AI Image for representation
തലശേരി: യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ രണ്ടാം ഭർത്താവിനെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കർണാടക സ്വദേശിനിയായ ശോഭയെ കൊലപ്പെടുത്തിയ കേസിൽ കർണാടക തുമകുരു തിമ്മരാജന ഹള്ളിയിലെ ടി.ആർ. മഞ്ജുനാഥനെ (44) ആണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ജെ. ഡെന്നി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച പറയും.
അമ്മയെ കൊലപ്പെടുത്തിയ കേസിൽ 15 വയസുള്ള കുട്ടി അടക്കം മൊഴി നൽകിയ ഈ കേസിനെ ആസ്പദമാക്കി ഉയിര് എന്ന സിനിമ വന്നിരുന്നു.
കേസിൽ മൂന്നാംസാക്ഷിയായാണ് കുട്ടിയെ വിസ്തരിച്ചിരുന്നത്. കുട്ടിയുടെ അമ്മയെ രണ്ടാം ഭർത്താവായ പ്രതി കൊലപ്പെടുത്തി ഇരിട്ടിയിൽ കിണറ്റിൽ തള്ളിയെന്നായിരുന്ന പ്രോസിക്യൂഷൻ കേസ്. മലപ്പുറം പാണ്ടിക്കാടാണ് സംഭവത്തിന് മുമ്പ് പ്രതി താമസിച്ചിരുന്നത്. ഇരിട്ടി പൊലിസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21നാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് .
അസ്വഭാവിക മരണത്തിനാണ് കെസെടുത്തത്.2017 മേയ് ആറിന് കുറ്റപത്രം നൽകി. മഞ്ജുനാഥ് രണ്ടാം ഭാര്യ ശോഭയും ശോഭയുടെ രണ്ടു മക്കളൊടുമൊപ്പം ഇരിട്ടിയിൽ ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്. നാട്ടിൽ ഭാര്യയുള്ള മഞ്ജുനാഥ് അങ്ങോട്ട് പോകുന്നത് ശോഭ തടഞ്ഞതാണ് കൊലപാതകത്തിന് കാരണം. ശോഭയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയാണ് കൊലപ്പെടുത്തിയത്.
അമ്മയെ കഴുത്തിന് പിടിച്ചുകൊന്നു. അമ്മ പിടയുന്ന ശബ്ദംകേട്ടു. അമ്മയെ കിണറ്റിൽ തള്ളി ഞങ്ങളുടെ കൂടെ വന്നുകിടന്നുവെന്നായിരുന്നു കുട്ടിയുടെ മൊഴി. പിറ്റേദിവസം ബസിൽ മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോയി. അവിടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടികളെ മുബൈയിലേക്ക് ട്രെയിൻകയറ്റി വിട്ടതായ പൊലിസ് കണ്ടെത്തുകയായിരുന്നു.