ഡൽഹിയിലെ പത്ത് ജൻപഥിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയും വി.ഡി. സതീശനും.
ന്യൂഡൽഹി: കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിലപാട് രാഹുൽ ഗാന്ധിയെ അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലെ പത്ത് ജൻപഥിലെ വസതിയിൽ 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിലാണ് കെപിസിസി അധ്യക്ഷസ്ഥാനം ചർച്ചയായത്.
എംപിമാരും എംഎൽഎമാരും അടക്കമുള്ള നേതാക്കൾ അധ്യക്ഷസ്ഥാനത്തേക്കു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിന് മുഴുവൻ സമയവും സംഘടനാപ്രവർത്തനത്തിനായി മാറ്റിവയ്ക്കുന്ന ഒരാൾ വേണമെന്ന നിലപാടാണ് സതീശൻ മുന്നോട്ടുവച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ വികാരവും ഇതുതന്നെയായിരുന്നു. കൂടാതെ സർക്കാരുമായി സഹകരിച്ചുപോകുന്ന ഒരാളെ അധ്യക്ഷനായി പരിഗണിക്കണമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചതായാണു സൂചന. ഇതിനോട് രാഹുൽ അനുകൂലമായ നിലപാട് സ്വീകരിച്ചതായാണു വിവരം.
വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഹൈക്കമാൻഡ് വിളിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനാണ് സതീശൻ ഡൽഹിയിലെത്തിയത്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അസൗകര്യം മൂലം യോഗം റദ്ദാക്കി.
അതേസമയം അധ്യക്ഷസ്ഥാനത്തിനായി വിവിധ നേതാക്കൾ രംഗത്തുണ്ട്. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. സമീപദിവസങ്ങളിൽ ടി.എൻ. പ്രതാപനും അധ്യക്ഷമോഹവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതോടെ പാർട്ടിക്ക് മുഴുവൻസമയ അധ്യക്ഷനില്ലെന്ന വിമർശനം ശക്തമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കും അധ്യക്ഷന്റെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.
പുതിയ അധ്യക്ഷനെ സംബന്ധിച്ചു സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു.
ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടതിനുശേഷം കേരള ഹൗസിലേക്കു തിരികെയെത്തിയ മുഖ്യമന്ത്രിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി കൂടിക്കാഴ്ച നടത്തി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുഖ്യമന്ത്രിയെ കണ്ടതിനുപിന്നാലെ കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പത്തു തവണ തെരഞ്ഞെടുപ്പിനെ നേരിട്ടു. വീണ്ടും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് പിടിമുറുക്കുന്നതായാണു സൂചന. അധ്യക്ഷസ്ഥാനത്തേക്ക് ആദ്യംതന്നെ താത്പര്യം അറിയിച്ച നേതാക്കളിൽ ഒരാളാണു കൊടിക്കുന്നിൽ സുരേഷ്.
Tags : VDSatheesan Expresses FulltimePresident KPCC RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KodikunnilSuresh