പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടപ്പോൾ.
തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന ഗവർണറുടെ ശിപാർശയിൽ നടപടി ആവശ്യപ്പെട്ട് ബിജെപി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. രാജ്യസഭാംഗങ്ങളായ സി. സദാനന്ദനും പി.ടി. ഉഷയും സംഘത്തിലുണ്ടായിരുന്നു.
പിഎസ്സിയിൽ വ്യാപകമായ ക്രമക്കേടും സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്നും കമ്മിഷന്റെ വിശ്വാസ്യത സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സംഘം നിവേദനവും നൽകി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട കമ്മിഷൻ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി ക്രമവിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നുവെന്ന ആരോപണവും നിവേദനത്തിലുണ്ട്.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയെന്നും അനർഹനായ ഒരാൾക്ക് ഒന്നാം റാങ്ക് ലഭിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നും ബിജെപി ആരോപിച്ചു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന ഗവർണറുടെ ശിപാർശയിൽ നടപടി സ്വീകരിക്കണമെന്നാണ് രാഷ്ട്രപതിയോടുള്ള ആവശ്യം. വിഷയത്തിൽ സർക്കാർ ഒത്തുകളിക്കുകയാണെന്നും ബിജെപി ആരോപിച്ചു. അതേസമയം സർക്കാരുമായി ആലോചിക്കാതെ പിഎസ്സിക്കെതിരെ രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണറുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിർണായക നീക്കവുമായി ബിജെപി രംഗത്തെത്തിയത്. കേസിൽ പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു.
Tags : PSC Exam Scam BJP Kerala PSC Rajeev Chandrasekhar Droupadi Murmu Governor PSC Chairman DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash