കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയെഴുതാനാകില്ല. വിദ്യാര്‍ഥികളുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനായി മാറ്റി. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സര്‍വകലാശാലയില്‍ നിന്നും കേരള സര്‍ക്കാരില്‍ നിന്നും അനുകൂല വിധി ഉണ്ടായിട്ടില്ല. സുപ്രീം കോടതിയിലാണ് പ്രതീക്ഷ. ഇന്ന് എഴുതാന്‍ പറ്റാതെ പോയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി മറ്റൊരു ദിവസം എഴുതാനാകുമെന്ന പ്രതീക്ഷയിലാണെന്ന് സര്‍വകലാശാലയില്‍ നിരാഹാരം തുടരുന്ന വിദ്യാര്‍ഥികളുടെ പ്രതികരണം.
അതേസമയം, പരീക്ഷ എഴുതാനുള്ള സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയോടെ ആയിരുന്നു വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നല്‍കിയ 16 വിദ്യാര്‍ഥികളില്‍ 10 പേരുടെ സെമസ്റ്റര്‍ പരീക്ഷ ഇന്നാണ് ആരംഭിച്ചത്. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തങ്ങളുടെ ഒരു വര്‍ഷം നഷ്ടമാകും എന്നായിരുന്നു വിദ്യാര്‍ഥികള്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇന്ന് ആരംഭിക്കുന്ന പരീക്ഷയെഴുതാന്‍ അനുവാദം നല്‍കിയതു ചോദ്യം ചെയ്ത് സര്‍വകലാശാലയും വിസിയും നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റീസുമാരായ അനില്‍. കെ. നരേന്ദ്രന്‍, എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കിയത്. ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
ആവശ്യമായ അറ്റന്‍ഡന്‍സ് ഉള്‍പ്പെടെ ചില വിദ്യാര്‍ഥികള്‍ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സസ്പെന്‍ഷനില്‍ ആയതിനാല്‍ ആയിരുന്നു അറ്റന്‍ഡന്‍സ് ഇല്ലാതെ പോയത് എന്നാണ് വിദ്യാര്‍ഥികളുടെ വാദം. സെപ്റ്റംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
Tags : KaladyUniversity Students HungerStrike Protest SFI SupremeCourt