അപകടത്തിൽപ്പെട്ട കാർ.
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ അമിതവേഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യുവിന്റെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ബിഎംഡബ്ല്യു അധികൃതർ അന്വേഷണസംഘത്തിന് റിപ്പോർട്ട് കൈമാറിയത്. നേരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘവും അമിതവേഗം സ്ഥിരീകരിച്ചിരുന്നു.
ഈ നിഗമനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയ പിന്തുണ നൽകുന്നതാണ് റിപ്പോർട്ട്. അപകടത്തിലേക്ക് നയിച്ച യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് കാർ പിന്നിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനോട് ഏറെക്കുറെ പൊരുത്തപ്പെടുന്നതാണ് വാഹനത്തിന്റെ ക്രാഷ് ഡാറ്റാ വിശകലനത്തിലൂടെ ലഭിച്ച വിവരങ്ങൾ.
ബിഎംഡബ്ല്യു റിപ്പോർട്ട് പ്രകാരം അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വേഗം മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടം സംഭവിക്കുന്നതിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പെഡൽ അമർത്തിയതെന്നും ക്രാഷ് ഡാറ്റാ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Tags : bmw accident NedumbasseryAccident MiniCooperAccident BmwReport Overspeeding DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash