പ്രതീകാത്മക ചിത്രം.
ടെഹ്റാൻ: ഇറാനിൽ നടന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്ത്രീകളുടെ നിലവിളികളും ജയിലുകളിലെ ക്രൂരപീഡനങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നു.
കഴിഞ്ഞ ജനുവരിയിൽ രാജ്യത്തുടനീളം അലയടിച്ച പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ 21കാരിയായ തരാനെ റഹിമി ഉൾപ്പടെയുള്ളവരാണ് കൊലക്കയർ കാത്തു ജയിലിൽ കഴിയുന്നത്.
ജയിലിൽ വച്ച് കാലുകൾക്ക് ക്രൂരമായി മർദനമേറ്റതിനാൽ തരാനെയ്ക്കു ശരിയായി നടക്കാൻ പോലും സാധിക്കുന്നില്ലെന്ന് അമേരിക്കയിലുള്ള ഇവരുടെ ബന്ധു മസൂദ് നൂർമുഹമ്മദി വെളിപ്പെടുത്തി. തലയ്ക്കേറ്റ പരിക്കിനെത്തുടർന്നുണ്ടായ അണുബാധ കാരണം ശരീരത്തിന്റെ സന്തുലിതാവസ്ഥയും നഷ്ടപ്പെട്ടിട്ടുണ്ട്.
സഹോദരി റൊമീനയെ കൺമുന്നിൽ വച്ച് ബലാത്സംഗം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് തരാനെ കുറ്റസമ്മതമൊഴിയിൽ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
ഇരട്ട സഹോദരിമാരായ തരാനെയെയും റൊമീനയെയും ജയിലിൽ ആദ്യമായി കണ്ടപ്പോൾ മുഖം വീർത്തും മുറിവേറ്റും മുടി പിഴുതെടുത്ത നിലയിലുമായിരുന്നുവെന്നും ശബ്ദം കൊണ്ടുമാത്രമാണ് അമ്മയ്ക്ക് ഇവരെ തിരിച്ചറിയാനായതെന്നും ബന്ധു പറയുന്നു.
ജനുവരിയിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറു സ്ത്രീകളിൽ ഒരാളാണ് തരാനെയെന്ന് ഇറാനിലെ യുഎൻ മനുഷ്യാവകാശ റിപ്പോർട്ടർ മായ് സാറ്റോ വ്യക്തമാക്കി. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് ഇത്രയധികം സ്ത്രീകൾക്കു രാഷ്ട്രീയപ്രേരിതമായി വധശിക്ഷ വിധിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഗവേഷക റഹ ബഹ്റൈനി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഡിസംബർ അവസാനം സാമ്പത്തിക പ്രതിസന്ധിക്കെതിരേ ആരംഭിച്ച പ്രക്ഷോഭം 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമുള്ള ഏറ്റവും വലിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
അടിച്ചമർത്തലുകളിൽ 7000ത്തിലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ "ഹ്രാന' കണക്കാക്കുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ 3,117 പേരാണു കൊല്ലപ്പെട്ടതെന്നും അമേരിക്കയും ഇസ്രയേലുമാണ് കലാപത്തിനു പിന്നിലെന്നുമാണ് ഇറാൻ ഭരണകൂടത്തിന്റെ വാദം.
ഇസ്ഫഹാനിൽ ഒരു ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് അംഗം കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് തരാനെയെയും റൊമീനയെയും വിചാരണ ചെയ്തത്. ദൈവത്തിനെതിരായ യുദ്ധം എന്ന കുറ്റം ചുമത്തിയാണ് തരാനെയ്ക്കു വധശിക്ഷ വിധിച്ചത്. സഹായം നൽകിയെന്ന കുറ്റത്തിന് റൊമീനയ്ക്ക് 25 വർഷം തടവും വിധിച്ചു.
എന്നാൽ, കസ്റ്റഡിയിൽ തങ്ങൾ ക്രൂരമായ പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായെന്നു കാണിച്ച് സഹോദരിമാർ നൽകിയ പരാതി അന്വേഷിക്കുന്നത് പീഡനത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ തന്നെയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സ്വതന്ത്ര ഇറാൻ സ്വപ്നം കണ്ട്
വടക്കുകിഴക്കൻ ഇറാനിലെ മഷാദ് ജയിലിൽ കഴിയുന്ന 33കാരിയായ സിവിൽ എൻജിനിയർ മഹ്ബൂബെ ഷബാനി, 23കാരിയായ നജ്മെ അമിനി, 27കാരിയായ മൊജ്ദെ ഹാഷെമി ബസർഗാനി എന്നിവരും വധശിക്ഷ കാത്തുകഴിയുന്നവരാണ്.
പരിക്കേറ്റ പ്രക്ഷോഭകരെ ആശുപത്രിയിലെത്തിച്ചതിന് ചാരവൃത്തി കുറ്റം ചുമത്തിയാണ് മഹ്ബൂബെ ഷബാനിയെ വധശിക്ഷയ്ക്കു വിധിച്ചത്. ശിക്ഷ ശരിവയ്ക്കപ്പെട്ടവരുൾപ്പടെ എല്ലാവരും കടുത്ത മാനസിക സമ്മർദത്തിലാണെന്നും സഹായത്തിനായി യാചിക്കുകയാണെന്നും ജയിലിൽനിന്നുള്ള ശബ്ദസന്ദേശത്തിൽ മഹ്ബൂബെ പറഞ്ഞു.
സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ചാണു നജ്മെ അമിനിക്കു വധശിക്ഷ വിധിച്ചത്. തൂക്കുകയറിൽ ജീവിതം അവസാനിക്കുന്നതിനുമുന്പ് സ്വതന്ത്രവും സമൃദ്ധവുമായ ഒരു ഇറാൻ കാണുക എന്നതു മാത്രമാണ് തന്റെ ഏക സ്വപ്നമെന്ന് ജയിലിൽ നിന്നുള്ള ശബ്ദസന്ദേശത്തിൽ നജ്മെ പറഞ്ഞു.
ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷത്തിനിടെ ഏപ്രിലിൽ അറസ്റ്റിലായ മൊജ്ദെ ഹാഷെമി ബസർഗാനിയെ ചാരവൃത്തി ആരോപിച്ചാണു ശിക്ഷിച്ചത്. പണം വാങ്ങി ചാരവൃത്തി നടത്തിയെന്നാണ് ആരോപണമെന്നും എന്നാൽ തനിക്കു സ്വന്തമായി ഒരു വീടോ കാറോ പോലുമില്ലെന്നും ജയിലിൽനിന്നുള്ള ഫോൺ സംഭാഷണത്തിൽ ഇവർ പറയുന്നു.
ഭരണകൂടത്തിന്റെ വിശദീകരണം
അതേസമയം, ജയിലുകളിൽ പീഡനം നടക്കുന്നുവെന്ന ആരോപണങ്ങൾ ലണ്ടനിലെ ഇറാൻ എംബസി പൂർണമായും തള്ളിക്കളഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങൾക്കു വധശിക്ഷ നൽകാറില്ലെന്നും കൊലപാതകം, ഭീകരവാദം, ചാരവൃത്തി, ആയുധമെടുക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കാണു നിയമപ്രകാരം ശിക്ഷ നൽകുന്നതെന്നും എംബസി വ്യക്തമാക്കി. നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങുന്ന കുറ്റസമ്മതമൊഴികൾക്ക് നിയമസാധുതയില്ലെന്നും എംബസി കൂട്ടിച്ചേർത്തു.
2022ൽ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്കുശേഷം സ്ത്രീകൾ ഭരണകൂട നയങ്ങളെ ചോദ്യം ചെയ്യുന്നതിൽ മുൻനിരയിലുണ്ടെന്നും ഇതാണു ഭരണകൂട അടിച്ചമർത്തലുകൾക്ക് ഇവരെ പ്രധാന ലക്ഷ്യമാക്കുന്നതെന്നും യുഎൻ റിപ്പോർട്ടർ മായ് സാറ്റോ നിരീക്ഷിച്ചു.
2026 ഒക്ടോബർ വരെയുള്ള ഒരു വർഷത്തിനിടെ 47 സ്ത്രീകൾ ഉൾപ്പടെ 2,003 പേരെ ഇറാൻ തൂക്കിലേറ്റിയതായാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
Tags : Women in Iran brutal treatment protest Women's Protest HumanRights