അബ്ദുൾ എൽ സെയ്ദ്
ഡിട്രോയിറ്റ്: ഇരുനൂറ്റിമുപ്പത്തേഴു വർഷത്തെ ചരിത്രം പേറുന്ന യുഎസ് കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിൽ ആദ്യമായി ഒരു മുസ്ലിം അംഗമായി. ഇറേനിയൻ യുദ്ധത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള അനിഷ്ടം അമേരിക്കൻ ജനത പോളിംഗ് ബൂത്തിൽ തീർത്തപ്പോൾ മിഷിഗണിൽനിന്നു ജയിച്ചുകയറിയത് അബ്ദുൾ എൽ സെയ്ദ് എന്ന അറബ് വംശജൻ.
ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മൈക്ക് റോജേഴ്സിനെയാണ് ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി മത്സരിച്ച സെയ്ദ് തോൽപ്പിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉയർന്ന മത-വംശീയ വിദ്വേഷങ്ങളെ അതിജീവിച്ചാണ് നാല്പത്തിരണ്ടുകാരനായ സെയ്ദ് സെനറ്റിലേക്കു ജയിച്ചുകയറിയത്.
മിഷിഗൺ പരന്പരാഗതമായി ഡെമോക്രാറ്റിക് കോട്ടയാണ്. 1994നു ശേഷം ഇവിടെ റിപ്പബ്ലിക്കൻമാർ ജയിച്ചിട്ടില്ല. പക്ഷേ, രണ്ടു വട്ടം സെനറ്ററായ മുതിർന്ന ഡെമോക്രാറ്റിക് നേതാവ് ഗാരി പീറ്റേഴ്സ് ഇക്കുറി മത്സരിക്കാതിരുന്നത് റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രതീക്ഷ ഉണർത്തിയിരുന്നു.
ഈജിപ്ഷ്യൻ കുടിയേറ്റക്കാരുടെ മകനായി മിഷിഗണിൽ ജനിച്ച സെയ്ദ് ഡോക്ടറും പകർച്ചവ്യാധികളെക്കുറിച്ച് പഠനം നടത്തുന്ന എപ്പിഡെമിയോളജിസ്റ്റുമാണ്. ഓക്സ്ഫെഡ്, കൊളംബിയ സർവകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. രാഷ്ട്രീയത്തിലേക്കിറങ്ങും മുന്പ് കൊളംബിയ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു. മിഷിഗണിലെ ഡിട്രോയിറ്റ് നഗരത്തിൽ ആരോഗ്യ വകുപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
അബ്ദുൾ എൽ സെയ്ദിന്റെ ഭാര്യ ഡോ. സാറ ജുക്കാകു കർണാടകയിലെ മുൻ മൈസൂർ സംസ്ഥാന മന്ത്രിയും എംഎൽഎയുമായിരുന്ന ജെ.എച്ച്. ഷംസുദ്ദീൻ ജുക്കാകുവിന്റെ പൗത്രിയാണ്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള തീരദേശ നഗരമായ ഭട്കലിലാണ് ഷംസുദ്ദീന്റെ കുടുംബമുള്ളത്. ഇയാളുടെ മകനും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ. ജുക്കാകു എസ്. തയ്യിബ് 1980കളിലാണ് യുഎസിലേക്ക് ചേക്കേറിയത്. അദ്ദേഹത്തിന്റെ മകളാണ് ഡോ. സാറ.
Tags : AbdulElSayed Senate Muslim Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Michigan