ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ: ദാരിദ്ര്യത്തിന്റെ കയ്പുനീർ നിറഞ്ഞ ബാല്യത്തിൽ നിന്ന് ലോകഫുട്ബോളിന്റെ നെറുകയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പോരാളിയായിരുന്നു. റിക്കാർഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കിയ പോർച്ചുഗീസ് ഇതിഹാസത്തിന്റെ ജീവിതം അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും മഹാകാവ്യമാണ്. 1985 ഫെബ്രുവരി അഞ്ചിന് പോർച്ചുഗലിലെ മദീര ദ്വീപിലെ ഫഞ്ചാലിലായിരുന്നു റൊണാൾഡോയുടെ ജനനം.
ചെറുപ്പം മുതലെ ഫുട്ബോളിൽ താത്പര്യമുണ്ടായിരുന്നെങ്കിലും ഒരു ബോൾ വാങ്ങാൻ പോലും വീട്ടിൽ പണമുണ്ടായിരുന്നില്ല. അതോടെ തുണികൾ ചുരുട്ടിയുണ്ടാക്കിയ പന്തുകൊണ്ടായിരുന്നു റൊണാൾഡോയുടെ ഫുട്ബോൾ അഭ്യാസം. ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പിന്നീട് അദ്ദേഹത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. പിതാവ് ജോലി ചെയ്തിരുന്ന അൻഡോറീഞ്ഞ ക്ലബിലൂടെയാണ് ഫുട്ബോൾ യാത്രയ്ക്ക് തുടക്കമായത്.
പിന്നീട് സ്പോർട്ടിംഗ് ലിസ്ബണിലെത്തിയതോടെ താരത്തിന്റെ കരിയറിന് പുതിയ വഴിത്തിരിവിലെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ യൂറോപ്യൻ ഫുട്ബോളിൽ വരവറിയിച്ച റൊണാൾഡോ, റയൽ മാഡ്രിഡിലും യുവന്റസിലും അൽ നസ്റിലുമെല്ലാം തന്റെ പ്രതിഭയുടെ മാറ്റ് തെളിയിച്ചു. പ്രത്യേകിച്ച് റയൽ മാഡ്രിഡിനായി നടത്തിയ ഗോൾവേട്ട പ്രകടനങ്ങൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ അവിസ്മരണീയ അധ്യായങ്ങളായി.
അസാമാന്യ വേഗതയും കൃത്യതയാർന്ന ഫിനിഷിങ്ങും ആകാശത്തോളം ഉയരുന്ന ഹെഡർ മികവും താരത്തെ സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിലൊരാളാക്കി. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, പോർച്ചുഗലിനായി യൂറോ കപ്പ് കിരീടം എന്നിവയാണ് കരിയറിലെ പ്രധാന നേട്ടങ്ങൾ. അന്താരാഷ്ട്ര ഫുട്ബോളിലെ റിക്കാർഡ് ഗോൾവേട്ടക്കാരനായ റൊണാൾഡോ, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലും ഗോൾ റിക്കോർഡുകളുടെ രാജാവാണ്.
പ്രായം തളർത്താത്ത കായികക്ഷമതയും അവസാന വിസിൽ വരെ പോരാടാനുള്ള മനോഭാവവും താരത്തെ വ്യത്യസ്തനാക്കുന്നു. മൈതാനത്തെ മികവിനൊപ്പം മാനുഷികമായ നിലപാടുകളിലൂടെയും റൊണാൾഡോ ശ്രദ്ധേയനാണ്. പതിവായി രക്തദാനം നടത്തുന്ന വ്യക്തിയായതിനാൽ ശരീരത്തിൽ ടാറ്റൂകൾ പതിപ്പിക്കുന്നതിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നു. ടാറ്റൂ ചെയ്താൽ നിശ്ചിത കാലയളവിൽ രക്തദാനം ഒഴിവാക്കേണ്ടിവരുമെന്നതാണ് ഇതിന് പിന്നിലെ കാരണം.
Tags : Ronaldo CristianoRonaldo CR7 Football FootballLegend