തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാം കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. 22കാരിയായ യുവതിയ്ക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇന്ന് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം പ്രതികളുടെ വീട്ടിൽ പൊലിസ് പരിശോധന നടത്തി.
കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് പരിശോധിക്കും. അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. നവമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഭിറാമിന്റെ ഫോൺ തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്കൂബ ടീം ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായിരുന്നില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ മേഖലയിൽ കൂടുതൽ പൊലിസുകാരെ വിന്യസിച്ച് തെരച്ചിൽ നടത്തും.
ഇരട്ടകൊലപാതകത്തിനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലിസിന്റെ നിഗമനം. രണ്ടാമത്തെയാളെ വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദനത്തിലേക്ക് നയിച്ചതെന്നും പൊലിസ് കരുതുന്നു. സംഭവ ദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ മൂന്ന് പേരാണ് അറസ്റ്റിലായത്.
Tags : AbhiramMurder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash