പ്രതീകാത്മക ചിത്രം
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പോർമുനയായി വീണ്ടും ഹോർമുസ്. തന്ത്രപ്രധാന ജലപാതയ്ക്കു പുറത്ത് മറ്റൊരു പുതിയ നിയന്ത്രിത മേഖലകൂടി പ്രഖ്യാപിക്കാൻ ഇറാനൊരുങ്ങുന്നു.
ഹോർമുസിലെ യുഎസ് നാവികസേനയുടെ ഉപരോധ മേഖലയിൽനിന്ന് ആരംഭിച്ച് പേർഷ്യൻ ഗൾഫിന്റെ ചില ഭാഗങ്ങളിലേക്കു നീളുന്നതാണ് ഇറാന്റെ പുതിയ നിരോധിത മേഖല. ഗൾഫ് രാഷ്ട്രങ്ങളുടെ തുറമുഖങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും നിരോധിത മേഖലയെന്ന് ഇറാന്റെ പുതിയ സുരക്ഷാ മേധാവി ജനറൽ മൊഹ്സിൻ റെസായ് അറിയിച്ചു.
ടെലിവിഷൻ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രദേശത്തേക്ക് അനുമതിയില്ലാതെ ഏതെങ്കിലും കപ്പൽ കടന്നാൽ ഉപരോധപ്പട്ടികയിലാക്കും. നിരോധിത മേഖല സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് പൂർണമായും അടച്ചിരിക്കുകയാണ്.
ഹോർമുസ് തുറന്നെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാദം വലിയ നുണയാണെന്ന് റെസായ് പറഞ്ഞു. കടലിടുക്ക് അടയ്ക്കുന്നതിനു മുമ്പ് 100 ദശലക്ഷം ടണ്ണിലധികം ചരക്കുകൾ വഹിക്കുന്ന 100ലധികം കപ്പലുകൾ ദിവസവും ഇതിലൂടെ കടന്നുപോയിരുന്നു. ഇപ്പോൾ, ഇറാനിലേക്കുള്ള അവശ്യവസ്തുക്കളുമായി വരുന്ന ഏഴു മുതൽ എട്ടു വരെ കപ്പലുകൾ മാത്രമാണ് ജലപാതയിലൂടെ കടത്തിവിടുന്നത്.
അമേരിക്ക കടത്തിവിടാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കപ്പെടുന്നുണ്ട്. എന്നാൽ, എണ്ണ ടാങ്കറുകളായതിനാൽ പാരിസ്ഥിതിക പ്രശ്നം മുൻനിർത്തി ഇവ മുക്കിക്കളയാൻ ശ്രമിക്കുന്നില്ലെന്നും റെസായി കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലെ പുതിയ ഇടനാഴിയെക്കുറിച്ചുള്ള കരാർ വരും ദിവസങ്ങളിൽ ഒപ്പുവയ്ക്കുമെന്നും ഇതലൂടെയുള്ള ഗതാഗതം പൂർണമായും ഇറാൻ കൈകാര്യം ചെയ്യുമെന്നും റെസായി പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷസംബന്ധിച്ച് ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരഗ്ചി തുർക്കി, സൗദി വിദേശകാര്യമന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
Tags : Hormuz Iran Declare ControlledZone Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash