അഭിരാമിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ വി. മുരളീധരൻ എംഎൽഎ അഭിരാമിന്റെ അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കുന്നു.
തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴു വയസുകാരൻ അഭിരാമിന്റെ കൊലപാതകം, ഇൻസ്റ്റഗ്രാമിലെ സന്ദേശങ്ങൾ അപ്രത്യക്ഷമായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരാളിന്റേതുമായി ഷെയർ ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഭിരാം കൊല്ലപ്പെടുന്നതിന് മുമ്പും കൊല്ലപ്പെട്ടതിനു ശേഷവുമാണ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്. ആരാണ് ഇതിനു പിന്നിലെന്ന് പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം. ഫോറൻസിക് പരിശോധനയിലൂടെ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കാൻ നടപടി തുടങ്ങി.
അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലിസ്
തിരുവനന്തപുരം: പതിനേഴുകാരന്റെ മരണത്തിൽ പൊലിസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പൊലിസ് കമ്മീഷണർ അരുൽ ബി. കൃഷ്ണ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന് റിപ്പോർട്ട് നൽകി. അഭിരാമിനെ കാണാനില്ലെന്ന പരാതി രാത്രി പത്തരയോടെയാണ് ലഭിച്ചതെന്നും അന്നുതന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.
പൊലിസിൽ പരാതി ലഭിക്കുന്നതിനു മുൻപു തന്നെ അഭിരാം കൊല്ലപ്പെട്ടിരുന്നു. അഭിരാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയായ പതിനേഴുകാരനെ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ച ശേഷം പുലർച്ചെയോടെ വിട്ടയച്ചു. അഭിരാമിനെ അവസാനമായി വിളിച്ച നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പതിനേഴുകാരന്റെ കാമുകി അനന്തയിലേക്ക് എത്തിയത്. ഇതിലൂടെ കൂട്ടുപ്രതിയായ ഉമറിനെക്കുറിച്ച് വിവരം ലഭിച്ചു. മൂവരെയും ചോദ്യം ചെയ്തതിൽനിന്നാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞതെന്നാണ് കമ്മീഷണർ നൽകിയിരിക്കുന്ന റിപ്പോർട്ട്. അഭിരാമിനെ കാണാതായെന്ന പരാതി ലഭിച്ചത് കൊല്ലപ്പെട്ടതിനുശേഷം മാത്രമായിരുന്നുവെന്നാണ് കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്നും ഗൂഢാലോചനയിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കാണാതായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്.
പ്രതിയായ 17കാരന്റെ മുൻ കാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്തിനെ ലക്ഷ്യമിട്ടായിരുന്നു ക്രിമിനൽ സംഘം പദ്ധതി തയാറാക്കിയത്. ഇയാളെ നേരിട്ട് സ്ഥലത്തെത്തിക്കാൻ കഴിയാത്തതിനാൽ സുഹൃത്തായ അഭിരാമിനെ കെണിയിൽ പെടുത്തുകയായിരുന്നു. പ്രതികളിലൊരാളായ അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ദിവസങ്ങൾക്കു മുമ്പുതന്നെ അഭിരാമിന് സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം നാലിനു പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തി. ക്രിമിനൽ കേസ് പ്രതിയായ ഉമറും 17കാരനായ പ്രതിയും ഇവിടെ കാത്തുനിന്നിരുന്നു. അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ മർദിച്ച് അവശനാക്കിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കുഴിയിലിട്ട് കരിയിലകൊണ്ടു മൂടി
കൊലപാതകത്തിനു ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ആക്കുളം കായലില്‍ തള്ളാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പൊലിസിന് ലഭിച്ച വിവരം. എന്നാല്‍ മൃതദേഹവുമായി പോകുന്ന വഴിയില്‍ ആളുകളെ കണ്ടതോടെ ഈ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് സമീപത്തെ പുരയിടത്തിലെ മതില്‍ക്കെട്ട് തകര്‍ന്ന ഭാഗത്തുണ്ടായിരുന്ന കുഴിയില്‍ മൃതദേഹം ഇട്ട് കരിയിലകൊണ്ട് മൂടുകയായിരുന്നു.
Tags : Abhiram InstagramMessages Missing Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash