ദുബായിലെ ഇന്ത്യൻ യുവതി പങ്കുവെച്ച മുറിയുടെ ചിത്രം
ദുബായ്: ആഡംബര ജീവിതത്തിന്റെയും വൻകിട കെട്ടിടങ്ങളുടെയും നാടായ ദുബായിലെ ഉയർന്ന ജീവിതച്ചെലവ് വെളിപ്പെടുത്തി ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാസം 30,000 രൂപ (ഏകദേശം 1,200 ദർഹം) നൽകിയാൽ ദുബായിൽ ലഭിക്കുന്ന കൊച്ചു മുറിയുടെ ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
വളരെ ഇടുങ്ങിയ വഴിയും, ഒരു ബെഡ് മാത്രം ഉൾക്കൊള്ളുന്ന അപ്പർ ഡെക്ക് രീതിയിലുള്ള ചെറിയ മുറിയുമാണ് വീഡിയോയിലുള്ളത്. സാധനങ്ങൾ സൂക്ഷിക്കാൻ പോലും ഇവിടെ കാര്യമായ സ്ഥലമില്ല. ഒരാൾ ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കിൽ 1,200 മുതൽ 1,300 ദർഹം വരെയും, രണ്ടുപേർ പങ്കിട്ടാണ് താമസിക്കുന്നതെങ്കിൽ 1,400 മുതൽ 1,500 ദർഹം വരെയുമാണ് മാസ വാടക നൽകേണ്ടി വരുന്നത്.
ബുർജ് ഖലീഫ പോലുള്ള അത്യാഡംബര കെട്ടിടങ്ങൾ മാത്രമല്ല, ഇത്തരം ചെറിയ 'പാർട്ടീഷൻ' മുറികളിലും ആളുകൾ ജീവിക്കുന്നുണ്ടെന്ന് വീഡിയോയിലൂടെ ഇവർ വ്യക്തമാക്കുന്നു. പ്രവാസി ജീവിതത്തിന്റെ യഥാർഥ പ്രതിസന്ധിയും ഭീമമായ താമസച്ചെലവും തുറന്നുകാട്ടുന്ന വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രവാസികളാണ് രംഗത്തെത്തിയിരിക്കുന്നത്.
Tags : IndianExpat SmallRoom HouseRent Dubai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash