പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ ബിരുദ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ക്ലാസുകൾ ആരംഭിച്ചശേഷവും എംബിബിഎസ് പഠനത്തിനു സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം അപൂർവമാണ്.
നാല് എംബിബിഎസ് സീറ്റുകളും 23 ബിഡിഎസ് സീറ്റുകളുമാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതു നികത്താനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.
ഇന്നു വൈകുന്നേരം അഞ്ചുവരെ നീറ്റ് യോഗ്യത നേടിയിട്ടുള്ളവരും സംസ്ഥാന റാങ്ക് പട്ടികയിലുൾപ്പെട്ടവരും നേരത്തേ പ്രവേശനം ലഭിക്കാത്തതുമായ കുട്ടികൾക്കുഒഴിവുള്ള സീറ്റുകളിൽ അപേക്ഷ നൽകാം. മൂന്നുഘട്ടങ്ങളിലായും പിന്നീട് സ്ട്രേ വേക്കൻസി നികത്താനുമായി നടന്ന അലോട്ട്മെന്റുകൾക്കു ശേഷവും ഒഴിവുള്ള സീറ്റുകളിലേക്കാണ് നിബന്ധനകളുടെ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നിന് സംസ്ഥാന എൻട്രൻസ് പരീക്ഷാ കമ്മീഷണർ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രത്യേക വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളാണ് ഒഴിവുള്ളത്. തൊടുപുഴ അൽ അസർ മെഡിക്കൽ കോളജിൽ എയ്ഡഡ് മൈനോറിറ്റി വിഭാഗത്തിനും, പാലക്കാട് കരുണ മെഡിക്കൽ കോളജിൽ മുസ്ലിം മൈനോറിറ്റിക്കും, എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഷെഡ്യൂൾഡ് മൈനോറിറ്റി വിഭാഗത്തിനും, കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജിൽ എയ്ഡഡ് മൈനോറിറ്റി വിഭാഗത്തിനുമാണ് എംബിബിഎസ് സീറ്റുകൾ ബാക്കിയുള്ളത്. തൃശൂർ മെഡിക്കൽ കോളജിൽ ഷെഡ്യൂൾഡ് മൈനോറിറ്റി വിഭാഗത്തിന്റെ ഒരു സീറ്റും കണ്ണൂർ ഡെന്റൽ കോളജിൽ എസ്സി, എസ്ടി വിഭാഗത്തിന്റേതായി ഓരോ സീറ്റ് വീതവുമാണ് സർക്കാർ മേഖലയിൽ ഒഴിവുള്ളത്.
രണ്ട് ഗവൺമെന്റ് മെഡിക്കൽ കോളജുകളിലടക്കം 13 ഡെന്റൽ കോളജുകളിലായാണ് ബിഡിഎസ് സീറ്റ് ഒഴിവുള്ളത്. 11 സ്വാശ്രയ കോളജുകളിലായി 20 ബിഡിഎസ് സീറ്റുകളും ലഭ്യമാണ്. ഇതിലേറെയും വിവിധ വിഭാഗങ്ങൾക്കായുള്ള സംവരണ സീറ്റുകളാണ്. വർക്കല ശ്രീശങ്കര ഡെന്റൽ കോളജിലാണ് ഏറ്റവും കൂടുതൽ ഒഴിവുള്ളത്.
സ്വാശ്രയ കോളജുകളിൽ പലയിടത്തും ഫീസ് നിരക്കിലുണ്ടായ വർധനയാണ് മെഡിക്കൽ പഠനത്തിൽ നിന്നും കുട്ടികളെ അകറ്റുന്നതെന്ന് പറയുന്നു. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 7.77 ലക്ഷം മുതൽ 8.86 ലക്ഷം രൂപ വരെയാണ് ഫീസ് ഘടന. എൻആർഐ സീറ്റുകളിൽ 18.5 ലക്ഷം മുതൽ 21.65 ലക്ഷം രൂപവരെയും ഫീസ് നൽകണം. സ്വാശ്രയ ഡെന്റൽ കോളജുകളിൽ 3.47 ലക്ഷം രൂപയാണ് ഫീസ്. എൻആർഐ ക്വാട്ടയിൽ 6.30 ലക്ഷം നൽകേണ്ടിവരും.
Tags : Vacant MedicalSeats MedicalDegreeCourse MBBS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash