കെപിസിസി
തിരുവനന്തപുരം: സർക്കാർ- പാർട്ടി ഏകോപനവും ബോർഡ്- കോർപറേഷൻ അധ്യക്ഷന്മാരുടെ നിയമനങ്ങളും അടക്കമുള്ള നിലവിലെ രാഷ്്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ സെപ്റ്റംബർ മൂന്നിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു. കെപിസിസി പ്രസിഡന്റിനെയും വർക്കിംഗ് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെയും ഉടൻ നിയമിക്കണമെന്ന ആവശ്യവും ഹൈക്കമാൻഡിനെ അറിയിക്കും.
ചില ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരായ സാഹചര്യത്തിൽ ഡിസിസികളുടെ പുനഃസംഘടനയും ഉടൻ ആവശ്യമാണ്. പാർട്ടി പ്രവർത്തനം നിശ്ചലമാണെന്ന പരാതി കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അടക്കമുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം തുറന്നടിക്കുകയും ചെയ്തിരുന്നു.
കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിയായശേഷം പാർട്ടിയുടെ തലപ്പത്ത് ആളില്ലാത്ത സാഹചര്യമാണ്. പാർട്ടി-സർക്കാർ ഏകോപനത്തിനായി സമിതി രൂപീകരിക്കാൻ നേരത്തേ ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിലും തീരുമാനമായില്ല.
ബോർഡ്-കോർപറേഷൻ അധ്യക്ഷൻന്മാരെ നിശ്ചയിക്കാനുള്ള ചർച്ചകളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച കോണ്‍ഗ്രസിലെ ചർച്ചകളും പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്നാകും ഘടകകക്ഷികളുമായി ചർച്ച നടക്കേണ്ടത്.
കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങാനിരിക്കേ പ്രളയത്തെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഓണത്തിനു ശേഷം ചർച്ചകൾ പുനരാരംഭിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നു.
Tags : KPCC PoliticalAffairsCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash