കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ
ന്യൂഡൽഹി: മുന്പ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും പുതിയ കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ ഫോം 6 ഉപയോഗിക്കാമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.
പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനാണ് സാധാരണ ഫോം 6 ഉപയോഗിക്കുന്നത്. എന്നാൽ, മുന്പ് പേരുണ്ടായിരുന്നവർ ഈ ഫോം ഉപയോഗിച്ച് അപേക്ഷിച്ചാൽ തെറ്റായ സത്യപ്രസ്താവന നൽകിയതായി കണക്കാക്കി ശിക്ഷാനടപടികൾ സ്വീകരിക്കില്ലെന്നും കമ്മിഷൻ അറിയിച്ചു.
ഫോം 6-ൽ ആദ്യമായാണ് അപേക്ഷിക്കുന്നത് എന്ന നിർബന്ധിത വിവരണമുള്ളതിനാൽ, ജനപ്രാതിനിധ്യ നിയമം (1950) സെക്ഷൻ 31 പ്രകാരം നിയമനടപടി നേരിടേണ്ടിവരുമോയെന്ന ഭയത്താൽ പലരും അപേക്ഷിക്കാൻ മടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തത വരുത്തിയത്.
ഡൽഹി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു കമ്മിഷന്റെ ഈ വിശദീകരണം. മുന്പ് വോട്ടർമാരായിരുന്നെങ്കിലും കരട് പട്ടികയിൽ പേരുൾപ്പെടാത്തവർ അന്തിമപട്ടികയ്ക്കായി ഫോം 6 സമർപ്പിക്കുമ്പോൾ അതു തെറ്റായ വിവരം നൽകലായി കണക്കാക്കരുത്.
മറ്റു മണ്ഡലങ്ങളിൽ വോട്ടില്ലാത്ത അപേക്ഷകർക്കെതിരേ സെക്ഷൻ 31 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കരുതെന്ന് എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും കമ്മിഷൻ നിർദേശം നൽകി.
Tags : SIR Form6 ElectionCommission DelhiHighCourt VotersList Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash