ജെ.ഡി. വാൻസ്
വാഷിംഗ്ടൺ ഡിസി: റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട പരാജയത്തിനു കാരണം ഇറാനുമായുള്ള യുദ്ധവും അമേരിക്കയുടെ ഇസ്രയേൽ അനുകൂല നയങ്ങളുമാണെന്ന് തുറന്നുസമ്മിതിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെയും തങ്ങളെയും പിന്തുണച്ച ഭൂരിഭാഗം വോട്ടർമാരും ഇത്തവണ ഭരണകൂടത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കു വോട്ട് ചെയ്തതാണ് തിരിച്ചടിക്ക് ഇടയാക്കിയതെന്ന് വാൻസ് ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കൻ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്താതിരുന്നതല്ല പരാജയത്തിനു കാരണം. മറിച്ച് അവരിൽ വൻതോതിൽ സംഭവിച്ച വോട്ട് ചോർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ ആഭ്യന്തര സർവേകളെ ഉദ്ധരിച്ച് പരാജയത്തിനു വഴിവച്ച നാല് പ്രധാന വിഷയങ്ങൾ വാൻസ് വിശദീകരിച്ചു. നിലവിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ശക്തമായ ആവശ്യം, സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം ഉണ്ടാക്കിയ അമർഷം, ആഭ്യന്തര വിഷയങ്ങൾക്ക് മുൻഗണന നൽകുന്നതിലെ പരാജയം, അമേരിക്കയുടെ നിലവിലെ ഇസ്രയേൽ നയങ്ങളോടുള്ള വോട്ടർമാരുടെ ശക്തമായ എതിർപ്പ് എന്നിവയാണു പരാജയകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
"നമ്മൾ തോൽക്കാനുണ്ടായ പ്രധാന കാരണം ഈ യുദ്ധമാണ്. എല്ലാവർക്കും അറിയാവുന്ന ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് വേണം പാർട്ടിയുടെ ഭാവി നിലപാടുകളെക്കുറിച്ചുള്ള ഏതൊരു ചർച്ചയും ആരംഭിക്കാൻ''- വാൻസ് വ്യക്തമാക്കി.
Tags : JDvance USVicePresident War America Iran Isreal Defet RepublicanParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash