പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജനിയറിംഗ് ആന്‍ഡ് ടെക്നോളജി
പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും 2026ലെ വാര്‍ഷിക പൊതുയോഗവും നാളെ മുതൽ ഞായർവരെ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കും. ആറിന് രാവിലെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.
ഉച്ചകഴിഞ്ഞ് രണ്ടിന് സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂലയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ കര്‍ദിനാള്‍ ഡോ. ആന്റണി പൂല, ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സേവ്യര്‍ ബോര്‍ഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീണ്‍ മാര്‍ട്ടിസ് എസ്ജെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നാഗ്പുർ ആര്‍ച്ച്ബിഷപ്പും സിബിസിഐ വിദ്യാഭ്യാസ-സാംസ്കാരിക സമിതി ചെയര്‍മാനുമായ ഡോ. ഏലിയാസ് ഗോണ്‍സാല്‍വസ് അനുഗ്രഹ പ്രഭാഷണം നടത്തും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സന്ദേശം നല്‍കും. പ്ലാറ്റിനം ജൂബിലി സുവനീര്‍, സേവ്യര്‍ ബോര്‍ഡിന്റെ ചരിത്രം വ്യക്തമാക്കുന്ന പുസ്തകം എന്നിവയുടെ പ്രകാശനവും മുന്‍ ഭാരവാഹികളെ ആദരിക്കലും നടക്കും. പാലാ രൂപത മുഖ്യ വികാരി ജനറാളും കോളജ് ചെയര്‍മാനുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍ പ്രസംഗിക്കും. സേവ്യര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡോ. സിസ്റ്റർ പേള്‍ ഡിസൂസ നന്ദി പറയും.
രണ്ടാം ദിനത്തിൽ നടക്കുന്ന അക്കാദമിക് സെഷനുകളില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സെന്റര്‍ സ്ഥാപകനും ഹോമി ലാബ് സിഇഒയുമായ ശ്രിജന്‍ പാല് സിംഗ് ഇന്ത്യ 2047 ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുനരാവിഷ്കാരം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
വിവിധ സെഷനുകളില്‍ എ.എച്ച്. സാഗര്‍, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഫാ. ഡോ. തോമസ് സി. മാത്യു, കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് ചെയര്മാന് ടി.കെ. ജോസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
എട്ടിന് സേവ്യര്‍ ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗം നടക്കും. ഉച്ചയ്ക്ക് 12ന് സമാപിക്കും. പത്രസമ്മേളനത്തില്‍ ഫാ. ഡോ. പ്രവീണ്‍ മാര്‍ട്ടിസ് എസ്ജെ, ഡോ. സിസ്റ്റര്‍ പള് ഡിസൂസ, സെക്രട്ടറി ജനറല്‍ ഡോ. സിസ്റ്റര്‍ ദീപ്തി, ജോയിന്റ് സെക്രട്ടറി ഫാ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് ബേബി, കോളജ് പിആര്‍ഒ ഡോ. നേവി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Tags : XavierBoard HigherEducation PlatinumJubilee Celebration AGM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash