ഭഗവന്ത് മൻ
അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭഗവന്ത് മൻ ദിവസവും വൈകുന്നേരങ്ങളിൽ മദ്യപിക്കാറുണ്ടെന്നും മദ്യത്തിന്റെ സ്വാധീനത്തിലാണെന്നും രാഹുൽ ആരോപിച്ചു.
കഴിഞ്ഞ ദിവസം പഞ്ചാബിലെ സംഗ്രൂരിൽ നടന്ന കോൺഗ്രസിന്റെ ഇൻസാഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭയിലായിരിക്കുമ്പോൾ രാവിലെ 11 ഓടെ മന്നിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി രാഹുൽ പറഞ്ഞു.
ഭഗവന്ത് മൻ മദ്യപിക്കരുതെന്ന് താൻ പറയുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ലഹരി വിപത്തിനെതിരെ പോരാടാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരിക്കലും മദ്യത്തിന്റെ സ്വാധീനത്തിലായിരിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ഇരുപാർട്ടികളും ഇന്ത്യ സഖ്യത്തിലെ കക്ഷികളാണെങ്കിലും പഞ്ചാബിൽ എഎപിയുമായി കോൺഗ്രസ് നേരിട്ടുള്ള മത്സരത്തിലാണ്.
Tags : RahulGandhi BhagwantMann AAP Congress Punjab