പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ വേദി മാറ്റി. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിസംബർ 13ലെ മത്സരം വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർഥനയെ തുടർന്നാണ് ബിസിസിഐയുടെ തീരുമാനം.
പ്രതികൂല കാലാവസ്ഥയും സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന നവീകരണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് വേദിമാറ്റം. പിച്ചും ഔട്ട്ഫീൽഡും പുനർനിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനാൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ലഭ്യമാകില്ല. സ്റ്റേഡിയത്തിൽ ആധുനിക രീതിയിലുള്ള ഡ്രെയിനേജ് സംവിധാനമാണ് പുതുതായി സ്ഥാപിക്കുന്നത്.
കനത്ത മഴ പെയ്താലും മഴ മാറി അരമണിക്കൂറിനുള്ളിൽ മത്സരം പുനരാരംഭിക്കാൻ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കുന്നത്. പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മഴമൂലമുള്ള മത്സരതടസങ്ങൾ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. വേദിമാറ്റത്തോടെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്ക് സ്വന്തം ഹോം ഗ്രൗണ്ടായ ഡൽഹിയിൽ കളിക്കാനുള്ള അവസരമാണ് നഷ്ടമായത്.
മാറ്റിയ മത്സരക്രമം അനുസരിച്ച് ഡിസംബർ 13ന് വിശാഖപട്ടണത്ത് ഒന്നാം ഏകദിനം നടക്കും. തുടർന്ന് 16ന് ബംഗളൂരുവിൽ രണ്ടാം ഏകദിനവും 19ന് അഹമ്മദാബാദിൽ മൂന്നാം ഏകദിനവും അരങ്ങേറും.
Tags : Venue Changed ODISeries India SriLanka Cricket DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash