഖലയോട് ചേർന്നുള്ള പ്രശസ്തമായ ഹാൻസി നഗരമായ സ്റ്റേഡിലെ 'ഡാങ്കേഴ്സ് സ്ട്രീറ്റിലാണ്' സംഭവം നടന്നത്. ഒറ്റപ്പെട്ട അമ്മമാർക്കും അവരുടെ കുട്ടികൾക്കുമായി ജർമൻ സർക്കാർ നടത്തുന്ന പ്രത്യേക താമസ-പുനരധിവാസ കേന്ദ്രത്തിനുള്ളിലാണ് കൊലപാതകം നടന്നത്.
വെടിവെയ്പ്പിൽ അഞ്ച് ജീവനുകളാണ് സംഭവസ്ഥലത്തുതന്നെ പൊലിഞ്ഞത്. മരിച്ചവരിൽ കുട്ടികളുണ്ടോ എന്ന കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന്റെ കൃത്യമായ കാരണങ്ങളോ പശ്ചാത്തലമോ ഇനിയും വ്യക്തമായിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു.
വെടിവയ്പ്പ് വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹമാണ് പ്രദേശത്തേക്ക് ഇരച്ചെത്തിയത്. ഡാങ്കേഴ്സ് സ്ട്രീറ്റും പരിസരപ്രദേശങ്ങളും പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. പ്രദേശം അതീവ അപകടകരമാണെന്നും പൊതുജനങ്ങൾ ഈ വഴിയിലൂടെയുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും പോലീസ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ചാനലുകളിലൂടെ അടിയന്തര നിർദ്ദേശം നൽകി.
ഫോറൻസിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തെളിവുകൾ ശേഖരിച്ചുവരികയാണ്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഡ്രീം ഫാർമേഴ്സ് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു ഹൈദരാബാദിൽ പോകാൻ അനുമതി. 15 വരെയാണ് ഷൂട്ടിംഗ്. നേരത്തേ അനുവദിച്ചിരുന്ന സമയം ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിക്കിട്ടാനായി കോടതിയിൽ അപേക്ഷ നൽകിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണ് സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
NRI
ഫിലഡൽഫിയ: സൗത്ത് ഫിലഡൽഫിയയിൽ ഒരു വീട്ടിനുള്ളിൽ മൂന്ന് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്ന ശേഷം പ്രതിയായ വൃദ്ധ സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് ഫിലാഡൽഫിയ പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം. 67 വയസുകാരിയായ ജാനിസ് പിക്കാനോ എന്ന സ്ത്രീയാണ് 18 വയസുകാരിയായ ഏഞ്ചലീന പിക്കാനോയെയും 55 വയസുകാരിയായ ഡെനീസ് ഗ്രോട്ടിനിയെയും വെടിവച്ചുകൊന്നത്.
ഇതിന് ശേഷം ഇവർ സ്വയം വെടിവെക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവസ്ഥലത്ത് വച്ച് തന്നെ മൂവരും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
NRI
കാൻസാസ്: കാൻസാസ് സിറ്റിയിലുണ്ടായ തുടർച്ചയായ വെടിവയ്പ്പുകളെത്തുടർന്ന് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഏരോഹെഡ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന പാതയിലടക്കം (I-70) നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും വേൾഡ് കപ്പ് കാണികളെ കൊണ്ടുപോയ ഊബർ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതിയായ ഓസ്കർ സാഞ്ചസ്-മുനിയോസ് (22) എന്ന യുവാവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. പ്രതി സായുധനും അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ആറോളം വെടിവയ്പ് സംഭവങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർ ഉടൻ തന്നെ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
International
ബെയ്റൂട്ട്: യുദ്ധത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ദക്ഷിണ ലബനനിലെ ജനങ്ങൾക്ക് സഹായവുമായി പോയ കത്തോലിക്കാസംഘടനകളുടെ വാഹനവ്യൂഹത്തിന്റെ യാത്ര വെടിവയ്പിനെത്തുടർന്ന് തടസപ്പെട്ടു.
ലബനനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് പൗലോ ബൊർജിയയുടെ നേതൃത്വത്തിൽ കാരിത്താസ് തുടങ്ങിയ സംഘടനകളാണ് ദക്ഷിണ ലബനനിലെ സെദാർ കൗണ്ടിയിൽപ്പെട്ട മൂന്ന് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ദുരിതാശ്വാസസഹായവുമായി പുറപ്പെട്ടത്.
കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഇന്ധനം തുടങ്ങിയവയായിരുന്നു 45 ട്രക്കുകളിലായി വ്യാഴാഴ്ച രാവിലെ ബെയ്റൂട്ടിൽനിന്നു കൊണ്ടുപോയത്. എന്നാൽ, ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടായ വെടിവയ്പിനെത്തുടർന്ന് യാത്ര തടസപ്പെടുകയായിരുന്നു. ഇതോടെ യാത്രാദിശ മാറ്റേണ്ടിവന്നു.
അധികമായി പത്തു മണിക്കൂർ യാത്ര ചെയ്താണ് സഹായമെത്തിക്കേണ്ട ദെബെൽ, എയ്ൻ എബെൽ, റമെയ്ച് എന്നീ ഗ്രാമങ്ങളിൽ എത്തിച്ചേരാനായത്.
International
ടെൽ അവീവ്: ഇസ്രയേലിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ സെൻട്രൽ ഇസ്രയേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം.
അക്രമികൾ വാഹനത്തിൽ സഞ്ചരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. നാലു സ്ഥലങ്ങളിൽ വെടിവയ്പുണ്ടായി. ഭീകരാക്രമണം ആണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രണ്ട് അക്രമികളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഒരാളെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ ഇസ്രേലി പൗരത്വമുള്ള അറബ് വംശജനാണ്.
മറ്റൊരു അക്രമി കൊല്ലപ്പെട്ടതായി ഇസ്രേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവ മേഖലയിൽ ഇസ്രേലി സൈന്യത്തെ വിന്യസിച്ചു.
Kerala
കോഴിക്കോട്: വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മനാൽ ഹൗസിൽ കാർത്തിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
വീടിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വീട്ടുകാരെത്തിയത്. ഉടൻ തന്നെ കാർത്തിക്കിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമാണ് കാർത്തിക്. അതിനാൽ ലൈസൻസുള്ള തോക്ക് കാർത്തിക്കിന്റെ കൈവശമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
NRI
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിനു പുറത്ത് പോലീസ് ചെക്പോസ്റ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്ത യുവാവിനെ സേന വധിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലുള്ളപ്പോഴാണ് വെടിവയ്പുണ്ടായത്.
ശനിയാഴ്ച വൈകുന്നേരം ആറിന് വൈറ്റ് ഹൗസിനു സമീപം പെൻസിൽവേനിയ അവന്യുവിൽ ചെക് പോയിന്റിൽ എത്തിയ യുവാവ് ബാഗിൽനിന്ന് തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് യുഎസ് സീക്രട്ട് സർവീസ് നടത്തിയ വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ അക്രമി ആശുപത്രിയിൽവച്ചു മരിച്ചു. വെടിവയ്പിൽ പരിസരത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു.
മേരിലാൻഡ് സ്വദേശിയായ 21 വയസുകാരനാണ് ആക്രമിയെന്നും മാനസികാരോഗ്യപ്രശ്നമുള്ള ആളാണെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞവർഷം ജൂലൈയിൽ വൈറ്റ് ഹൗസിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞമാസം 25നു വൈറ്റ് ഹൗസിലെ റിപ്പോർട്ടർമാർക്കായി ട്രംപ് നടത്തിയ ഹോട്ടൽ വിരുന്നിനിടെ ഒരാൾ വെടിവയ്പ് നടത്തിയിരുന്നു.
International
ടെഗുഷിഗൽപ: സെൻട്രൽ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ വ്യാഴാഴ്ചയുണ്ടായ രണ്ടു വെടിവയ്പു സംഭവങ്ങളിൽ ആറു പോലീസുകാർ അടക്കം 25 പേർ കൊല്ലപ്പെട്ടു.
വടക്കൻ ഹോണ്ടുറാസിലെ ട്രുഹീല്ലോ മേഖലയിലെ എണ്ണപ്പന കൃഷിയിടത്തിലുണ്ടായ ആദ്യസംഭവത്തിൽ 19 തൊഴിലാളികളാണു മരിച്ചത്. ആയുധധാരികൾ വിവേചനമില്ലാതെ തൊഴിലാളികളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇവിടത്തെ ഒരു പള്ളിയിലുണ്ടായിരുന്ന തൊഴിലാളികളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഫലഭൂയിഷ്ടമായ ട്രൂഹില്ലോ മേഖലയുടെ നിയന്ത്രണത്തിനായി പ്രാദേശിക കർഷകരും കോർപറേറ്റുകളും സായുധസംഘങ്ങളും തമ്മിൽ സംഘർഷം പതിവാണെന്നു പറയുന്നു.
ഗ്വാട്ടിമാല അതിർത്തിയോടു ചേർന്ന ഒമോവ മുനിസിപ്പാലിറ്റിയിലുണ്ടായ രണ്ടാമത്തെ സംഭവത്തിലാണ് പോലീസുകാർ കൊല്ലപ്പെട്ടത്. ഗുണ്ടാവിരുദ്ധ ദൗത്യസംഘത്തിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്.
NRI
ഡാളസ്: ഡാളസിലുണ്ടായ വെടിവയ്പിലും തുടർന്നുള്ള സംഘർഷാവസ്ഥയ്ക്കുമൊടുവിൽ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ സൗത്ത് ഡാളസിലെ എംഹൗസ് സ്ട്രീറ്റിലാണ് സംഭവം.
രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഒരു വീടിനുള്ളിൽ കയറി വാതിലടച്ച് ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശം വളഞ്ഞതോടെ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു.
പിന്നീട് പ്രതി സ്വമേധയാ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
International
മാഡ്രിഡ്: മാതാപിതാക്കളെ വെടിവച്ചുകൊന്ന ഇരുപത്തഞ്ചുകാരൻ സ്പെയിനിൽ അറസ്റ്റിലായി. ഇയാളുടെ ഏഴു വയസുള്ള മകൻ അടക്കം നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തെക്കൻ സ്പെയിനിലെ എൽ എലിഡോ എന്ന ചെറു പട്ടണത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കൃത്യത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിന്നീട് പോലീസിനു കീഴടങ്ങുകയായിരുന്നു. പരിക്കേറ്റവരിൽ ഒന്നര വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മോസ്കിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ മരിച്ചതായി പോലീസ് മേധാവി അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
സാൻ ഡീഗോയിലുള്ള ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ പള്ളിയിലെ സുരക്ഷാജീവനക്കാരനും ഉൾപ്പെടുന്നു.
സാൻ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മോസ്കിലാണ് ആക്രമണമുണ്ടായത്. ഇവിടെ അഞ്ച് വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി അറബി ഭാഷ, ഇസ്ലാമിക പഠനം, ഖുറാൻ എന്നിവ പഠിപ്പിക്കുന്നുണ്ട്.
National
ഇംഫാല്: മണിപ്പുരിലെ കാങ്പോക്പിയില് സായുധസംഘത്തിന്റെ ആക്രമണത്തിൽ മൂന്നു ബാപ്റ്റിസ്റ്റ് പാസ്റ്റർമാര്ക്കു ദാരുണാന്ത്യം.
സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനത്തിനുനേരേ നടുറോഡിൽവച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു പാസ്റ്റർമാരും സംഭവസ്ഥലത്ത് മരിച്ചുവീണു.
മണിപ്പുര് ബാപ്റ്റിസ്റ്റ് കണ്വന്ഷന് (എംബിസി) മുന് ജനറല് സെക്രട്ടറിയും തഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) അംഗവുമായ വി. സിറ്റ്ലൗ, സഹപ്രവർത്തകരായ വി. കൈഗൗലുന്, പഗോഗുലെന് എന്നീ പാസ്റ്റർമാരാണു കൊല്ലപ്പെട്ടത്. പാസ്റ്റർമാരായ എസ്.എം ഹാവോപു, ഹെകായ് സിംറ്റെ, പാവോതാംഗ് എന്നിവർക്കും ഡ്രൈവര്മാരായ ലെലെന്, ഗൗമാംഗ് എന്നിവര്ക്കുമാണ് പരിക്കേറ്റത്.
വംശീയസംഘര്ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കൊഹിമയില് നാഗാലാന്ഡ് ജോയിന്റ് ക്രിസ്ത്യന് ഫോറവുമായി സഹകരിച്ച് ഒട്ടേറെ പ്രവര്ത്തനങ്ങള് നടത്തിയ ആളാണ് കൊല്ലപ്പെട്ട വി. സിറ്റ്ലൗ.
ചുരാചന്ദ്പുരിലെ ലാംകയില് നടന്ന സഭാസമ്മേളനത്തിനുശേഷം രണ്ട് വാഹനങ്ങളിലായാണു സംഘം കാങ്പോക്പിയിലേക്കു തിരിച്ചത്. ഏറെക്കുറെ വിജനമായ കോട്സിം ഗ്രാമത്തിനും കോടെയ്ന് ഗ്രാമത്തിനും ഇടയിലാണ് ആക്രമണം.
വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിനെ നാഗാലാന്ഡുമായി ബന്ധിപ്പിക്കുന്ന ദേശീയപാത രണ്ട് അടച്ചു. കാങ്പോക്പിയിലും സമീപത്തെ കുക്കി മേധാവിത്വ മേഖലകളിലും സംഘര്ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധ പരിപാടികളും വ്യാപകമാണ്.
ആക്രമണം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മണിപ്പുര് ബിജെപി വക്താവ് മൈക്കിള് ലാംജതോംഗ് അഭിപ്രായപ്പെട്ടു. കുക്കികളുമായി ബന്ധമില്ലാത്ത വ്യത്യസ്ത വിഭാഗമാണ് തഡോകള്.
കുക്കികള് എന്നു തെറ്റിദ്ധരിക്കപ്പെടുന്നതിനാല് തഡോ വിഭാഗം ഒട്ടേറെത്തവണ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കള്ക്കുനേരേ അതിക്രൂരമായ ആക്രമണമാണു നടന്നതെന്ന് കുക്കി സ്റ്റുഡന്റ് അസോസിയേഷനും പറഞ്ഞു.
NRI
ഷിക്കാഗോ: നഗരത്തിലെ എൻഡവർ ഹെൽത്ത് സ്വീഡിഷ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഉദ്യോഗസ്ഥന് 38 വയസായിരുന്നു.
പരിക്കേറ്റ 57 വയസുകാരനായ ഉദ്യോഗസ്ഥൻ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കുറച്ചുസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗികൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
International
വാഷിംഗ്ടൺ ഡിസി: ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ ശക്തമാകുന്നു. വെടിവെപ്പ് അധികൃതർ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉണ്ടാക്കിയതാണെന്നുമുള്ള രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തുടങ്ങിയവർ പങ്കെടുത്ത വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അല്ലൻ എന്ന യുവാവ് സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ പിടികൂടി.
വെടിവെപ്പ് നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ എക്സ്, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 'ഇതൊരു നാടകമാണ്' എന്നാരോപിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകൾ വന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ഉച്ചയോടെ മാത്രം മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളിലാണ് ഇത്തരത്തിൽ ആരോപണമുണ്ടായത്.
പ്രചരിക്കുന്ന പ്രധാന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ:
ബോൾറൂം തിയറി: വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് പൊതുജന പിന്തുണ നേടാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ട്രംപ് ബോൾറൂമിനെക്കുറിച്ച് സംസാരിച്ചതാണ് ഇവരുടെ സംശയത്തിന് കാരണം.
ഫോക്സ് ന്യൂസ് വീഡിയോ: റിപ്പോർട്ടിംഗിനിടെ ഫോക്സ് ന്യൂസ് ലേഖിക ഐഷ ഹസ്നിയുടെ ഫോൺ കോൾ കട്ടായതിനെ ചുറ്റിപ്പറ്റിയും പ്രചാരണങ്ങൾ നടക്കുന്നു. ഇത് മനഃപൂർവം കട്ട് ചെയ്തതാണെന്ന് ആരോപണമുയർന്നെങ്കിലും സിഗ്നൽ പ്രശ്നം മൂലമാണ് ഇത സംഭവിച്ചതെന്ന് ലേഖിക പിന്നീട് വിശദീകരിച്ചു.
പൂർവനിശ്ചിതമെന്ന ആരോപണം: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അഭിമുഖത്തിനിടെ ഷോട്സ് വിൽബി ഫയേർഡ് (വെടിയുതിർക്കും) എന്ന് പറഞ്ഞത് വെടിവെപ്പിനെക്കുറിച്ചുള്ള സൂചനയാണെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ തമാശകൾ കൊണ്ട് ട്രംപ് സദസിനെ കീഴടക്കും എന്ന അർത്ഥത്തിലാണ് താൻ അത് പറഞ്ഞതെന്ന് അവർ വ്യക്തമാക്കി.
വിദേശ ബന്ധം: പ്രതിക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന രീതിയിൽ റഷ്യൻ, ഇറാനിയൻ മാധ്യമങ്ങൾ ചില സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയുടെ ഡയറി കുറിപ്പുകളിൽ നിന്ന് ഇയാൾക്ക് വ്യക്തിപരമായ പ്രേരണകൾ മാത്രമാണുണ്ടായിരുന്നതെന്നും യാതൊരുവിധ വിദേശ ബന്ധമോ ഗൂഢാലോചനയോ കണ്ടെത്താനായിട്ടില്ലെന്നും എഫ്ബിഐ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത മാധ്യമപ്രവർത്തരുടെ വിരുന്നിൽ വെടിയുതിർത്തത് ഉന്നത വിദ്യാഭ്യാസമുള്ള മുപ്പത്തിയൊന്നുകാരൻ. കലിഫോർണിയയിലെ ലോസ് ആഞ്ചലസ് നഗരത്തിനു സമീപം ടൊറൻസ് നിവാസിയായ കോൾ തോമസ് അലൻ ആണ് ഹിൽട്ടൻ ഹോട്ടലിലെ വെടിവയ്പിൽ അറസ്റ്റിലായത്. പ്രസിഡന്റ് ട്രംപ് അടക്കം ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടായിരിക്കാം അക്രമി എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഹിൽട്ടൺ ഹോട്ടലിൽ പ്രസിഡന്റ് ട്രംപ്, പത്നി മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടങ്ങിയ ഉന്നതരും രണ്ടായിരത്തോളം അതിഥികളും പങ്കെടുത്ത വിരുന്നു നടന്ന മുറിക്കു പുറത്താണു വെടിവയ്പുണ്ടായത്.
വേദിയിൽ പ്രസിഡന്റ് ട്രംപും മെലാനിയയും മറ്റുള്ളവരുമായി കുശലം നടത്തുന്നതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നു. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥർ തോക്കുകളുമായെത്തി ട്രംപിനെയും മെലാനിയയെയും വളയുകയും പുറത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഞെട്ടിവിറച്ച അതിഥികൾ മേശകൾക്കു താഴെ അഭയം തേടി.
സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ കീഴടക്കിയ കോൾ തോമസ് അലന്റെ ചിത്രം ട്രംപ് പിന്നീട് പുറത്തുവിട്ടു. അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്കു നേർക്കു പാഞ്ഞടുക്കുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ പിറകേ ഓടുന്നതിന്റെയും വീഡിയോ പുറത്തുവന്നു. അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവയ്പുണ്ടായി.
എന്നാൽ പിടികൂടാനുള്ള ശ്രമത്തിൽ അക്രമിക്കു വെടിയേറ്റിട്ടില്ല. അക്രമിയുടെ വെടിയേറ്റ് ഒരു സുരക്ഷാഭടന് പരിക്കേറ്റു. അക്രമിയുടെ പക്കൽനിന്ന് കൈതോക്ക്, ഷോട്ട് ഗൺ, നിരവധി കത്തികൾ എന്നിവ കണ്ടെടുത്തു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോസ്ഥരെ ലക്ഷ്യമിട്ടാണ് താൻ വന്നതെന്ന് അക്രമി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. അക്രമി ഹിൽട്ടൻ ഹോട്ടലിൽ ഗസ്റ്റ് ആയിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കോൾ തോമസ് അലൻ പ്രസിദ്ധമായ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയിരുന്നു. കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ മെക്കാനിക്കൽ എന്ജിനിയർ, കന്പ്യൂട്ടർ സയന്റിസ്റ്റ്, സ്വതന്ത്ര ഗെയിം ഡെവലപ്പർ, അധ്യാപകൻ എന്നിങ്ങനെയാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കുറച്ചു വർഷങ്ങളായി പാർട്ട് ടൈം അധ്യാപകനായിരുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
1921 മുതൽ നടക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് വാർഷിക അത്താഴവിരുന്നിൽ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കുന്നത് ഇതാദ്യമാണ്.
മാധ്യമപ്രവർത്തകരുമായി സുഖകരബന്ധമില്ലാത്ത ട്രംപ് ഒന്നാം ഭരണകാലത്തും രണ്ടാം ഭരണം ആരംഭിച്ച കഴിഞ്ഞ വർഷവും വിരുന്നിൽ പങ്കെടുക്കാൻ കൂട്ടാക്കിയില്ല.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. വിരുന്നിനിടെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറി. എല്ലാവരോടും താഴെ കിടക്കാൻ അവർ നിർദേശിച്ചു. തുടർന്ന് ട്രംപിനെ വേദിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സംഭവത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് വെടിവയ്പ്പ് നടന്നത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
കോൾ തോമസ് അലന്റെ കൈയിൽ ഷോട്ട്ഗൺ, കൈത്തോക്ക്, നിരവധി കത്തികൾ എന്നിവ ഉണ്ടായിരുന്നു. ഇയാൾ ഹോട്ടലിൽതന്നെ താമസിച്ചിരുന്നെന്നും അതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് അകത്തുകയറാൻ കഴിഞ്ഞതെന്നുമാണ് അധികൃതർ പറയുന്നത്.
National
ന്യൂഡൽഹി: വൈറ്റ്ഹൗസിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല' എന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പുണ്ടായത്. വേദിയിലുണ്ടായിരുന്ന ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മറ്റ് ഉന്നത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ എന്നിവരെ ഉടൻതന്നെ സ്ഥലത്തു നിന്നും മാറ്റി.
അതേസമയം, വെടിവയ്പ്പ് നടത്തിയ അക്രമിയെ സുരക്ഷാഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
NRI
ലൂസിയാന: മാൾ ഓഫ് ലൂസിയാനയിലുണ്ടായ വെടിവയ്പിൽ 17 വയസുകാരൻ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.22ഓടെ മാളിലെ ഫുഡ് കോർട്ടിലായിരുന്നു സംഭവം.
രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് ടി.ജെ. മോഴ്സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വെടിവയ്പ് നടത്തിയ പ്രധാന പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പിൽ അവിടെയുണ്ടായിരുന്ന നിരപരാധികളായ മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
NRI
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഞായറാഴ്ച പുലർച്ചെ ഷീവ്പോർട്ടിലെ രണ്ട് വീടുകളിലായിയാണ് നാടിനെ നടുക്കിയ അക്രമം നടന്നത്.
വെടിയുതിർത്ത ഷമർ എൽക്കിൻസിനെ (31) പിന്നീട് പോലീസ് കൊലപ്പെടുത്തി. മരിച്ചവരിൽ ഏഴ് പേർ പ്രതിയായ ഷമർ എൽക്കിൻസിന്റെ സ്വന്തം മക്കളാണ്. മറ്റൊരാൾ ഇയാളുടെ ബന്ധുവായ കുട്ടിയുമാണ്.
അക്രമത്തിൽ രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്നുണ്ടായ കുടുംബകലഹമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. പ്രതി ആദ്യം ഒരു സ്ത്രീയെ വെടിവച്ച ശേഷം രണ്ടാമത്തെ വീട്ടിലെത്തി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഷമറിനെ പോലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകങ്ങളിൽ ഒന്നാണിത്.
ലൂസിയാന ഗവർണറും യുഎസ് ഹൗസ് സ്പീക്കറും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Movies
ജയിലർ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2023-ൽ ഇറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു.
ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങൾ പങ്കുവച്ച് നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പായ്ക്കപ്പ് ചിത്രങ്ങളില് നടൻ വസന്ത് രവിയെ കാണാനിടയായത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.
രജനികാന്ത് അവതരിപ്പിക്കുന്ന മുത്തുവേൽ പാണ്ഡ്യന്റെ മകൻ അർജുൻ പാണ്ഡ്യനായാണ് വസന്ത് രവി ജയിലറിൽ എത്തിയത്.
സിനിമയുടെ അവസാന ഭാഗത്ത് ഈ കഥാപാത്രം കൊല്ലപ്പെടുന്നതായാണ് കാണിക്കുന്നത്. രണ്ടാം ഭാഗത്തിൽ വസന്ത് രവി ഉണ്ടെങ്കിൽ ജയിലറിന്റെ പ്രീക്വൽ ആകും ജയിലർ 2 എന്നാണ് പ്രേക്ഷകരുടെ അനുമാനം.
International
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു. സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്. ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.
വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
International
ന്യൂയോർക്ക്: യുഎസിലെ ലൂസിയാനയിലുണ്ടായ വെടിവയ്പ്പിൽ എട്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഒരു വയസിനും പതിനാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അക്രമിയായ ഷമർ എൽക്കിന്സിനെ പോലീസ് വധിച്ചു.
കൊല്ലപ്പെട്ടവരിൽ ഏഴു പേരും അക്രമിയുടെ കുട്ടികളാണ്. മറ്റൊരാൾ ഇയാളുടെ ബന്ധുവിന്റെ കുട്ടിയാണ്. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു. രണ്ട് വീടുകളിലായാണ് പ്രതി ആക്രമണം നടത്തിത്.
ആദ്യം സ്വന്തം വീട്ടിൽ വെടിവയ്പ്പ് നടത്തിയ അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു. ആക്രമണത്തിൽ പത്തുപേർക്ക് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
വെടിവയ്പ്പിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത് രക്ഷപെട്ട പ്രതിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു. 2024 ജനുവരിക്കുശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
International
റോം: ഇറ്റലിയിലെ ഗുരുദ്വാരയുലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ബെർഗോമോ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ രജീന്ദർ സിംഗ് (48), ഗുർമീത് സിംഗ് (48) എന്നിവരാണ് മരിച്ചത്. വെടിയുതിർത്തതും ഇന്ത്യക്കാരനാണെന്നാണ് സൂചന.
വൈശാഖി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ നടക്കാനിരുന്ന ഗുരുദ്വാരയാണിത്. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറ്റാലിയൻ പോലീസ് വ്യക്തമാക്കി. ഒന്നിലേറെത്തവണ നിറയൊഴിച്ച ശേഷം അക്രമി വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് പത്തോളം ഷെൽ കേസിങ്ങുകൾ കണ്ടെത്തി. അക്രമിയും ഈ ഗുരുദ്വാരയിലെ സന്ദർശകനാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും പത്തുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു.
കീവിൽ ജനങ്ങൾക്കുനേരെ വെടിയുതിർത്ത അക്രമിയെ വധിച്ചുവെന്ന് സെലൻസ്കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
സൂപ്പർമാർക്കറ്റിൽ ബന്ദികളാക്കപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തിയതായി സെലെൻസ്കി അറിയിച്ചു.
NRI
ഷിക്കാഗോ: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം 4.47-ഓടെ വെസ്റ്റ് മെയ്പോൾ അവന്യൂവിലാണ് സംഭവം. റോഡരികിൽ നിന്നിരുന്ന നാലംഗ സംഘത്തിന് നേരെ വാഹനത്തിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ 32 വയസുകാരിയായ സ്ത്രീ, 36 വയസുകാരൻ പേര് വെളിപ്പെടുത്താത്ത മറ്റൊരു പുരുഷൻ എന്നിവരാണ് മരിച്ചത്. 35 വയസുകാരനായ പുരുഷൻ നിരവധി വെടിയുണ്ടകളേറ്റ നിലയിൽ ചികിത്സയിലാണ്.
അക്രമികൾ വെടിവയ്പിന് ശേഷം കാറിൽ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വെടിവയ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്പത് പേർ കൊല്ലപ്പെട്ടു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു.
ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു.
രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ പൂർവവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ അക്രമി നടത്തിയ വെടിവയ്പിൽ 16 കുട്ടികൾക്കു പരിക്കേറ്റു.
സാൻലിയുർഫ പ്രവിശ്യയിലെ സിവേറെകിലെ സ്കൂളിലായിരന്നു ആക്രമണമെന്നു ഗവർണർ ഹസൻ സിൽദാക് പറഞ്ഞു. പോലീസ് വളഞ്ഞപ്പോഴേക്കും പതിനെട്ടുകാരനായ അക്രമി സ്വയം വെടിവച്ചു മരിച്ചു.
പത്തു വിദ്യാർഥികൾക്കും നാല് അധ്യാപകർക്കും ഒരു കാന്റീൻ ജീവനക്കാരനും ഒരു പോലീസ് ഓഫീസർക്കും പരിക്കേറ്റു. അഞ്ചു പേർക്കു ഗുരുതരമായി പരിക്കേറ്റു. സ്കൂളിലെ പൂർവ വിദ്യാർഥിയായ അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമില്ല.