കിരൺ
ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പെൺസുഹൃത്തിന്റെ അച്ഛൻ അറസ്റ്റിൽ. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരൺ(22) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ലഹങ്കള്ളിയിലാണ് സംഭവം.
കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് ആണ് സംഭവത്തിൽ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ. ആനന്ദിന്റെ മകളായ 19കാരിയുമായി കിരൺ അടുപ്പത്തിലായിരുന്നു.
മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി അവധി ആഘോഷിക്കാനായി വീട്ടിലെത്തിയിരുന്നു. ഈ സമയം തമിഴ്നാട്ടിലേക്ക് പോകാനായി ആനന്ദും ഭാര്യയും വീട്ടിൽ നിന്ന് യാത്ര തിരിച്ചിരുന്നു. പിന്നാലെ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു.
തുടർന്ന് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അടിവയറ്റിലുൾപ്പെടെ മർദനമേറ്റു. മർദനത്തെ തുടർന്ന് കിരൺ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Tags : Bengaluru Crime Police Investigation CaseFile FIR