വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി ലോകായുക്തയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഹെലികോപ്റ്റർ ലഭ്യമാക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടുകൾക്ക് വിരുദ്ധമായ സത്യവാംഗ്മൂലമാണ് ഡിജിപി സമർപ്പിച്ചിരിക്കുന്നത്.
നിലമ്പൂരിലെ പ്രളയ സമയത്ത് മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രയ്ക്കായി ചിപ്സൺ കമ്പനിയുടെ ഹെലികോപ്റ്റർ ലഭ്യമാക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുള്ളത്.
പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് പൊലിസ് മേധാവി ഈ വിശദീകരണം നൽകിയത്. എന്നാൽ പരാതിക്കാരന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നും അതിനാൽ പരാതി തള്ളണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രയുടെ പൂർണ്ണ ചെലവുകൾ വഹിച്ചത് ഒരു സ്പോൺസർ ആണെന്നായിരുന്നു മുൻപ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ലോകായുക്തയ്ക്ക് മുന്നിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ സ്പോൺസർ ആരെന്നതിനെക്കുറിച്ചുള്ള ഒരു പരാമർശവുമില്ല. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ചിപ്സൺ കമ്പനി ഹെലികോപ്റ്റർ ലഭ്യമാക്കിയതെന്നാണ് ഇതിൽ പറയുന്നത്. എന്നാൽ ഇതിനായി പണം നൽകിയതാരെന്നോ അത്തരം വിവരങ്ങളോ സത്യവാംഗ്മൂലത്തിലില്ല.
Tags : Helicopter DGP ChiefMinisters Affidavit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash