പ്രതീകാത്മക ചിത്രം
കൊച്ചി: സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎമ്മിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ശതകോടികളുടെ തട്ടിപ്പാണ് സ്ഥാപക ചെയർമാൻ പ്രേംകുമാർ നടത്തിയതെന്നും കേസിൽ സമഗ്രമായ അന്വേഷണം തുടരുമെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് ഇഡിയുടെ വിശദീകരണം. ഹൗസിംഗ് സൊസൈറ്റി വഴി ശേഖരിച്ച നിക്ഷേപത്തുക ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാർ വകമാറ്റിയെന്നാണ് കണ്ടെത്തൽ.
ബിഎൽഎമ്മുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി പ്രേംകുമാറും കൂട്ടാളികളും 320 ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഇഡി വ്യക്തമാക്കി. സ്ഥാപനത്തിന്റെ ആസ്തികൾ പണയം വെച്ചും നിക്ഷേപത്തുക വകമാറ്റിയും വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചതായും കുടുംബാംഗങ്ങളുടെ പേരിൽ വൻതോതിൽ ഭൂമിയും മറ്റ് സ്വത്തുക്കളും വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നൂറുകണക്കിന് കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായാണ് പ്രാഥമിക നിഗമനം. കള്ളപ്പണ നിരോധന നിയമപ്രകാരം കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമേ തട്ടിപ്പിന്റെ യഥാർഥ വ്യാപ്തി വ്യക്തമാകൂവെന്നും അന്വേഷണ സംഘം അറിയിച്ചു.
Tags : blm financial fraud case BLM Financial Fraud Enforcement Directorate ED Raid DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash