രാജ്മോഹൻ ഉണ്ണിത്താൻ
കാഞ്ഞങ്ങാട്: തനിക്കും പാർട്ടിക്കുള്ളിൽ ഒട്ടേറെ പരാതികളും പരിഭവങ്ങളും ഉണ്ടെന്നും എന്നാൽ അതെല്ലാം കടിച്ചമർത്തി നിൽക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെപിസിസി പുനഃസംഘടന പൂർത്തിയാക്കാതെ കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ പരാതികൾ നൽകാൻ ആർക്കും അവകാശമുണ്ട്, എന്നാൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്. പാർട്ടിക്ക് കൃത്യമായ നേതൃത്വമില്ലാത്തതാണ് സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയ്ക്ക് കാരണം.
ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനല്ലെന്നും അദ്ദേഹത്തിന്‍റെ സമീപകാല നിലപാടുകളെക്കുറിച്ച് എല്ലാവർക്കും വ്യക്തമായ ധാരണയുണ്ടെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നിരുന്നവർക്ക് അർഹമായ സീറ്റുകൾ നേടിക്കൊടുക്കാൻ പോലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന് സാധിച്ചിട്ടില്ല.
സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇടപെടാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ ലഭിക്കാത്തവരാണ് ഇപ്പോൾ കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതെന്ന് പത്മജ വേണുഗോപാലിന്‍റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
ബിജെപിയിലേക്ക് പോയ സമയത്ത് കെ. കരുണാകരനെ പോലും അപമാനിക്കുന്ന തരത്തിലായിരുന്നു പത്മജയുടെ പ്രസ്താവനകൾ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം ബിജെപിയിലേക്ക് പോകുമായിരുന്നു എന്നാണ് അന്ന് പത്മജ പറഞ്ഞത്. കരുണാകരനെ അപമാനിച്ച ആ വാക്കുകൾ തന്നെ കുഴിയിലേക്കെടുക്കുന്നത് വരെ മറക്കില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Tags : Politics KPCC RajmohanUnnithan Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash