ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ടീമിലെ ആഭ്യന്തര തർക്കങ്ങളാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നലെന്ന് റിപ്പോർട്ടുകൾ. ദേശീയ ടീം പരിശീലകൻ ഹോർഹെ ജിസ്യൂസുമായി താരത്തിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. നോർവേയ്ക്കെതിരായ നേഷൻസ് ലീഗ് മത്സരമാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്.
മത്സരത്തിനിടെ പകരക്കാരനായി കളത്തിലിറക്കാമെന്ന് പരിശീലകൻ ഉറപ്പുനൽകിയിട്ടും വാക്കുപാലിച്ചില്ലെന്നായിരുന്നു റൊണാൾഡോയുടെ പരാതി. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങുന്നതിനായി താരം ഏറെ നേരം വാം അപ്പ് ചെയ്തെങ്കിലും പരിശീലകൻ ജിസ്യൂസ് അവസരം നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തിൽ പത്രസമ്മേളനത്തിലൂടെ പരസ്യമായി ക്ഷമാപണം നടത്താമെന്ന് പരിശീലകൻ സ്വകാര്യമായി ഉറപ്പുനൽകിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല.
ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. പ്രതിഷേധം ശക്തമായതോടെ ഡെന്മാർക്കിനെതിരായ അടുത്ത മത്സരത്തിന് തൊട്ടുമുമ്പ് റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടതായും റിപ്പോർട്ടുകളുണ്ട്. ടീം ക്യാമ്പ് വിട്ടുപോയ സംഭവത്തെ അച്ചടക്കലംഘനമായി വിലയിരുത്തിയ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ താരത്തിന് 30 ദിവസത്തെ സസ്പെൻഷൻ ഏർപ്പെടുത്തിയിരുന്നു.
പിന്നീട് സഹതാരങ്ങളോട് റൊണാൾഡോ ഖേദം പ്രകടിപ്പിച്ചെങ്കിലും പരിശീലകനുമായുള്ള ഭിന്നതയ്ക്ക് പരിഹാരമായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒടുവിൽ നീണ്ടുനിന്ന അഭിപ്രായവ്യത്യാസങ്ങളും വിവാദങ്ങളും അന്താരാഷ്ട്ര കരിയറിന്റെ അവസാനത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോർച്ചുഗലിന്റെ ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് ലോകഫുട്ബോളിൽ വിസ്മയം തീർത്ത റൊണാൾഡോയുടെ പടിയിറക്കം ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
Tags : CristianoRonaldo CR7 Ronaldo Portugal PortugalNationalTeam InternationalFootball