കോട്ടയം: യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റ് ഇത്തവണയും വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ശനിയാഴ്ച പുതുയുഗയാത്രയുടെ സമാപനത്തിനുശേഷം കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ഇരുപാര്‍ട്ടി നേതാക്കളും.
കഴിഞ്ഞ തവണ തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി, ചങ്ങാനാശേരി, ഏറ്റുമാനൂര്‍, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂര്‍, കുട്ടനാട്, ഇരിങ്ങാലക്കൂട സീറ്റുകളിലാണു മത്സരിച്ചത്. ഇതില്‍ തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണു വിജയിക്കാനായത്. ഇത്തവണ ഏറ്റുമാനൂര്‍, ഇടുക്കി, ഇരിങ്ങാലക്കൂട, കുട്ടനാട് സീറ്റുകളില്‍ കോണ്‍ഗ്രസിനു നോട്ടമുണ്ട്. ഇവ വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയാറാല്ല.
സീറ്റുകള്‍ വച്ചുമാറുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യാമെന്നാണ് പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിനു നല്കിയാല് പൂഞ്ഞാര്‍ വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.
പൂഞ്ഞാറിൽ സ്ഥാനാർഥിനിർണയത്തിൽ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട് കോൺഗ്രസ്. ഏറ്റുമാനൂര്‍ സീറ്റ് സംസ്ഥാന നേതാവിനു വേണ്ടിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇടുക്കി സീറ്റ് ഏറ്റെടുക്കണമെന്ന ഇടുക്കിയിലെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ജോസഫ് വിഭാഗം വച്ചുമാറ്റത്തിനു തയാറല്ല.
Tags : kerala assembly election 2026 KPCC Congress Kerala Congress PJ Joseph