കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ മണ്ഡലങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശം. ഇടത് സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് ജനപ്രതിനിധിയായതു കൊണ്ട് മാത്രം നേരിട്ട അവഗണനകളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്ന നടപടികളും ജനങ്ങള്‍ക്ക് മുന്പില് തുറന്നു കാണിക്കണമെന്നും പാർട്ടി എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്ര പിന്നിട്ട ജില്ലകളില്ലെല്ലാം സിറ്റിംഗ് എംഎല്‍എമാര്‍ കാമ്പയിന് ആരംഭിച്ചു കഴിഞ്ഞു. ഏഴിന് പുതുയുഗ യാത്ര അവസാനിക്കുന്നതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നോതാക്കള്‍ ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
യുഡിഎഫിന്റെ ഭാഗമായ മുഴുവന്‍ പാര്‍ട്ടികളെയും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. മുന്നണിയിലെയും പ്രാദേശികമായുമുള്ള വിയോജിപ്പുകള്‍ അവസാനിപ്പിക്കണമെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും കേവലം പടലപിണക്കങ്ങളുടെ ഭാഗമായി വീഴ്ചയുണ്ടാകരുതെന്നുമാണ് എംഎല്‍എമാര്‍ക്ക് ലഭിച്ച നിർദ്ദേശം.
സോഷ്യല്‍ മീഡിയ മുഖേനെ സര്‍ക്കാര്‍ പിന്തുണ ലഭ്യമാകാതെ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ മുടങ്ങിപോയ വിവിധ വികസന പദ്ധതികളും വോട്ടര്‍മാരിലേക്ക് എത്തിക്കും. യുവ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ ആകര്‍ഷകമായ പദ്ധതികള്‍ പ്രകടന പത്രികയിലുള്പ്പെടുത്തണം. സോഷ്യല്‍ മീഡിയ താരങ്ങളായ ആളുകളുമായി സംവാദവും അവരെ ഒപ്പം ചേര്‍ക്കുന്നതിനുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമീകരിക്കണം.
സാംസ്കാരികോത്സവങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും നടത്തണമെന്നും മണ്ഡലങ്ങളിലെ പ്രമുഖരായ ആളുകളെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഹരിതകര്‍മ്മ സേനാഗങ്ങളുടെയും സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ സാമുദായിക നേതൃത്വങ്ങളുമായും നല്ല ബന്ധം സൃഷ്ടിക്കണമെന്നും യുഡിഎഫ് സര്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും അതിന് ഒപ്പമുണ്ടാകണമെന്ന് സിറ്റിംഗ് എംഎല്‍എമാര്‍ പിന്തുണ അഭ്യര്‍ഥിക്കും.
അതേസമയം യുഡിഎഫ് എംഎല്‍എ ഇല്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ ലിസ്റ്റിലുള്ള ആദ്യ അംഗം ഇതിനോടകം സജീവമായിട്ടുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പ്, ആരോഗ്യസംവിധാനങ്ങളുടെ പോരായ്മ, എന്നു തുടങ്ങി സര്‍ക്കാരിന്റെ കോട്ടങ്ങള്‍ ചര്‍ച്ചയാക്കാനുമാണ് ഇവര്‍ക്കുള്ള അറിയിപ്പ്.