Kerala
തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരായ നിലപാടുമായി കെപിസിസി യോഗത്തിൽ നേതാക്കൾ. കൈയാങ്കളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച എം.എം. ഹസൻ അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടും രമ്യയ്ക്കെതിരാണ്.
രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എം.എം. ഹസൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. അതേസമയം എംഎൽഎ എന്ന നിലയിൽ രമ്യക്കെതിരെ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.
ചിറയിൻകീഴിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ ഏറ്റുമുട്ടിയത്. പൊതുജനമധ്യത്തിൽ ഈ വിഷയം പാർട്ടിക്ക് ഏറെ നാണക്കേടായതിനാൽ കൂടുതൽ വഷളാകാതെ പരിഹരിക്കാനാണ് നീക്കം.
രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതാണ് താൻ ചോദ്യം ചെയ്തതെന്നായിരുന്നു രമ്യ ഹരിദാസിന്റെ വാദം.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെയുള്ള കെപിസിസിയുടെ അച്ചടക്ക നടപടി താക്കീതിൽ ഒതുങ്ങിയേക്കും. എംഎൽഎ എന്ന നിലയിൽ രമ്യക്കെതിരെ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.
ഇരുവിഭാഗത്തിനെയും ഒപ്പം നിർത്തി പ്രശ്നം ഉടൻ പരിഹരിക്കാനാണ് പാർട്ടി നേതൃത്യം അണിയറയിൽ നീക്കം നടത്തുന്നത്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കൂടുതൽ പക്വതയോടെ ഇടപെടണമെന്ന് പാർട്ടി നേതൃത്വം ബുധനാഴ്ച രമ്യ ഹരിദാസിനോട് നിർദേശിച്ചിരുന്നു.
പൊതുജനമധ്യത്തിൽ ഈ വിഷയം പാർട്ടിക്ക് ഏറെ നാണക്കേടായതിനാൽ കൂടുതൽ വഷളാകാതെ പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. രമ്യയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്.
കൈയാങ്കളി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന എം.എം. ഹസൻ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ ബുധനാഴ്ച വൈകുന്നേരം രമ്യ ഹരിദാസ് കെപിസിസി ആസ്ഥാനത്തെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നേരത്തെ മറുവിഭാഗത്തിൽപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്നും തെളിവുകളും വിവരശേഖരണവും നടത്തിയിരുന്നു.
വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എം. ഹസൻ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സമിതിക്ക് മുൻപാകെ ഹാജരാകാതെ രമ്യ ഒഴിഞ്ഞുമാറിയിരുന്നു. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നായിരുന്നു വിശദീകരിച്ചിരുന്നത്. എന്നാൽ രമ്യ ഡൽഹിയിൽ പോകാതെ പാലക്കാട്ടെ കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടതും വിവാദമായിരുന്നു.
ഈ ഘട്ടത്തിൽ ആരോപണ വിധേയനായ പാളയം പ്രദീപിനെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. കൈയാങ്കളി വിവാദത്തിൽ ഇരുവിഭാഗത്തിലെയും നേതാക്കളായ പാളയം പ്രദീപിനെയും സജാദിനെയും കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.
അച്ചടക്ക നടപടി നിലവിലിരിക്കെ പാളയം പ്രദീപിനെ സംരക്ഷിക്കാനുള്ള നീക്കം പാർട്ടിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മറുവിഭാഗം ആരോപിച്ചിരുന്നു. പാർട്ടി അച്ചടക്ക നടപടിയെടുത്ത ആരെയും സംരക്ഷിക്കില്ലെന്ന് മുതിർന്ന നേതാക്കൾ പരസ്യമായി അഭിപ്രായം പറഞ്ഞതോടെ രമ്യ ഒറ്റപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പാളയം പ്രദീപിനെ ഒപ്പം നിർത്താനുള്ള നീക്കം രമ്യ ഉപേക്ഷിച്ചു.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ കെ മുരളീധരൻ, എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ രമ്യക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു.
മുതിർന്ന നേതാവും ജനപ്രതിനിധിയും എന്ന നിലയിൽ രമ്യ കൈയാങ്കളി വിവാദത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എ.പി. അനിൽകുമാർ തുറന്നടിച്ചിരുന്നു. കെ.സി. വേണുഗോപാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലുള്ള നീരസവും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനു വേണ്ടി പാർട്ടി നേതൃത്വം സ്വീകരിച്ച പക്വമായ നടപടികളെ വഷളാക്കുന്ന സമീപനമാണ് രമ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി വിമർശിച്ചിരുന്നു.
അതേസമയം പാളയം പ്രദീപിനെ ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മറുവിഭാഗവും നിലപാട് കടുപ്പിച്ചിരുന്നു. വിവാദങ്ങൾക്ക് ശേഷം ബുധനാഴ്ച രമ്യ ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് കെപിസിസി ആസ്ഥാനത്തെത്തി എം.എം. ഹസൻ മുമ്പാകെ കൈയാങ്കളി വിവാദത്തിൽ തന്റെ ഭാഗം വിശദീകരിച്ചത്.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴ് കൈയാങ്കളി വിവാദത്തിനിടെ രമ്യ ഹരിദാസ് എംഎല്‍എ ഓഫീസിലെത്തി ഇന്നു രാവിലെ പത്തോടെയാണ് രമ്യ ഹരിദാസ് ചിറയിന്‍കീഴിലെ എംഎല്‍എ ഓഫീസിലെത്തിയത്.
രമ്യയെ അനുകുലിക്കുന്ന പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്കി അപമാനിക്കുകയാണെന്ന് ആരോപിച്ചു. ഇന്നു രാവിലെ രമ്യ ഹരിദാസ് ഫേസ് ബുക്കില്‍ തെരഞ്ഞെുപ്പ് വിജയ വീഡിയോ പങ്ക് വച്ചിരുന്നു. കൂടാതെ ഇന്നും നാളെയും ഓഫീസില്‍ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.
ഇന്നു കെപിസിസി ഓഫീസിലെത്തി കൈയാങ്കളി വിവാദം അന്വേഷിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന് അധ്യക്ഷനായ സമിതിക്കു മുന്‍പാകെ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കും.
Kerala
തിരുവനന്തപുരം: കെപിസിസിക്കു ഫുള്‍ ടൈം അധ്യക്ഷന്‍ വേണമെന്ന നിബന്ധനയോടു കടുത്ത നീരസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. ഫുള്‍ ടൈം അധ്യക്ഷന്‍ വേണമെന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തിയിട്ടില്ല.
ഇന്ത്യയില്‍ ഒരിടത്തെയും പിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഇങ്ങനെ വ്യവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ നേതൃത്വം ഒരു വ്യവസ്ഥയും വച്ചിട്ടില്ല. പാര്‍്ട്ടി നിലപാട് എന്താണെന്ന് തനിക്കറിയില്ല. കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നവര്‍ തെറ്റിദ്ധാരണയും ആശയകുഴപ്പവും ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് മുന്‍പ് പലപ്രാവശ്യവും എംപിമാരും എംഎല്‍എമാരും ആയവര്‍ കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുള്‍ ടൈം അധ്യക്ഷന്‍ വേണമെന്ന ചില നേതാക്കളുടെ നിര്‍ദേശത്തോടു കടുത്ത നീരസമാണ് കൊടിക്കുന്നില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്ന നേതാക്കളില്‍ ഒരാളാണ് കൊടിക്കുന്നില്‍ സുരേഷ്. ദളിത് പ്രാതിനിധ്യം കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ നേരത്തെയുള്ള നിലപാട്.
അതേസമയം, തെരഞ്ഞെുപ്പില്‍ വിജയിച്ച് മന്ത്രിയായ ശേഷവും സണ്ണി ജോസഫാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ നിയമിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തോട് ഹൈക്കമാന്‍ഡ് ഇതുവരെയും നിലപാട് സ്വീകരിക്കാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ കെപിസിസി പ്രസിഡന്റ് വിഷയം ചർച്ചയായതായി സൂചനയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധിയിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
സണ്ണി ജോസഫ് വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും ജനങ്ങളോട് അല്പമെങ്കിലും മര്യാദ കാണിക്കണെമന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗറിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിലപാട് രാഹുൽ ഗാന്ധിയെ അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലെ പത്ത് ജൻപഥിലെ വസതിയിൽ 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിലാണ് കെപിസിസി അധ്യക്ഷസ്ഥാനം ചർച്ചയായത്.
എംപിമാരും എംഎൽഎമാരും അടക്കമുള്ള നേതാക്കൾ അധ്യക്ഷസ്ഥാനത്തേക്കു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിന് മുഴുവൻ സമയവും സംഘടനാപ്രവർത്തനത്തിനായി മാറ്റിവയ്ക്കുന്ന ഒരാൾ വേണമെന്ന നിലപാടാണ് സതീശൻ മുന്നോട്ടുവച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ വികാരവും ഇതുതന്നെയായിരുന്നു. കൂടാതെ സർക്കാരുമായി സഹകരിച്ചുപോകുന്ന ഒരാളെ അധ്യക്ഷനായി പരിഗണിക്കണമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചതായാണു സൂചന. ഇതിനോട് രാഹുൽ അനുകൂലമായ നിലപാട് സ്വീകരിച്ചതായാണു വിവരം.
വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഹൈക്കമാൻഡ് വിളിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനാണ് സതീശൻ ഡൽഹിയിലെത്തിയത്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അസൗകര്യം മൂലം യോഗം റദ്ദാക്കി.
അതേസമയം അധ്യക്ഷസ്ഥാനത്തിനായി വിവിധ നേതാക്കൾ രംഗത്തുണ്ട്. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. സമീപദിവസങ്ങളിൽ ടി.എൻ. പ്രതാപനും അധ്യക്ഷമോഹവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതോടെ പാർട്ടിക്ക് മുഴുവൻസമയ അധ്യക്ഷനില്ലെന്ന വിമർശനം ശക്തമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കും അധ്യക്ഷന്റെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.
പുതിയ അധ്യക്ഷനെ സംബന്ധിച്ചു സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ വർക്കിംഗ് പ്രസിഡന്റ് പദവിയിലേക്കു വനിതയെയും പരിഗണിക്കുന്നതായി റിപ്പോർട്ട്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമായ ജെബി മേത്തറെയാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
ഗ്രൂപ്പ്, പ്രാദേശിക, സമുദായ സമവാക്യങ്ങള്‍ നോക്കിയാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്നത്.
നിലവില്‍ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എംപി എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. വനിതാ പ്രാതിനിധ്യം വേണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് ജെബി മേത്തെറ പരിഗണിക്കുന്നത്. എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ മന്ത്രിമാരാണ്.
ജെബി മേത്തര്‍ക്ക് സ്ഥാനം നല്കുകയാണെങ്കില് സാമുദായിക സമവാക്യം പരിഗണിച്ച് ഷാഫി പറമ്പിലിനെയും ഒഴിവാക്കിയേക്കും.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിയിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎൽഎയുടെ നിർണായക നീക്കം. പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ എംഎൽഎ കത്തുനല്‍കി.
ആദ്യം സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടക്കി. തുടർന്ന് നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. പിന്നാലെയാണ് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ കത്തുനൽകിയത്.
മെയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്.
Kerala
തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. രമ്യയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക.
കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് ഞായറാഴ്ച കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ യോഗവുമായി ബന്ധപ്പെട്ട് പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതും ഇടപെട്ടതുമാണ് പ്രശ്നങ്ങൾ വഷളാക്കിയത്. പാളയം പ്രദീപ് എംഎൽഎയുടെ പിഎ ആണെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടിയുമായി കെപിസിസി. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു.
ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
വിഷയം അന്വേഷിക്കാൻ നിയോഗിച്ച കെപിസിസി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവിഭാഗത്തിനുമെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസനാണ് സമിതിയുടെ അധ്യക്ഷൻ.
ഔദ്യോഗിക കാര്യങ്ങളിൽ പാളയം പ്രദീപ് ഇടപെടുന്നതിന് ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട തമ്മിലടിയിൽ കോൺഗ്രസ് അന്വേഷണം പ്രഖ്യാപിച്ചു. മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ടു നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി ഇരുവിഭാഗത്തുമുള്ളവരോടും ഞായറാഴ്ച നേരിട്ട് ഹാജരാകാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായവർക്കെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.
പരസ്യമായ ഏറ്റുമുട്ടലുകളും നിയമനടപടികളും പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്ന വിലയിരുത്തലിൽ പ്രശ്നം സംഘടന തലത്തിൽ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം എംഎൽഎയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം അടക്കം 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കൽ, എസ്സി, എസ്ടി അതിക്രമം തടയൽ നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. രമ്യ ഹരിദാസും പാളയം പ്രദീപും ചേർന്ന് വീടുകയറി ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലത്തിന്റെ പരാതി.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൈയാങ്കളിയിൽ കടുത്ത അതൃപ്തിയിൽ കെപിസിസി. ചിറയിൻകീഴിലെ സംഭവവികാസങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും.
രമ്യ ഹരിദാസിന് ഒപ്പം ഉള്ള പാളയം പ്രദീപിനെതിരെ ആലത്തൂരിലും പരാതി ഉയർന്നിരുന്നു. പരാതിയുമായി രമ്യ ഹരിദാസും നേതൃത്വത്തെ സമീപിക്കും.
സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി.
വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.
Kerala
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണെന്നും തീരുമാനം വൈകുന്നതിൽ നിഗൂഢതയുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
യുഡിഎഫിലേക്ക് സിപിഐയെ കൊണ്ടുവരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണം. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
എല്ലാ ജില്ലകളിലും പുതിയ നേതൃത്വം വരണം. ജാതി സമവാക്യങ്ങൾ നോക്കി കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അധാർമികതയാണ്. അതുകൊണ്ട് ഒരു ഗുണവും കോൺഗ്രസിന് കിട്ടാൻ പോകുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സർക്കാർ- പാർട്ടി ഏകോപനവും ബോർഡ്- കോർപറേഷൻ അധ്യക്ഷന്മാരുടെ നിയമനങ്ങളും അടക്കമുള്ള നിലവിലെ രാഷ്്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ സെപ്റ്റംബർ മൂന്നിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു. കെപിസിസി പ്രസിഡന്റിനെയും വർക്കിംഗ് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെയും ഉടൻ നിയമിക്കണമെന്ന ആവശ്യവും ഹൈക്കമാൻഡിനെ അറിയിക്കും.
ചില ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരായ സാഹചര്യത്തിൽ ഡിസിസികളുടെ പുനഃസംഘടനയും ഉടൻ ആവശ്യമാണ്. പാർട്ടി പ്രവർത്തനം നിശ്ചലമാണെന്ന പരാതി കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അടക്കമുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം തുറന്നടിക്കുകയും ചെയ്തിരുന്നു.
കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിയായശേഷം പാർട്ടിയുടെ തലപ്പത്ത് ആളില്ലാത്ത സാഹചര്യമാണ്. പാർട്ടി-സർക്കാർ ഏകോപനത്തിനായി സമിതി രൂപീകരിക്കാൻ നേരത്തേ ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിലും തീരുമാനമായില്ല.
ബോർഡ്-കോർപറേഷൻ അധ്യക്ഷൻന്മാരെ നിശ്ചയിക്കാനുള്ള ചർച്ചകളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച കോണ്‍ഗ്രസിലെ ചർച്ചകളും പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്നാകും ഘടകകക്ഷികളുമായി ചർച്ച നടക്കേണ്ടത്.
കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങാനിരിക്കേ പ്രളയത്തെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഓണത്തിനു ശേഷം ചർച്ചകൾ പുനരാരംഭിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഹൈക്കമാൻഡ് വൈകിപ്പിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് താത്കാലികമായി സ്ഥാനത്ത് തുടരും. പാർട്ടിക്കുള്ളിലെ പുനഃസംഘടനയും വിവിധ വിഭാഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ച ശേഷമേ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കൂ എന്നാണ് ഹൈക്കമാൻഡ് നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പും സംഘടനാ പുനഃസംഘടനയും മുന്നിൽ കണ്ട് പാർട്ടിക്കുള്ളിലെ സമുദായ സമവാക്യങ്ങളും നേതാക്കളുടെ പിന്തുണയും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനോടൊപ്പം ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പാർട്ടിയിലെയും യുഡിഎഫിലെയും രാഷ്ട്രീയ നിയമനങ്ങൾക്കായി കർശനമായ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാനും കോൺഗ്രസ് നേതൃത്വം തയാറെടുക്കുകയാണ്.
മുതിർന്ന നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും കൂടിയാലോചനകൾ നടത്തിയ ശേഷമേ ഹൈക്കമാൻഡ് പുതിയ പ്രഖ്യാപനത്തിലേക്ക് കടക്കൂ. അതുവരെ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: തൃശൂരിലെ പുലിക്കളി കലാകാരന്മാർക്കെതിരായ അധിക്ഷേപങ്ങളിൽ രൂക്ഷവിമർശനവുമായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. പുലിക്കളി കലാകാരന്മാരുടെ ശരീരത്തെ പരിഹസിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ മുതൽ പുലിക്കളി സംഘങ്ങൾക്കുള്ള സർക്കാർ ധനസഹായം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പുലിക്കളിയെക്കുറിച്ച് നടത്തിയ സോഷ്യൽ മീഡിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. സംഭവം കലാകാരന്മാർക്കിടയിൽ അമർഷത്തിനിടയാക്കുകയും പിന്നീട് ശ്രീരാമൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മനുഷ്യരെ ശരീരത്തിന്റെയോ ബാഹ്യരൂപത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും, ശ്രീരാമനിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത് ഏറെ വിഷമമുണ്ടാക്കിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അതേസമയം, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നാടകപ്രവർത്തകർക്ക് സാംസ്കാരിക മന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാർ വേദിയിലെത്തുന്നതെന്നും അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കിയ മന്ത്രി, സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Kerala
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള ഇഡിയുടെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സിപിഎമ്മിന്റെ ഇതുവരെയുള്ള മുടന്തൻ ന്യായങ്ങൾ വസ്തുതാപരമല്ലെന്ന് ഇതോടെ വ്യക്തമായി. ഈ വിഷയത്തിൽ വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മകളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡിയുടെ കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മറുപടി പറയണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം വീണ വിജയനെതിരെ കോടികളുടെ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഇതുകൂടാതെ ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. 20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത ആളായിരിക്കണമെന്ന് സണ്ണി ജോസഫ്. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റ് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു സണ്ണി ജോസഫ്.
എംഎൽഎമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഘട്ടറുമായി സണ്ണി ജോസഫ് ചർച്ച നടത്തിയിരുന്നു.
കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണമെന്നും, കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: കാസർഗോഡ് ഇവിഎം കോഴ ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരേ കെപിസിസിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റ് സണ്ണി ജോസഫ്.
ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കും.
ജന്തർ മന്തറിലെ സമരവേദിയിലാണ് നേതാക്കളെന്നും അതിനാലാണ് തീരുമാനം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരേയുള്ള സോഷ്യൽ മീഡിയ വ്യാജ പ്രചാരണം ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്യുവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി.
മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന "രാജശീലം" മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസിക്ക് പരാതി നൽകി.
വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് കെഎസ്യു പ്രസിഡന്റ് സമയം തേടും. അതേസമയം, കെഎസ്യു പ്രവർത്തകരോട് പരസ്യപ്രതികരണം വേണ്ടെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിലെ ഈ ചേരിതിരിവിനെതിരെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായിരിക്കുകയാണ്.
Kerala
ആലപ്പുഴ: മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന നേതാവുമായ വി.എം. സുധീരനെ കടുത്ത ഭാഷയിൽ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.എം. സുധീരൻ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം കട്ടപ്പുറത്തിരിക്കുന്ന ഓടാത്ത വണ്ടിയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
കഴിഞ്ഞ 30 കൊല്ലമായി സാക്ഷാൽ വി.എം. സുധീരൻ തന്നെ വ്യക്തിപരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. സുധീരനെ ആലപ്പുഴയുടെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും കെട്ടുകെട്ടിച്ചതിൽ തനിക്ക് പങ്കുണ്ടെന്നും അതിന്റെ വൈരാഗ്യമാണ് ഇപ്പോൾ തീർക്കുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
അന്ന് കട്ടപ്പുറത്ത് കയറിയ സുധീരൻ ഇപ്പോഴും അവിടെത്തന്നെ ഇരിക്കുകയാണെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സ് ബോർഡ്. കോൺഗ്രസ് തിരുവനന്തപുരത്തിന്റെ പേരിൽ "കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ" എന്ന് എഴുതിയ ഫ്ളക്സ് ആണ് സ്ഥാപിച്ചത്.
തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ളക്സിൽ പറയുന്നു.
വി.ഡി. സതീശൻ മന്ത്രിസഭയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. മന്ത്രിമാരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല. ഇതിൽ തീരുമാനം ആയതിന് ശേഷമായിരിക്കും കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുക.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. നിയുക്ത മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കു ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഔദ്യോഗികമായി നേതാവിനെ തെരഞ്ഞെടുക്കും. അതിനു തൊട്ടുമുന്‍പായി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിൽ നടത്തിയ മുക്കാൽ മണിക്കൂറിലേറെ നീണ്ട സുപ്രധാന ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ നടത്താനിരുന്ന പ്രഖ്യാപനം നീട്ടിയത്. ഡൽഹിയിലാണോ, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണോ നേതാവിനെ പ്രഖ്യാപിക്കുകയെന്നതിൽ വ്യക്തതയില്ല. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ നേരിട്ടു ടെലിഫോണിൽ വിളിച്ചു രാഹുൽ ഇന്നലെ അവസാനവട്ടം ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് ആന്റണി പൂർണപിന്തുണ അറിയിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നലെ രാത്രിയോടെ ഉണ്ടായാൽ പ്രതിഷേധിക്കാനിടയുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണു നാളത്തേക്കു പ്രഖ്യാപനം നീട്ടിയതെന്നാണു സൂചന. അക്രമങ്ങളും പരിധിവിട്ട പ്രതിഷേധങ്ങളുണ്ടായാൽ അത് വലിയ അപകടത്തിലേക്കുള്ള പോക്കാകും എന്നാണു നേതൃത്വം വിലയിരുത്തിയത്.
ഇന്നലെ വൈകുന്നേരം ഖാർഗെയും രാഹുലും നടത്തിയ ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകുന്നേരം 5.30ന് ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി 6.20ന് മടങ്ങി. തുടർന്ന് രാത്രി 7.10ന് ജയ്റാം ഖാർഗെയുടെ വസതിക്കു പുറത്തെത്തിയാണ് പ്രഖ്യാപനം ഇന്നത്തേക്കു നീട്ടിയതായി അറിയിച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലുള്ള ചർച്ചകൾ പൂർത്തിയായെന്നും മാധ്യമവിഭാഗം തലവനായ ജയ്റാം പറഞ്ഞു. വൈകുന്നേരം അഞ്ചു മുതൽ രാജാജി മാർഗിലെ ഖാർഗെയുടെ പത്തം നന്പർ വസതിക്കു മുന്പിൽ ദേശീയ, മലയാളം മാധ്യമപ്രവർത്തകർ കാത്തിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് എംഎൽഎമാരിലും പാർട്ടിയുടെ വിവിധ തലങ്ങളിലും കെ.സി. വേണുഗോപാലിനു ലഭിച്ച മേൽക്കൈ തള്ളാനാകില്ലെന്ന നിലപാടിലാണു രാഹുലും ഖാർഗെയുമെന്നാണു കരുതുന്നതെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡൽഹിയിൽ സൂചന നൽകി. എഐസിസിയുടെ പ്രഖ്യാപനം വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
► ആകാംക്ഷയ്ക്ക് അറുതി
പത്തു ദിവസത്തിലേറെ നീണ്ട ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും സന്ദേഹങ്ങൾക്കും ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങൾക്കും ഇന്നവസാനം. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും മൂന്നു നേതാക്കൾ ചേരിതിരിഞ്ഞു നടത്തിയ, തെരുവിലേക്കു നീണ്ട, പോരുകളുമാണു പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീട്ടിയത്. കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും സംഘടനാതലത്തിലുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായവും വ്യക്തമായ ഉടനെ നടത്താമായിരുന്ന പ്രഖ്യാപനമാണു സങ്കീർണമായ സ്ഥിതിവിശേഷം കണക്കിലെടുത്തു മാറ്റിയത്.
► മത, സാമുദായിക സമ്മർദങ്ങൾ പ്രശ്നമായി
മത, സാമുദായിക ശക്തികളുടെ സമ്മർദങ്ങൾക്കു വഴങ്ങിയാൽ കേരളത്തിൽ ബിജെപിക്ക് പെട്ടെന്നു വാതിൽ തുറന്നുകൊടുക്കുന്നതിനു തുല്യമാകുമെന്ന ആശങ്ക തീരുമാനത്തിന്റെ പ്രഖ്യാപനം നീട്ടാൻ കോണ്‍ഗ്രസ് നേതൃത്വത്തെ നിർബന്ധിതമാക്കി. മത, സാമുദായിക, വർഗീയ ശക്തികൾക്കു വഴങ്ങരുതെന്ന ഉറച്ച നിലപാടിലാണ് എഐസിസി നേതൃത്വം. വി.ഡി. സതീശന് അനുകൂലമായുണ്ടായ ജനവികാരത്തിനു പിന്നിൽ ചില ആസൂത്രിത ശ്രമങ്ങളുണ്ടായെന്ന സൂചനകളും പ്രതിസന്ധി രൂക്ഷമാക്കി.
മുഖ്യമന്ത്രിസ്ഥാനാർഥിയായോ പാർട്ടിയുടെ മുഖമായോ കേരള നേതാക്കളാരെയും ഉയർത്തിക്കാട്ടുന്നില്ലെന്നും ടീം യുഡിഎഫ് ആണെന്നും തെരഞ്ഞെടുപ്പിനുമുന്പേ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പിണറായി സർക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിച്ചതെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. യോഗ്യരായ മൂന്നു നേതാക്കൾ ഒരേ പദവിക്കായി പരിഗണനയിലുണ്ടായിരുന്നതിനാലാണു നേതാവിനെ സൂചിപ്പിക്കേണ്ടതില്ലെന്നു ഹൈക്കമാൻഡ് തീരുമാനിച്ചത്.
എന്നാൽ, മുഖ്യമന്ത്രിയായി ആരെയാണു തെരഞ്ഞെടുക്കുകയെന്നു രാഹുലോ, ഖാർഗെയോ അടക്കം എഐസിസി നേതാക്കളിലാരും സൂചിപ്പിക്കുകപോലും ചെയ്യുന്നതിനു മുമ്പുതന്നെ കേരളത്തിൽ ചേരിതിരിഞ്ഞ് ഫ്ളക്സ് ബോർഡുകളിലൂടെയും പോസ്റ്ററുകളിലൂടെയും വാട്ട്സ്ആപ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചാരണം തുടങ്ങിയിരുന്നു. വോട്ടെടുപ്പു കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായംപോലും തേടുന്നതിനു മുന്‍പേ തുടങ്ങിയ പ്രചരണത്തിനു പിന്നിൽ ചില സംഘടിത ഗ്രൂപ്പുകളുണ്ടാകാം.
പ്രവർത്തകരും പൊതുജനങ്ങളും സ്വമേധയാ പിന്തുണയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവെന്ന വാദം, എല്ലാം നിർത്തിവയ്ക്കാൻ മൂന്നു നേതാക്കളും കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ആഹ്വനം ചെയ്തതിനു പിന്നാലെ സ്വിച്ചിട്ടതുപോലെ എല്ലാ പ്രകടനങ്ങളും പ്രചാരണങ്ങളും നിർത്തിയതോടെ പൊളിഞ്ഞെന്ന് ഹൈക്കമാൻഡ് കരുതുന്നു. ആസൂത്രിതമല്ലെങ്കിൽ ഒരാഹ്വാനം കൊണ്ട് ഒറ്റയടിക്ക് സംസ്ഥാനത്താകെ സമാധാനം വരില്ലായിരുന്നു. ചേരിതിരിഞ്ഞുള്ള പ്രചാരണം വീണ്ടും തുടങ്ങിയതിനു പിന്നിലും തത്പരസംഘങ്ങളുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ വി.ഡി. സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്കി.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇടുക്കിയില്‍ സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂ പ്രതികരിച്ചത്.
മറ്റിടങ്ങളില്‍ നടപടി ഉണ്ടാകുന്നുണ്ടോയെന്നത് താന്‍ പരിശോധിക്കേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യം മാത്രമാണ് തനിക്ക് അറിയൂവെന്നും മാത്യൂ പറഞ്ഞു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്‍ക്കൊള്ളണം. പ്രവര്‍ത്തകരെ പദവികളില്‍ നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.
Viral
കെപിസിസി ആസ്ഥാനത്തെ തിരക്കേറിയ രാഷ്ട്രീയ അന്തരീക്ഷത്തിനിടയിൽ അരങ്ങേറിയ ഒരു നിമിഷം ഇപ്പോൾ കേരളത്തിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പും ബിന്ദു കൃഷ്ണയും ഉൾപ്പെട്ട ഒരു വീഡിയോ ദൃശ്യമാണ് ഈ വിവാദങ്ങളുടെ അടിസ്ഥാനം.
കെപിസിസിയിൽ നടന്ന സുപ്രധാന യോഗത്തിനെത്തിയ ബിന്ദു കൃഷ്ണയെ അഭിവാദ്യം ചെയ്യുന്നതിനിടെ ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടിക്കാൻ മുതിരുന്നതും, അത് നിരസിച്ചുകൊണ്ട് ബിന്ദു കൃഷ്ണ പെട്ടെന്നുതന്നെ അദ്ദേഹത്തെ തള്ളിമാറ്റി അകലം പാലിച്ച് മുന്നോട്ട് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
മാധ്യമപ്രവർത്തകരുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ഈ സംഭവം സൈബർ ഇടങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ബിന്ദു കൃഷ്ണയുടെ ശരീരഭാഷയിൽ പ്രകടമായ അസ്വസ്ഥത വ്യക്തമാണെന്നും, പ്രൊഫഷണൽ ഇടങ്ങളിൽ ഒരാളുടെ വ്യക്തിപരമായ അതിർവരമ്പുകളെ ബഹുമാനിക്കാൻ നേതാക്കൾ പഠിക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം.
രാഷ്ട്രീയ കേന്ദ്രങ്ങൾ വനിതാ നേതാക്കൾക്ക് സുരക്ഷിതവും അന്തസുള്ളതുമായ ഇടമായിരിക്കണമെന്നും, സമ്മതമില്ലാതെയുള്ള ഇത്തരം ശാരീരിക ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നു.
പൊതുപ്രവർത്തകർ പുലർത്തേണ്ട സാമാന്യ മര്യാദകളെയും പെരുമാറ്റച്ചട്ടങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾക്കാണ് ഈ ഒരു വീഡിയോ തുടക്കമിട്ടിരിക്കുന്നത്.
മുദ്രാവാക്യങ്ങൾക്കും രാഷ്ട്രീയ അജണ്ടകൾക്കുമപ്പുറം, നേതാക്കളുടെ പൊതുരംഗത്തെ പെരുമാറ്റം ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭവം മാറി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ പോര് കടുക്കുന്നതിനിടെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഹൈബി ഈഡൻ എംപി. ഇതു സംബന്ധിച്ച് ഹൈബി കെപിസിസി പ്രസിഡന്റിന് കത്ത് നല്കി.
എന്നാൽ സ്ഥാനമൊഴിയലും നിലവിലെ വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹൈബി ഈഡന് ഡിജിറ്റൽ മീഡിയ സെൽ ചുമതല നൽകിയത്.
അതേസമയം ഹൈബിയുടെ കത്തിൽ കെപിസിസി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞ് സൈബർ പോരിന്റെ ഭാഗമായിരുന്നു.
Kerala
വയനാട്: വയനാട് ദുരന്തബാധിതർക്ക് വീട് നിർമാണത്തിനുള്ള ഫണ്ട് വിവാദത്തിൽ പരാതി നൽകി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.
സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. പാർട്ടിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തുന്നതായാണ് പരാതി. ഒരു വിഭാഗം സൈബർ പ്രൊഫൈലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ദീപ്തി മേരി വർഗീസ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
പാർട്ടിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് ബോധപൂർവമായ നീക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും പരാതിയിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സ്വാധീനിക്കാനും പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുമുള്ള ആസൂത്രിതമായ നീക്കമാണിതെന്നും പരാതിയിൽ പറയുന്നു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക പുറത്തുവന്നു. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂരിൽ കെ.സുധാകരനും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല.
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്നാണ് കെ.സുധാകരനെയും അടൂർ പ്രകാശിനെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പട്ടികയിൽ ഇടം നേടിയില്ല.
മണ്ഡലങ്ങളും സ്ഥാനാർഥികളും
ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
കല്ല്യാശേരി: രാജീവൻ കപ്പച്ചേരി
കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
കുന്നംകുളം: അജയ് മോഹൻ
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ: മനോജ് മൂത്തേടൻ
വൈപ്പിൻ: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം: എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രഫ. റോണി കെ. ബേബി
പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂർ: എബി കുര്യാക്കോസ്
റാന്നി: പഴകുളം മധു
ആറന്മുള: അബിൻ വർക്കി
കോന്നി: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ: അഡ്വ. ശാന്തകുമാർ
ചടയമംഗലം: എം.എം. നസീർ
വർക്കല: വർക്കല കഹാർ
നെടുമങ്ങാട്: മീനങ്കൽ കുമാർ
വാമനപുരം: സുധീർഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥൻ
അരുവിക്കര: വി.എസ്. ശിവകുമാർ
പാറശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എം.ആർ. ബൈജു
നെയ്യാറ്റിൻകര: എൻ. ശക്തൻ
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റ് നിഷേധിച്ചതിന് പിന്നാലെ നേതൃത്വത്തിന് മുന്നിൽ പുതിയ ഉപാധിയുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ എറണാകുളം ഡിസിസി അധ്യക്ഷസ്ഥാനമാണ് എൽദോസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസിസി അധ്യക്ഷ പദവി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചെങ്കിലും കെപിസിസി ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല. എൽദോസിനെതിരെയുള്ള നിയമനടപടികളെ തുടർന്നാണ് സീറ്റ് നിഷേധിച്ചത്.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടൻ സ്ഥാനാർഥിയാകുമെന്നാണ് സൂചന. ഹൈക്കമാൻഡ് അംഗീകരിച്ച പാനലിൽ നിന്നാണ് മനോജിനെ തെരഞ്ഞെടുത്തത്. എന്നാൽ എൽദോസിനെ ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്.
Kerala
ആലുവ: കെപിസിസി താത്കാലിക പ്രസിഡന്റ് ചുമതലയെക്കുറിച്ച് തനിക്കറിയില്ലെന്നു ബെന്നി ബെഹനാൻ എംപി. പ്രസിഡന്റ് മത്സരിക്കാൻ തീരുമാനിക്കുമ്പോൾ പാർട്ടി എന്തു നിർദേശിച്ചാലും അംഗീകരിക്കും.
നിലവിൽ മാധ്യമങ്ങളിൽ വന്ന അറിവു മാത്രമേ തനിക്കുള്ളൂ. മറ്റൊരു അറിയിപ്പോ ആശയവിനിമയമോ ഉണ്ടായിട്ടില്ല. സ്ഥാനാർഥിനിർണയത്തിൽ ഒരിടത്തും ഇതുവരെ തർക്കങ്ങൾ ഇല്ല.
ആശയവിനിമയത്തിൽ ചില പോരായ്മകൾ ഉണ്ടായിട്ടുണ്ട്. പെരുമ്പാവൂർ, കൊച്ചി സീറ്റുകളുടെ കാര്യത്തിൽ സമുദായിക ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുകൂലിച്ച് പേരാവൂർ മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന മണ്ഡലമാണ് പേരാവൂർ. മണ്ഡലത്തിൽ കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിലാണ് കെ.സുധാകരനെ അനുകൂലിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
എട്ടോളം ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. "നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയാണ് ബോർഡുകൾ.
നേരത്തെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും ഇത്തരത്തിൽ ബോർഡുകൾ ഉയർന്നിരുന്നു. കെ. സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Kerala
കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയശ്രമങ്ങൾക്ക് വഴങ്ങാതെ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നിയമസഭയിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന കെ.സുധാകരൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തില്ല.
തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ സുധാകരന് ക്ഷണം ലഭിച്ചത്. എന്നാൽ ക്ഷണം കെ.സുധാകരൻ നിരസിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾ പൂർത്തിയാക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുധാകരന് ക്ഷണം ലഭിച്ചത്. ഡൽഹിയിലേക്ക് പോകാനിരുന്ന സുധാകരൻ ശനിയാഴ്ച രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.
രാഹുൽഗാന്ധിയെ കണ്ടാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നതാണ് ഡൽഹിയിലേക്ക് പോകുന്നതിൽ നിന്ന് സുധാകരനെ പിന്തിരിച്ചതെന്നാണ് വിവരം. അതേസമയം രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെട്ട് അനുനയ ശ്രമങ്ങൾ തുടരുന്നുണ്ട്.
District News
എടത്വ: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. കോണ്‍ഗ്രസ് പ്രാദേശിക ഘടകം സീറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെപിസിസിയില്‍ സമ്മര്‍ദ്ദമേറുന്നു. വിട്ടുവീഴ്ചയില്ലന്ന് കേരളാ കോണ്‍ഗ്രസ്.
1965 മുതല്‍ കേരളാ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുള്ള കുട്ടനാട്ടില്‍ നിലവില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പാണ് സീറ്റ് കൈവശം വെച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ കേരളാ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ റെജി ചെറിയാന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് കളത്തില്‍ ഇറങ്ങിയിരുന്നു.
കേരളാ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുന്ന കുട്ടനാട്ടില്‍ സീറ്റ് നഷ്ടപ്പെടുത്തരുതെന്ന പ്രാദേശിക ഘടകം ജില്ല ഘടകത്തോട് ആവശ്യപ്പെട്ടതോടു കൂടിയാണ് വിവാദം തല പൊക്കിയത്. 2021 ല്‍ നടന്ന തെരഞ്ഞെടുപ്പിലും സമാന വിഷയം ഉയര്‍ന്നു വന്നിരുന്നു. യുഡിഎഫ് തീരുമാനത്തില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കുകയും ചെയ്തിരുന്നു. എന്നല്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തോമസ് കെ. തോമസിനോട് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. ജേക്കബ് എബ്രഹാം പരാജയപ്പെട്ടു. ഡിസിസി മുതല്‍ എഐസിസി വരെയുള്ള നേതാക്കളോട് പ്രാദേശിക ഘടകം സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.
കെപിസിസിയില്‍ സമ്മിശ്ര പ്രതികരണമാണ് നടക്കുന്നത്. ഇക്കുറി കുട്ടനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവ് താല്പര്യപ്പെട്ടതായി സൂചനയുണ്ട്. അതേസമയം കെപിപിസിയിലേയും എഐസിസിയിലെയും മുതിര്‍ന്ന നേതാക്കന്മാര് പച്ചക്കൊടി നല്‍കിയിട്ടില്ല.
യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് ഇവര്‍ നല്കുന്ന സൂചന. സീറ്റ് വിവാദം ചര്‍ച്ച ചെയ്യാതെ നീണ്ടുപോകുമ്പോഴും റെജി ചെറിയാന് കോര്‍ണര്‍ യോഗങ്ങള്‍ വിളിച്ചുകുട്ടുകയും മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസില്‍ അഞ്ചോളം നേതാക്കള്‍ സീറ്റ് മോഹവുമായി രംഗത്തുണ്ട്.
എഐസിസി അംഗം അഡ്വ. അനില്‍ ബോസ്, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജെഎന്‍യു മുന്‍ പ്രസിഡന്റ് ഡോ. സിമി ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണന പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. അഡ്വ. അനില്‍ ബോസും ഡോ. സിമി ജോസഫും എഐസിസിയുമായി ബന്ധം പുലര്‍ത്തുന്നവരാണെങ്കില്‍ പ്രാദേശിക തലത്തില്‍ സജി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നവരും നിരവധിയുണ്ട്. ക്രൈസ്തവ, ഈഴവ വോട്ടുകള്‍ വിഘടിച്ചു പോകാതെ തെരഞ്ഞെടുപ്പിനെ അഭിമുഖരിക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കിയാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നവരെ ആശ്രയിച്ചാകും സീറ്റ് നല്‍കുന്നത്. എന്‍ഡിഎയില്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തിയാല്‍ സജി ജോസഫിനോ ഡോ. സിമി ജോസഫിനോ മുന്‍തൂക്കം നല്‍കും. ചില പ്രാദേശിക നേതാക്കളും സീറ്റിനായി മുറവിളി കൂട്ടുന്നുണ്ട്.
യുഡിഎഫിലെ പടലപിണക്കം മുന്‍കൂട്ടി കണ്ട് വെച്ചൊഴിഞ്ഞ സീറ്റ് തോമസ് കെ. തോമസ് വീണ്ടും ചോദിച്ചു വാങ്ങിയിരുന്നു. പ്രചരണത്തിന് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നിലവില്‍ എംഎല്‍എ തോമസ് കെ. തോമസ് പ്രചരണവുമായി മുന്നോട്ടു പോകുകയാണ്. മണ്ഡലത്തില്‍ സജീവമായി എംഎല്‍എ ഇടപെടുന്നുണ്ട്. വരും ദിസങ്ങളില്‍ കളം വ്യക്തമാകുമെന്നാണ് യുഡിഎഫ് നല്കുന്ന സൂചന.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാറ്റിൽ പറത്തി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കെ. സുധാകരൻ കെപിസിസി നേതൃത്വത്തിന് തലവേദനയാകുന്നു. മത്സരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ ഫാൻസ് സുധാകരനായി നവമാധ്യമങ്ങളിൽ പ്രചരണം തുടങ്ങി.
അധികാരമോഹം കൊണ്ടല്ല സുധാകരൻ മത്സരിക്കുന്നതെന്നും യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ അദ്ദേഹവും ഭാഗമാകണമെന്ന് അണികൾ അഗ്രഹിക്കുന്നതുകൊണ്ടാണെന്നുമാണ് ഫാൻസിന്റെ വാദം.
അതേസമയം എംപിമാരെ മത്സരിപ്പിക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവും. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി തന്നെ ഇടപെടുമെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അദ്ദേഹവുമായി സംസാരിക്കുമെന്നുമാണ് വിവരങ്ങൾ.
Kerala
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു.
എംപി സ്ഥാനത്തുള്ളവർ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ച സാഹചര്യത്തിൽ കെ.സുധാകരൻ മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമാണ്. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
കണ്ണൂരില്‍ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെയും പങ്കുവച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തിനായി സ്ക്രീനിംഗ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഫെബ്രുവരി ആറിനു കാസർഗോഡ്നിന്ന് ആരംഭിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്നു തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിനു മുന്നിൽ നിന്നും വൈകുന്നേരം നാലിനു പുതുയുഗ യാത്രാ നായകൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിനു തുടക്കമാകും.
പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെൽത്ത് കോണ്‍ക്ലേവിന്റെ നയരേഖ കോഴിക്കോട്ടും ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നയരേഖ തൃശൂരിലും പ്രകാശനം ചെയ്തു. ‘സംവദിക്കാം പുതുയുഗത്തിനായ് ’ എന്ന സംവാദവും പതിനാല് ഇടങ്ങളിൽ സംഘടിപ്പിച്ചു.
Kerala
കോട്ടയം: യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റ് ഇത്തവണയും വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ശനിയാഴ്ച പുതുയുഗയാത്രയുടെ സമാപനത്തിനുശേഷം കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ഇരുപാര്‍ട്ടി നേതാക്കളും.
കഴിഞ്ഞ തവണ തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി, ചങ്ങാനാശേരി, ഏറ്റുമാനൂര്‍, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂര്‍, കുട്ടനാട്, ഇരിങ്ങാലക്കൂട സീറ്റുകളിലാണു മത്സരിച്ചത്. ഇതില്‍ തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണു വിജയിക്കാനായത്. ഇത്തവണ ഏറ്റുമാനൂര്‍, ഇടുക്കി, ഇരിങ്ങാലക്കൂട, കുട്ടനാട് സീറ്റുകളില്‍ കോണ്‍ഗ്രസിനു നോട്ടമുണ്ട്. ഇവ വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയാറാല്ല.
സീറ്റുകള്‍ വച്ചുമാറുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യാമെന്നാണ് പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിനു നല്കിയാല് പൂഞ്ഞാര്‍ വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.
പൂഞ്ഞാറിൽ സ്ഥാനാർഥിനിർണയത്തിൽ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട് കോൺഗ്രസ്. ഏറ്റുമാനൂര്‍ സീറ്റ് സംസ്ഥാന നേതാവിനു വേണ്ടിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇടുക്കി സീറ്റ് ഏറ്റെടുക്കണമെന്ന ഇടുക്കിയിലെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ജോസഫ് വിഭാഗം വച്ചുമാറ്റത്തിനു തയാറല്ല.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ മണ്ഡലങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശം. ഇടത് സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് ജനപ്രതിനിധിയായതു കൊണ്ട് മാത്രം നേരിട്ട അവഗണനകളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്ന നടപടികളും ജനങ്ങള്‍ക്ക് മുന്പില് തുറന്നു കാണിക്കണമെന്നും പാർട്ടി എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്ര പിന്നിട്ട ജില്ലകളില്ലെല്ലാം സിറ്റിംഗ് എംഎല്‍എമാര്‍ കാമ്പയിന് ആരംഭിച്ചു കഴിഞ്ഞു. ഏഴിന് പുതുയുഗ യാത്ര അവസാനിക്കുന്നതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നോതാക്കള്‍ ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
യുഡിഎഫിന്റെ ഭാഗമായ മുഴുവന്‍ പാര്‍ട്ടികളെയും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. മുന്നണിയിലെയും പ്രാദേശികമായുമുള്ള വിയോജിപ്പുകള്‍ അവസാനിപ്പിക്കണമെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും കേവലം പടലപിണക്കങ്ങളുടെ ഭാഗമായി വീഴ്ചയുണ്ടാകരുതെന്നുമാണ് എംഎല്‍എമാര്‍ക്ക് ലഭിച്ച നിർദ്ദേശം.
സോഷ്യല്‍ മീഡിയ മുഖേനെ സര്‍ക്കാര്‍ പിന്തുണ ലഭ്യമാകാതെ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ മുടങ്ങിപോയ വിവിധ വികസന പദ്ധതികളും വോട്ടര്‍മാരിലേക്ക് എത്തിക്കും. യുവ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ ആകര്‍ഷകമായ പദ്ധതികള്‍ പ്രകടന പത്രികയിലുള്പ്പെടുത്തണം. സോഷ്യല്‍ മീഡിയ താരങ്ങളായ ആളുകളുമായി സംവാദവും അവരെ ഒപ്പം ചേര്‍ക്കുന്നതിനുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമീകരിക്കണം.
സാംസ്കാരികോത്സവങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും നടത്തണമെന്നും മണ്ഡലങ്ങളിലെ പ്രമുഖരായ ആളുകളെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഹരിതകര്‍മ്മ സേനാഗങ്ങളുടെയും സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ സാമുദായിക നേതൃത്വങ്ങളുമായും നല്ല ബന്ധം സൃഷ്ടിക്കണമെന്നും യുഡിഎഫ് സര്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും അതിന് ഒപ്പമുണ്ടാകണമെന്ന് സിറ്റിംഗ് എംഎല്‍എമാര്‍ പിന്തുണ അഭ്യര്‍ഥിക്കും.
അതേസമയം യുഡിഎഫ് എംഎല്‍എ ഇല്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ ലിസ്റ്റിലുള്ള ആദ്യ അംഗം ഇതിനോടകം സജീവമായിട്ടുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പ്, ആരോഗ്യസംവിധാനങ്ങളുടെ പോരായ്മ, എന്നു തുടങ്ങി സര്‍ക്കാരിന്റെ കോട്ടങ്ങള്‍ ചര്‍ച്ചയാക്കാനുമാണ് ഇവര്‍ക്കുള്ള അറിയിപ്പ്.
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡിന്റെ പച്ചക്കൊടി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് മത്സരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരം ചുമതലയുടെ ആവശ്യമില്ലെന്ന് എഐസിസി വിലയിരുത്തലുണ്ടായതോടെയാണ് സണ്ണി ജോസഫിന് മത്സര രംഗത്തിറങ്ങാൻ അനുമതി നേടാനായത്.
സണ്ണി ജോസഫ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് സംവിധാനങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഡൽഹിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുമ്പോൾ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മറ്റൊരാൾ വരേണ്ടതില്ലെന്നാണ് എഐസിസി നിലപാട്. ഇതിനുപകരമായി വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും.
വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഷാഫി പറമ്പിലിനാകും ചുമതല. തെരഞ്ഞെടുപ്പിന് ശേഷം മറ്റ് ക്രമീകരണങ്ങൾ ആവശ്യമെങ്കിൽ ആലോചിക്കാനാണ് ഹൈക്കമാൻഡ് നിലപാടെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.
Kerala
കോട്ടയം: കെപിസിസി സംഘടിപ്പിച്ച സംസ്ഥാന സാഹിതി സമിതിയുടെ പരിപാടിയിൽ മുൻ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേം കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സിപിഎം നേതൃത്വവുമായി ഇടഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ച് പ്രേംകുമാർ വേദിയിലെത്തിയത്.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി പ്രേം കുമാറിനെ നിയമിച്ചിരുന്നു. പിന്നീട് രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് അക്കാദമി അധ്യക്ഷനായും അദ്ദേഹത്തെ സർക്കാർ നിയോഗിച്ചു. എന്നാൽ തനിക്ക് ഉചിതമായ ഒരു യാത്രയയപ്പ് പോലും നൽകാതെയാണ് തന്നെ പദവിയിൽ നിന്നും നീക്കം ചെയ്തതെന്നും ആശ സമരത്തെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ ഇത്തരത്തിലൊരു നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നുമാണ് പ്രേംകുമാർ ആരോപിച്ചത്.
സംസ്ഥാന സാഹിത്യ അക്കാദമി അധ്യക്ഷൻ എം. സച്ചിദാനന്ദന്റെ ഇടത് വിരുദ്ധ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. പ്രേംകുമാറിന്റെ പ്രതികരണത്തിൽ പ്രതിരോധത്തിലായ പാർട്ടി നടത്തിയ അനുനയ ശ്രമങ്ങളോടും മുഖം തിരിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി അദ്ദേഹം എത്തിയത്.
District News
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർഥം കെപിസിസി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.
കൽപ്പറ്റയിലെ സ്വീകരണ യോഗം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബത്തേരിയിലെ സ്വീകരണ യോഗം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടിയിൽ എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു.
പ്രദീപ് പയ്യന്നൂർ ജാഥ കോഓർഡിനേറ്ററായുള്ള ജാഥയിൽ കള്ളനും കപ്പിത്താനും എന്ന നാടകം അവതരിപ്പിച്ചു. ഉമ്മർ പൂപ്പറ്റയുടെ മിമിക്രി കരിക്കേച്ചർ ഷോയും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ, കണ്‍വീനർ ജിതേഷ് വിനോദ് തോട്ടത്തിൽ, ബിനു മാങ്കൂട്ടം, സുന്ദർരാജ് എടപ്പെട്ടി, കെ. പത്മനാഭൻ, ഗിരിജ സതീഷ്, ഏബ്രഹാം കെ. മാത്യു, സി.എസ്. പ്രഭാകരൻ, വി.സി. സത്യൻ, ടി. സതീഷ് കുമാർ, ആന്റണി ചീരാൽ, ജീൻസ് ഫാന്റസി, എൻ.കെ. വർഗീസ്, ടി. മുഹമ്മദ്, ഡി.പി. രാജശേഖരൻ, ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കൽപ്പറ്റ, പടയൻ അമ്മദ്, ടി. മണി, ഒ.ജെ. മാത്യു, വി.കെ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ച
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി.വി. അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചതെന്നും പ്രസ്താവന ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
അതേസമയം വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുമെന്നും മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെപിസിസിയിൽ നടത്തി. ഇതിന്റെ ഭാഗമായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടന്നു.
കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, കെപിസിസി ഭാരവാഹികളായ വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, എം.എ. വാഹിദ്, എം. ലിജു, പാലോട് രവി, ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര സജീവമാണെന്ന് രമേശ് ചെന്നിത്തല. കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും തിരുത്തലുകൾ ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യവിരുദ്ധ സർക്കാരിനെതിരായ പോരാട്ടം തുടരണം. കേരളത്തിൽ യുഡിഎഫിന്റെ സർക്കാർ ഉണ്ടാകും.
കേരളത്തിലെ എൽഡിഎഫ് - ബിജെപി അന്തർധാരയെ പരാജയപ്പെടുത്തുകതന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് ശ്രീനാദേവി സമൂഹ മാധ്യമങ്ങള്‍ വഴി അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നല്‍കണമെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസില്‍ പറത്തിട്ടുള്ളതായും ഇതു സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവര്‍ വിവരങ്ങള്‍ ആരാഞ്ഞതായും സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിജീവിതന് എന്നു വിശേഷിപ്പിച്ചാണ് ശ്രീനാദേവി ഫേസ്ബുക്ക് ലൈവില്‍ കഴിഞ്ഞദിവസം എത്തിയത്. അതിജീവിതയ്ക്കൊപ്പമെന്നു വ്യക്തമാക്കിയ ശ്രീനാദേവി ഇരുവര്‍ക്കും ജാമ്യം ലഭിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു പരാതിക്കാരി മറുപടി ഇട്ടതിനു പിന്നാലെ അവര്‍ക്കെതിരേയും ശ്രീനാദേവി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ഡിസിസിയുടെ നോട്ടീസിന് മറുപടി നല്‍കാനാണ് ശ്രീനാദേവിയുടെ തീരുമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ശ്രീനാദേവി കോണ്‍ഗ്രസിലെത്തിയത്. സിപിഐ അംഗമായിരുന്ന അവര്‍ ആ പാര്‍ട്ടിയില്‍ തുടരുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ലോക്ഭവനു മുന്നിൽ സംഘടിപ്പിച്ച രാപകൽ സമരത്തിന് മികച്ച ജനകീയ പങ്കാളിത്തം. നേതാക്കളും പ്രവർത്തകരും ഒരു രാത്രി മുഴുവൻ ലോക്ഭവനു മുന്നിൽ ഇരുന്ന് കേന്ദ്രത്തിനെതിരേയുള്ള പ്രതിഷേധ സമരത്തിൽ പങ്കാളികളായി.
സമരക്കാർക്കായി പന്തലിൽ തന്നെ കഞ്ഞി ഉൾപ്പെടെയുള്ള ഭക്ഷണം തയാറാക്കി നൽകിയത് ഐക്യദാർഢ്യത്തിന്റെ മറ്റൊരു കാഴ്ചയായി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും തൊഴിലുറപ്പ് സംരക്ഷണ ദിനം ആചരിക്കുമെന്ന് രാപകൽ സമര സമാപനം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും.
അമ്മമാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ യുപിഎ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. പാവപ്പെട്ട കർഷകരെയും തൊഴിലാളികളെയും എന്നും സംരക്ഷിച്ചിട്ടുള്ളത് കോണ്‍ഗ്രസാണ്. യുപിഎ ഭരണകാലത്ത് 80,000 കോടി രൂപയുടെ കാർഷിക കടമാണ് എഴുതിത്തള്ളിയത്. ഈ പാരന്പര്യം ഉയർത്തിപ്പിടിച്ച് പാവപ്പെട്ടവന്റെ തൊഴിൽ അവകാശങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറന്പിൽ എംപി എന്നിവർ പ്രസംഗിച്ചു.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമിയാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് കോൺഗ്രസ് ഭൂമി വാങ്ങിയിരിക്കുന്നത്. 1,100 സ്ക്വയർ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനായി വൈകാതെ രണ്ടിടങ്ങളിൽ കൂടി ഭൂമി വാങ്ങുമെന്നും സൂചനയുണ്ട്. 100 വീടുകൾ ദുരന്തബാധിതർക്ക് നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് വാഗ്ദാനം പാലിച്ചില്ലെന്ന് ഇടതുപക്ഷം വിമർശനം ഉയർത്തിയിരുന്നു.
ഇതേ തുടർന്നാണ് വിഷയത്തിൽ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ഭവനപദ്ധതി കോൺഗ്രസ് വേഗത്തിലാക്കാൻ ശ്രമിക്കുന്നത്. 30 വീടുകൾ നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരലും ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമവും വിഭാഗീയ പ്രവർത്തനങ്ങളും അടക്കം കെപിസിസിക്ക് ലഭിച്ച പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിനു പരാതികളാണ് കെപിസിസിക്കു ലഭിച്ചത്.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുൻമന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം സി.പി. മുഹമ്മദ്, മുൻ എംഎൽഎ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രൂപം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ദോഷകരമായ വിഭാഗീയ പ്രവർത്തനങ്ങളടക്കം നടത്തിയവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.
Kerala
കോഴിക്കോട്: വി.ഡി. സതീശനെതിരായ വിജിലന്‍സ് ശിപാര്‍ശ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷമായി ഈ കേസ് ഉണ്ടായിരുന്നല്ലോ, അപ്പോള്‍ സര്‍ക്കാര്‍ എവിടെയായിരുന്നു? തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ള ചില അഭ്യാസങ്ങള്‍ മാത്രമാണ്. ഇതൊന്നും ചെലവാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളില്‍ ഇതുപോലുള്ള വിഷയങ്ങളുണ്ടായേക്കാം. വിജിലന്‍സ് ശിപാര്‍ശ കൊടുത്തുവെന്ന് കരുതി സിബിഐ കേസ് ഏറ്റെടുക്കുമോ? ഇത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതുപോലെയുള്ള പടക്കങ്ങള്‍ ഒക്കെ പൊട്ടും. വലിയ കാര്യമൊന്നും അതിലില്ലെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്പോൾ സംഘടനാ നേതൃത്വത്തിലുണ്ടാകേണ്ട താത്കാലിക സംവിധാനത്തെക്കുറിച്ചും ഇന്നു മുതൽ വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് ഉച്ചകോടിയിൽ ചർച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് കുണ്ടറയിലും എ.പി. അനിൽകുമാർ വണ്ടൂരിലും നിന്നുള്ള എംഎൽഎമാരാണ്. ഇത്തവണയും ഇവർ മത്സര രംഗത്തുണ്ടാകും.
പി.സി. വിഷ്ണുനാഥിന് ദക്ഷിണമേഖലയുടെയും എ.പി. അനിൽകുമാറിന് മധ്യമേഖലയുടെയും ചുമതലയാണ്. ഇവർ മത്സര രംഗത്ത് പോകുന്പോൾ എംപിമാർ മത്സര രംഗത്തേക്കു വന്നില്ലെങ്കിൽ ഇവർക്കാകും ചുമതല നൽകുക. വർക്കിംഗ് പ്രസിഡന്റുമാരിൽ ഉത്തരമേഖലയുടെ ചുമതല വഹിക്കുന്ന ഷാഫി പറന്പിൽ ലോക്സഭാംഗമാണ്.
ലോക്സഭാംഗങ്ങളിൽ ചിലർ നിയമസഭയിൽ മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. എന്നാൽ, ഇവരെ നിയമസഭയിൽ മത്സരിക്കാൻ അനുവദിച്ചാൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതു ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന പ്രചാരണവും ഒരു വിഭാഗം കോണ്ഗ്രസുകാർക്കിടയിൽ ശക്തമാണ്.
എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കെ. സുധാകരൻ കണ്ണൂരിലേക്കു പോയപ്പോൾ പകരം എം.എം. ഹസന് ചുമതല നൽകിയിരുന്നു. പിന്നീട് ചുമതല തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടു തർക്കവുമുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തണോ എന്ന കാര്യത്തിലും സുൽത്താൻ ബത്തേരി ഉച്ചകോടിയിൽ ചർച്ചയുണ്ടാകും. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാർ തുടരട്ടെ എന്നു തീരുമാനിച്ചാൽ നിയസഭാ തെരഞ്ഞെടുപ്പു വരെ മാറ്റമുണ്ടാകില്ല.
അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിനെ സഹായിക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരത്തു താത്കാലിക ചുമതല നൽകിയിട്ടുള്ള എൻ. ശക്തനു പകരം പുതിയ ആളെ കണ്ടെത്തേണ്ടി വരും.
Kerala
തിരുവനന്തപുരം: ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പരീക്ഷിച്ച വിജയമാതൃകകൾ നടപ്പാക്കാൻ കോണ്‍ഗ്രസ്.
നാലിനും അഞ്ചിനുമായി വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന "ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ്- 2026' ൽ ഭരണം പിടിച്ച ഇരു സംസ്ഥാനങ്ങളിലും പരീക്ഷിച്ച ത്രീ ടയർ വിജയമാതൃക കേരളത്തിൽ നടപ്പാക്കുന്നതു ചർച്ച ചെയ്തു നടപ്പാക്കുന്നതാണ് പ്രധാന അജൻഡ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ പ്രാഥമിക അനൗദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇവർ അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമാകാനുള്ള നിർദേശവുമുണ്ടാകും. ഘടകകക്ഷികൾ മത്സരിച്ചാൽ ജയസാധ്യത കുറവുള്ള സീറ്റുകൾ കോണ്‍ഗ്രസ് ഏറ്റെടുത്ത് വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തുന്നതും ചർച്ചയിലെത്തും. ഉച്ചകോടിയിൽ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും ഘടകകക്ഷി നേതാക്കളുമായി സീറ്റ് വച്ചുമാറുന്നത് യുഡിഎഫ് ചെയർമാനും കണ്‍വീനറും കെപിസിസി പ്രസിഡന്റും അടക്കമുള്ളവർ വരുംദിവസങ്ങളിൽ ചർച്ച നടത്തുക.
ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന
പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വിഭാഗീയതയും കാലുവാരലും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനാണ് ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെത്തി എഐസിസി നിർദേശിക്കുന്ന നേതാക്കളുടെ സഹായത്തോടെ ചർച്ച ചെയ്തു പരിഹരിക്കുകയാണ് പ്രധാനം. ഇതിനായി ദേശീയ നേതൃത്വം നിർദേശിക്കുന്ന നിരീക്ഷകർ ജില്ലാ, നിയോജകമണ്ഡലം, ബ്ലോക്ക് തലങ്ങളിലെത്തി പ്രശ്ങ്ങൾ പഠിച്ചു പരിഹാര മാർഗം നിർദേശിക്കും. ജില്ലാ തലത്തിൽ തീർക്കാനാകാത്ത പ്രശ്നങ്ങൾ കെപിസിസി നേതൃത്വത്തെ ഇടപെടുത്തി പരിഹരിക്കും. ഏകപക്ഷീയ നിലപാടുകളോ തീരുമാനങ്ങളോ പ്രാദേശികമായി അടിച്ചേൽപ്പിക്കില്ല.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിഭാഗീയ, അച്ചടക്കലംഘന നടപടികളുടെ ഭാഗമായി കോണ്‍ഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്നണി സ്ഥാനാർഥികളെ രഹസ്യമായി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നവർക്കെതിരേ പ്രാദേശിക വികാരംകൂടി കണക്കിലെടുത്താകും അച്ചടക്ക നടപടി വോണോ വേണ്ടയോ എന്നു തീരുമാനിക്കുക. പ്രാദേശിക വികാരം ഇവർക്ക് അനുകൂലമെങ്കിൽ നടപടി വരില്ല.
പ്രാദേശിക തലത്തിലെ പ്രവർത്തകരെ ഉണർത്താൻ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തലത്തിൽ തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണവുമുണ്ടാകും. ഇതിലൂടെ സമാഹരിക്കുന്ന തുകയിൽ നല്ലൊരു ശതമാനം പ്രാദേശികമായ പ്രവർത്തനത്തിനായി ഉപയോഗിക്കും.
യുഡിഎഫ് മത്സരിക്കുന്ന 140 നിയോജക മണ്ഡലങ്ങളെയും എബിസി എന്നീ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതിൽ തികഞ്ഞ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ആദ്യവിഭാഗത്തിൽ പെടുന്നത്. ഒത്തൊരുമിച്ചു പിടിച്ചാൽ വിജയിക്കാൻ കഴിയാവുന്നവയാണ് രണ്ടാമത്തെ വിഭാഗത്തിൽ. ഒട്ടും വിജയസാധ്യതയില്ലാത്തവയാണ് സി വിഭാഗത്തിലുള്ളത്. രണ്ടും മൂന്നും വിഭാഗത്തിലെ മണ്ഡലങ്ങളെ വിജയ സാധ്യതയിലേക്ക് മാറ്റാൻ ജനസന്പർക്ക പരിപാടികൾ അടക്കം സംഘടിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പു വരെ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണ പ്രവർത്തനങ്ങളും സജീവമാക്കും. സർക്കാരിനെതിരേയുള്ള വികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ, വികസന മുരടിപ്പും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റവും നികുതിവർധനകളും മറ്റും ജനങ്ങൾക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ ചാർജ് വർധന ഇരുട്ടടികളും ഇവിടെ ചർച്ചയാക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കം നൽകാത്തതും ശന്പള പരിഷ്കരണം നടപ്പാക്കാത്തതും പ്രചാരണവിഷയമാകും.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ആദ്യം കാസർഗോഡുനിന്ന് ആരംഭിക്കും. ജാഥയിലേക്ക് വേണ്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും നിയോജക മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടവരുടെ പട്ടികയും ഉച്ചകോടിയിൽ തയാറാക്കും. ഓരോരുത്തർക്കും നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ആവശ്യമായ ചുമതലകൾ വീതിച്ചു നൽകും.
സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കുന്ന ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് പ്രതീക്ഷ.
Kerala
കണ്ണൂർ: പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ.
വ്യക്തിപരമായി തനിക്ക് മത്സരിക്കണമെന്നോ വേണ്ടെന്നോ ഇല്ലെന്ന് അറിയിച്ച കെ.സുധാകരൻ ഇക്കാര്യം തീരുമാനിക്കേണ്ടത് താനല്ല പാർട്ടിയാണെന്നും തനിക്ക് ഒരു പാർട്ടിയുണ്ടെന്നും പാർട്ടി പറയുന്നത് കേൾക്കുമെന്നും വ്യക്തമാക്കി.
നേരത്തെ സമാന വിഷയത്തിൽ പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് അറിയിച്ചത്. കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്.
നിലവില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കള്‍ക്ക് ഒപ്പം തെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. അന്വേഷണ സംഘത്തിനുമേൽ സർക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്യാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനത്തെ സിപിഎം ബോധപൂർവം തടസപ്പെടുത്തുന്നതായും എംഎൽഎ അഭിപ്രായപ്പെട്ടു.
ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാൻ പോലും തയാറല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണമെന്നും കോടതിയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമായി സൂക്ഷിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയത് ആരാണെന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ മേയറെ കണ്ടെത്തിയതിൽ താനോ ഏതെങ്കിലും നേതാക്കളോ ഇടപെട്ടിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസിയുടെ നടപടിക്രമം അനുസരിച്ചാണു മേയറെ നിശ്ചയിച്ചത്.
“കൊച്ചിയില്‍ തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതു വരെ മാത്രമേ ഞാന്‍ അവിടെ ഇടപെട്ടിട്ടുള്ളൂ. അതിനു ശേഷം ഇടപെട്ടില്ലെന്നതാണ് എനിക്കെതിരായ പരാതി.
തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെപിസിസി സര്‍ക്കുലര്‍ ബാധകമാണ്. തൃശൂരിലും കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിച്ചാണ് മേയറെ തെരഞ്ഞെടുത്തത്. മുകളില്‍നിന്ന് ആരെയും കെട്ടിയിറക്കിയിട്ടില്ല.
കെപിസിസിയുടെ മാനദണ്ഡം പുറത്തു വരുന്നതിനു മുന്‍പു തന്നെ ചില മാധ്യമങ്ങള്‍ കൊച്ചിയില്‍ മേയറെ തീരുമാനിച്ചു. ഒരാളെ മാത്രമേ മേയറാക്കാനാകൂ.
ബിജെപി, സിപിഎം, എസ്ഡിപിഐ എന്നീ കക്ഷികളിൽ ആരുടെയെങ്കിലും പിന്തുണയില്‍ തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരായി ജയിച്ചാല്‍ അപ്പോള്‍ത്തന്നെ രാജിവയ്ക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്”- വി.ഡി. സതീശൻ മാധ്യമങ്ങളോടു വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പാരഡിഗാന വിവാദത്തിൽ സിപിഎമ്മിനെതിരെ പരിഹാസവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ. പരാതിയുമായി പോകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സിപിഎം പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ എന്നും വിഷ്ണുനാഥ് ചോദിച്ചു.സിപിഎമ്മിന്റെ സ്ഥിതി ദയനീയമാണ്, സഹതാപം അർഹിക്കുന്നതാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വർണക്കൊള്ള ചർച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിശാഗന്ധിയിൽ പ്രതിഷേധിക്കുക, നേരെ പോയി പാട്ടിനെതിരെ കേസ് കൊടുക്കുക. ഇത്തരം കോമഡിയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫിന് അനുകൂലമായ ജനവിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1977-ലെ യുഡിഎഫിന്റെ മിന്നും വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ നിലനിൽക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണം ആബാലവൃദ്ധം ജനങ്ങൾക്കും മടുത്തിരിക്കുകയാണ്. അവർ സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ ഫലമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Kerala
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ. കെ. ശൈലജ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള സണ്ണി ജോസഫിന്റെ പ്രസ്താവനയെ ആണ് ശൈലജ വിമർശിച്ചത്.
കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്നും മനസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും ശൈലജ പറഞ്ഞു. തിജീവിതകള്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും കോൺഗ്രസുകാർ
പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിന് ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.'-സണ്ണി ജോസഫ് പറഞ്ഞു.
ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടെടുപ്പ് ദിനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് രംഗത്തെത്തിയത്.
ഇതേ തുടർന്ന് അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ടി. സിദ്ദിഖ് എംഎൽഎ വിഷയത്തിൽ പ്രതികരിച്ചത്.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരേ ആരോപണം ഉന്നയിച്ച എം.എ. ഷഹനാസിനെ കെപിസിസി സാംസ്കാരിക സാഹിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷഹനാസ്.
രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന തന്റെ പരാതി ഷാഫി പറമ്പിൽ പരിഗണിച്ചില്ലെന്നായിരുന്നു ആരോപണം. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും ഷഹനാസ് പറഞ്ഞു.
താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.