പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനിയിൽ നവംബർ ഒന്നിന് സംഘടിപ്പിച്ച 'ഇന്ത്യ' സഖ്യത്തിന്റെ കൂറ്റൻ റാലിയിലും മാർച്ചിലും പങ്കെടുക്കാതിരുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികൾക്കെതിരെ യൂത്ത് കോൺഗ്രസ് നടപടി തുടങ്ങി. മധ്യപ്രദേശിൽ നിന്നുള്ള 60 ഓളം പേരെയും ഹിമാചൽ പ്രദേശിലെ 13 പേരെയും ഹരിയാനയിലെ 10 ഓളം പേരെയുമുൾപ്പെടെ ഇതുവരെ 80-ലധികം ഭാരവാഹികളെയാണ് സസ്പെൻഡ് ചെയ്തത്. വരും ദിവസങ്ങളിൽ നടപടി നേരിടുന്നവരുടെ എണ്ണം 500 വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെ മിന്റോ റോഡിൽ നിന്നാരംഭിച്ച മാർച്ചിന്റെ തുടക്കസ്ഥാനത്ത് ബാർകോഡ് സ്കാനറുകൾ സ്ഥാപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പങ്കാളിത്തം പരിശോധിച്ചത്. 'വിത്ത് ഐവൈസി' എന്ന ഔദ്യോഗിക ആപ്പിൽ രജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശം. 15,000-ത്തിലധികം പ്രവർത്തകർ സ്ഥലത്തെത്തിയെന്ന് യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും, ആപ്പിൽ രജിസ്റ്റർ ചെയ്തത് 2,831 പേർ മാത്രമാണ്.
സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവില്ലായ്മയും ഇന്റർനെറ്റ് സേവനങ്ങളിലെ വേഗതക്കുറവുമാണ് കുറഞ്ഞ രജിസ്ട്രേഷന് കാരണമായി പറയുന്നതെങ്കിലും, ഭൂരിഭാഗം ഭാരവാഹികളും റാലിയിൽ പങ്കെടുത്തിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അച്ചടക്കലംഘനം നടത്തിയവർക്കെതിരെയാണ് നടപടിയെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് വ്യക്തമാക്കി. ഉത്തരവാദിത്തമില്ലാത്തവരെ മാറ്റി കഠിനാധ്വാനം ചെയ്യുന്ന പ്രവർത്തകർക്ക് അവസരം നൽകാനാണ് സംഘടനയുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയുമായിരുന്നു റാലി. റാലി വൻ വിജയമായിരുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ, സംഘാടകർ അവകാശപ്പെട്ടത്ര ആളുകൾ എത്തിയില്ലെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Tags : INDIA Bloc Rally Indian Youth Congress (IYC) Digital Attendance Office-bearers Suspended Ramlila Maidan Delhi