പ്രതീകാത്മക ചിത്രം
ഹരിപ്പാട് : കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും തെളിവെടുപ്പിനായി പൊലിസിനു വിട്ടുനൽകി. ചേർത്തല ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് അത്യപൂർവ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ അന്വേഷണസംഘത്തിനു തെളിവെടുപ്പിനായി പ്രത്യേക അനുമതി നൽകുന്നത് നിയമപരമായി അപൂർവങ്ങളിൽ അപൂർവമായ നടപടിയാണ്.
കേസന്വേഷണത്തിന്റെ ഭാഗമായി കുട്ടികളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം പലതവണ അപേക്ഷ നൽകിയിരുന്നെങ്കിലും പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ ചോദ്യം ചെയ്യാൻ മാത്രമാണ് നേരത്തേ അനുമതി ലഭിച്ചിരുന്നത്. എന്നാൽ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊണ്ടിമുതലുകൾ കണ്ടെത്താനും സംഭവം പുനരാവിഷ്കരിക്കാനും ഇവരെ നേരിട്ടെത്തിച്ചുള്ള തെളിവെടുപ്പ് അനിവാര്യമാണെന്ന പൊലിസിന്റെ ആവശ്യം ഒടുവിൽ ബോർഡ് അംഗീകരിക്കുകയായിരുന്നു.
കുട്ടികളെ ഒന്നിച്ച് സംഭവസ്ഥലത്ത് എത്തിക്കാതെ, സുരക്ഷയും അതീവ രഹസ്യസ്വഭാവവും മുൻനിർത്തി ഓരോരുത്തരെയായി വെവ്വേറെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.സംരക്ഷണകേന്ദ്രത്തിൽനിന്ന് ഒരാളെ വീതം കൊണ്ടുപോയി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി തിരികെ എത്തിച്ച ശേഷമായിരിക്കും അടുത്തയാളെ കൊണ്ടുപോകുകയെന്നാണ് സൂചന.
നടപടികൾ അതീവ രഹസ്യം
കുട്ടികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന തീയതിയോ സമയമോ മുൻകൂട്ടി പുറത്തു വിടരുതെന്ന് ബോർഡ് കർശനമായി നിർദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കരുവാറ്റയിലെ സംഭവസ്ഥലത്തും പരിസരങ്ങളിലും അതീവ രഹസ്യമായിട്ടായരിക്കും തെളിവെടുപ്പ് പൂർത്തിയാക്കുക.
ആൺകുട്ടികളുടെ തെളിവെടുപ്പും തുടർനടപടികളും പൂർത്തിയായതിനു ശേഷമേ, കേസിൽ പങ്കുണ്ടെന്ന് കരുതുന്ന കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിലുള്ള പെൺകുട്ടിയെ ചോദ്യം ചെയ്യുന്ന നടപടികളിലേക്കു അന്വേഷണസംഘം കടക്കൂ.
Tags : Karuvatta Karuvatta Murder Murder Case Crime News Accused Evidence Collection