ഹക്കീം ജഫ്രീസ്
വാഷിംഗ്ടൺ ഡിസി: മിഡ്ടേം തെരഞ്ഞെടുപ്പിലെ വിജയം പ്രസിഡന്റ് ട്രംപിനെ അടക്കിനിർത്താൻ ഉപയോഗിക്കുമെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം.
ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വൻ പരാജയം രുചിക്കുകയും ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.
ജനപ്രതിനിധിസഭ ട്രംപിന്റെ സ്വന്തം സ്ഥാപനമായി പ്രവർത്തിച്ചിരുന്ന കാലം കഴിഞ്ഞുവെന്ന് ന്യൂയോർക്കിൽനിന്നുള്ള ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജഫ്രീസ് പറഞ്ഞു. ഞങ്ങൾ ട്രംപിനുവേണ്ടിയല്ല, അമേരിക്കൻ ജനത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപ്രതിനിധി സഭാ സ്പീക്കറായി ഹക്കീം ജഫ്രീസ് തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ ആദ്യ ആഫ്രിക്കൻ വംശജനായ സ്പീക്കർ എന്ന ബഹുമതിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
ഇതിനിടെ, തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി മാധ്യമപ്രവർത്തകരെ കണ്ട പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിൽ താൻ നടത്തുന്ന നിർമാണ, നവീകരണ പ്രവർത്തനങ്ങളെക്കുറിച്ചാണ് വാചാലനായത്. വൈറ്റ്ഹൗസിൽ നിർമിക്കുന്ന ബാൾറൂമിനെക്കുറിച്ചാണ് (നൃത്തവിരുന്നു ഹാൾ) അദ്ദേഹം പ്രധാനമായും സംസാരിച്ചത്.
നശീകരണ പ്രവണത കാണിക്കാത്തിടത്തോളം ഡെമോക്രാറ്റുകളുമായി ഒത്തുപോകാൻ തയാറാണെന്നും തനിക്ക് വീറ്റോ അധികാരമുണ്ടെന്നും ട്രംപ് പറഞ്ഞു.
Tags : Democrats Keep Trump check Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash