ഹാര്‍ദിക് പാണ്ഡ്യ
മുംബൈ: ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ട്വന്റി-20 ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ട്രേഡിംഗ് അഭ്യൂഹങ്ങളാണ് നിലവിലെ തരംഗം. ഐപിഎല്‍ 2027 സീസണിനു മുമ്പായി ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ കൂടുവിടുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി.
മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ഹാര്‍ദിക്കിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ പുറത്തേക്കുള്ള വഴിയിലാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ടീം അംഗവുമായ രോഹിത് ശര്‍മ പുതിയ ക്യാപ്റ്റനായി യുവതാരം തിലക് വര്‍മയെ നിര്‍ദേശിച്ചതായുള്ള വാര്‍ത്തകളും ഇതിനോടകം പുറത്തുവന്നിരുന്നു. രോഹിത് ക്യാപ്റ്റന്‍സിയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
പഞ്ചാബ് കിംഗ്സ്
ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു ചേക്കേറിയേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകളുടെ പേരുകളും പിന്നീട് ഉയര്‍ന്നുവന്നു. 2027 ഐപിഎല്‍ ലേലത്തിനു മുമ്പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക 17നു പുറത്തുവിടണം. ഈ പശ്ചാത്തലത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡിംഗിലൂടെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായത്.
ഏറ്റവും ഒടുവിലായുള്ള റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഹാര്‍ദിക് പാണ്ഡ്യ, പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറിയേക്കുമെന്നാണ് സൂചന. പഞ്ചാബ് കിംഗ്സിന്റെ ഓസ്ട്രേലിയന്‍ കോച്ച് റിക്കി പോണ്ടിംഗ്, ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസിയോടു നിര്‍ദേശിച്ചതായാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട്.
ഹാര്‍ദിക് പാണ്ഡ്യക്കു പകരമായി പേസര്‍ അര്‍ഷദീപ് സിംഗിനെയും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിഷ്ണു വിനോദിനെയും പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സിനു കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
2024 സീസണിനു മുന്നോടിയായാണ് ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്. രോഹിത് ശര്‍മയില്‍നിന്നു ക്യാപ്റ്റന്‍സിയും ഏറ്റെടുത്തു. എന്നാല്‍, ഒരു തവണപോലും പ്ലേ ഓഫില്‍ ടീമിനെ എത്തിക്കാന്‍ ഹാര്‍ദിക്കിനു സാധിച്ചില്ല.
Tags : HardikPandya StepsDown MumbaiIndians Sports Cricket IPL