കേരള പോലീസ് ലോഗോ
തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുമായി രണ്ടു ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി. എച്ച്.എം. ആക്ട്സ്, ഹോംസ് എന്നീ പദ്ധതികൾ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പരാതികൾ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനും പൊലിസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികൾ കൃത്യമായി താഴെത്തലത്തിലുള്ള പൊലിസ് ഉദ്യോഗസ്ഥരിലേക്ക് എത്തിച്ച് നടപടിയെടുക്കുന്നതിനുള്ള സംവിധാനമാണ് എച്ച്.എം. ആക്ട്സ് (HM Acts). മന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് പരാതികളിൽ നടപടി സ്വീകരിക്കുകയും അതിന്റെ വിവരങ്ങൾ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ലഭിക്കുന്ന നിവേദനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യാനും പരാതിയുടെ നിലവിലെ സ്ഥിതിയും സ്വീകരിച്ച നടപടികളും അറിയിക്കാനും ഇതിലൂടെ സാധിക്കും.
സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും തത്സമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹോംസ് (HOMeS). ഇതിനായി പ്രത്യേക ഡാഷ്ബോർഡ് സജ്ജീകരിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമ്പോഴും അന്വേഷണത്തിൽ ഇടപെടാത്ത രീതിയിലാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി നിലനിർത്തും.
കേരള പൊലിസിന്റെ ഡിജിറ്റൽ വിഭാഗമായ ഐ-കോപ്സാണ് (iCoPS) രണ്ട് പദ്ധതികൾക്കുമുള്ള സോഫ്റ്റ്വേർ രൂപകൽപ്പന ചെയ്തത്. പദ്ധതികൾക്കായി അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്ന് പൊലിസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
Tags : Crime Complaints RemeshChennithala HomeMinister PromptAction HMActs HOMES Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash