പത്മിനി തോമസ്
തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി തോമസ് ഇന്ദിരാഭവനിലെത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് കത്ത് നൽകി. ബിജെപിയിൽ ചേർന്നത് എടുത്തുചാട്ടമായിരുന്നുവെന്നും അതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. രണ്ടര വർഷം ബിജെപിയിൽ പ്രവർത്തിച്ചെങ്കിലും അവിടത്തെ ചില കാര്യങ്ങളുമായി സഹകരിച്ചുപോകാൻ കഴിയില്ലെന്നും പത്മിനി തോമസ് പറഞ്ഞു.
കായിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ബിജെപിയിൽ ചേരുമ്പോൾ സ്ഥാനമാനങ്ങളൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ വ്യക്തമാക്കി. തന്നെ കൂടാതെ പത്മജ വേണുഗോപാൽ, ശ്രീലേഖ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർക്കും വിവിധ പദവികൾ ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാൽ ആർക്കും അത്തരത്തിൽ അവസരങ്ങൾ ലഭിച്ചില്ല.
പദവികൾക്കുവേണ്ടിയല്ല താൻ സംസാരിക്കുന്നതെന്നും ബിജെപിയിൽ പല കാര്യങ്ങളും മുന്നോട്ടുപോകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പറയുമെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ല. അവസാനകാലത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ പോലും പ്രയാസകരമായെന്നും പാർട്ടിയിലെ പ്രവർത്തനരീതിയിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി പത്മിനി പറഞ്ഞു.
Tags : KeralaPolitics SunnyJoseph Kpcc PadminiThomas