കാരി വാഷിംഗ്ടൺ വിൻസൺ
ഫ്ലോറിഡ: സുഹൃത്തുക്കൾക്കൊപ്പം ക്യാമ്പിംഗിനിടെ ടെന്റിനുള്ളിൽ ഉറങ്ങുകയായിരുന്ന 19 വയസുകാരൻ വെടിയേറ്റ് മരിച്ചു.
ഫ്ലോറിഡയിലെ എസ്കാംബിയ കൗണ്ടി കമ്മീഷണറായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോ വിൻസന്റെ മകൻ കാരി വാഷിംഗ്ടൺ വിൻസണാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ബ്ലാക്ക്വാട്ടർ നദീതീരത്ത് സുഹൃത്തുക്കൾക്കൊപ്പം ക്യാമ്പ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ക്യാമ്പിംഗ് സൈറ്റിന് പുറത്തുനിന്ന് വന്ന വെടിയുണ്ട ടെന്റിനുള്ളിൽ ഉറങ്ങുകയായിരുന്ന കാരിയുടെ തലയിൽ പതിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സംഭവത്തിൽ സാന്താ റോസ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെടിവയ്പ് മനഃപൂർവം നടത്തിയതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബം കടുത്ത ദുഃഖത്തിലാണെന്ന് ജോ വിൻസൺ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.