സിസിടിവി ദൃശ്യം
കൽപ്പറ്റ: മീനങ്ങാടി സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും ബാറിൽ പോയെന്ന ആരോപണത്തെ ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടു. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആൻഡ് റെസ്റ്റോറന്‍റിലേക്ക് പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്‍റും കയറിപ്പോകുന്നതും പിന്നീട് ഇറങ്ങി വരുന്നതുമായ ദൃശ്യങ്ങളാണ് വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതൃത്വം പുറത്തുവിട്ടത്.
ബാറിൽ മദ്യത്തിന്‍റെ ബില്ല് തുകയായി 1100 രൂപ നൽകിയെന്നും ഈ തുക പിടിഎ പ്രസിഡന്‍റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ചാണ് നൽകിയതെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് മീനങ്ങാടി നേതൃത്വം വയനാട് എസ്പിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കൂടാതെ, കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച വിഷയത്തിൽ ബാലാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി.
മദ്യപാന ആരോപണം ഉയർന്ന ഘട്ടത്തിൽ, തനിക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണിതെന്നായിരുന്നു ഇടതുപക്ഷ അധ്യാപക സംഘടന നേതാവുകൂടിയായ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്‍റെ പ്രതികരണം. എന്നാൽ ഇതിനെതിരേയാണ് ഇപ്പോൾ യുഡിഎഫ് സിസിടിവി ദൃശ്യങ്ങൾ സഹിതം രംഗത്തെത്തിയിരിക്കുന്നത്.
അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും പ്രിൻസിപ്പൽ ഓൺലൈൻ മാധ്യമങ്ങളെയും വ്ലോഗർമാരെയും സ്വാധീനിച്ച് കുട്ടികളെ അതിക്രൂരമായ വിചാരണയ്ക്ക് ഇരയാക്കിയെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
Tags : Principal School UDF CCTV MeenangadiSchool Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash