ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വെ, അർജന്റീന, പെറു എന്നിവിടങ്ങളിലേക്കുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന് ഇന്നു തുടക്കമാകും. 12 ദിവസം നീളുന്ന യാത്രയിൽ പത്ത് പൊതു വിശുദ്ധ കുർബാനകളിലും യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന മൂന്നു ജാഗരണ പ്രാർഥനാസംഗമങ്ങളിലും മാർപാപ്പ പങ്കെടുക്കും.
ഇന്നു രാവിലെ റോമിൽനിന്ന് യാത്ര പുറപ്പെടുന്ന മാർപാപ്പ വൈകുന്നേരം ഉറുഗ്വെ തലസ്ഥാനമായ മോണ്ടെവിദിയോയിൽ എത്തും. തുടർന്ന് പ്ലാസ ഇൻഡപെൻഡൻസിയയിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിനുശേഷം പ്രസിഡന്റ് യമാന്ദു ഓർസിയുമായി കൂടിക്കാഴ്ച നടത്തും.
നാളെ പൈസാൻഡുവിൽ വിശുദ്ധ കുർബാനയർപ്പിക്കുന്ന മാർപാപ്പ, വൈകുന്നേരം ചരിത്രപ്രസിദ്ധമായ സെന്റിനറി സ്റ്റേഡിയത്തിൽ യുവജനങ്ങളുടെ ജാഗരണപ്രാർഥനയ്ക്കു നേതൃത്വം നൽകും. 1988ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ സന്ദർശനത്തിനുശേഷം ഇതാദ്യമായാണ് ഒരു മാർപാപ്പ ഉറുഗ്വെ സന്ദർശിക്കുന്നത്.
എട്ടിന് അർജന്റീനയിലെത്തുന്ന മാർപാപ്പ, പ്രസിഡന്റ് ഹാവിയർ മിലി, രാജ്യത്തെ നയതന്ത്ര പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഒന്പതിന് ഭിന്നശേഷിക്കാർക്കായുള്ള പ്രമുഖ സ്ഥാപനമായ "പെക്വേനോ കോട്ടോലെംഗോ' സന്ദർശിച്ചശേഷം മോനുമെന്റോ ദി ലോസ് എസ്പാനിയോളെസിൽ വിശുദ്ധ കുർബാനയർപ്പിക്കും.
തുടർന്ന് കോർഡോബയിലെ മിലിട്ടറി ഏവിയേഷൻ സ്കൂളിലെ വിശുദ്ധ കുർബാനയിലും ബുവേനോസ് ഐറിസിലെ യുവജന ജാഗരണ പ്രാർഥനയിലും സംബന്ധിക്കും. 11ന് ലൂഹാനിലെ ഔവർ ലേഡി ബസിലിക്കയിലെ വിശുദ്ധ കുർബാനയോടെ അർജന്റീന സന്ദർശനം പൂർത്തിയാക്കും. 1987നുശേഷം ഇതാദ്യമാണ് അർജന്റീനയിൽ മാർപാപ്പയെത്തുന്നത്.
രണ്ടു പതിറ്റാണ്ടോളം മിഷനറിയായും മെത്രാനായും താൻ സേവനമനുഷ്ഠിച്ച പെറുവിലേക്ക് 11നാണ് മാർപാപ്പ എത്തുക. പ്രസിഡന്റ് കീക്കോ ഫുജിമോറിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ലീമ, ചിക്കലായോ, കുസ്കോ, പുക്കാൽപ തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കും.
ആമസോണിയൻ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും 16ന് ലാസ് പാൽമാസ് എയർ ബേസിലെ സമാപന വിശുദ്ധ കുർബാനയും സന്ദർശനത്തിലെ പ്രധാന ചടങ്ങുകളാണ്. സന്ദർശനം പൂർത്തിയാക്കി 17ന് മാർപാപ്പ റോമിൽ തിരിച്ചെത്തും.
Tags : Pope LeoXIV LatinAmerican CountryVisit Uruguay Argentina Peru Rome PublicHolyMass Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash