പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരുന്നതു വരെ സംസ്ഥാനത്തു പുതിയ ബാർ ലൈസൻസ് അപേക്ഷകളിൽ തുടർതീരുമാനം എടുക്കരുതെന്നു കാട്ടി എക്സൈസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർമാർക്കും കർശന നിർദേശം നൽകിയുള്ള സർക്കുലർ പുറത്തിറക്കാൻ തീരുമാനം.
മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് നൽകരുതെന്ന എക്സൈസ് മന്ത്രിയുടെ വാക്കാലുള്ള നിർദേശം ഉദ്യോഗസ്ഥ തലത്തിൽ ലംഘിക്കുന്ന സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കുക.
യുഡിഎഫിന്റെ മദ്യനയം എത്രയും വേഗം നടപ്പാക്കാൻ മന്ത്രിസഭയിൽ നടന്ന ചർച്ചയിൽ ധാരണയായി.
നിലവിൽ ബാർ ലൈസൻസ് പുതുക്കാനും നൽകാനും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്കുള്ള അധികാരം മദ്യനയത്തിനു മുൻപു സർക്കാർ എടുത്തുകളയും. ഇതിനായി ചട്ടഭേദഗതി വേണ്ടിവരുമെന്നാണ് ചർച്ചയിൽ ഉടലെടുത്ത അഭിപ്രായം.
ചട്ടഭേദഗതി വഴി മാത്രമേ ഇത്തരം മാറ്റം കൊണ്ടുവരാൻ കഴിയൂ. മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ച പൂർത്തിയായിരുന്നു.
മന്ത്രി കർശന നിർദേശം നൽകിയിട്ടും എറണാകുളത്തും കോട്ടയത്തുമുള്ള മൂന്നു മദ്യശാലകൾക്കു ബാർ ലൈസൻസ് അനുവദിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം നെടുന്പാശേരി വിമാനത്താവളത്തിലെ രണ്ട് ബാർ ലൈസൻസ് പുതുക്കി നൽകിയിരുന്നു. ഇതിലെ അതൃപ്തി മന്ത്രി എം. ലിജു പരസ്യമാക്കിയിരുന്നു. ഇപ്പോൾ നൽകിയ ലൈസൻസ് റദ്ദാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ലിജു അറിയിച്ചു.
Tags : BarLicenses Circular Newliquorpolicy Introduced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash