പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയിലുണ്ടായ ഇടിവ് ദീപാവലി വിപണിക്ക് ആവേശം പകരുമെന്ന് പ്രതീക്ഷ. വിലക്കയറ്റം മൂലം സ്വര്‍ണം വാങ്ങുന്നത് മാറ്റിവച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ആഭരണങ്ങള്‍ വാങ്ങാനുള്ള അവസരമായാണ് ദീപാവലി സീസണ് മാറുന്നത്.
സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ സ്വര്‍ണവ്യാപാരശാലകളും തന്തേരസ്, ദീപാവലി വിപണിയെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ദീപാവലി സീസണിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരദിനമായ ശനിയാഴ്ച വലിയ തിരക്കും മികച്ച വില്പനയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം ദീപാവലിദിനമായ ഒക്ടോബര്‍ 20ന് ഒരു ഗ്രാം സ്വര്‍ണത്തിന് 11,980 രൂപയായിരുന്നു. പവന് 95,840 രൂപയും. അതേസമയം, കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിന് ഗ്രാമിന് 11,290 രൂപയും പവന് 90,320 രൂപയുമായിരുന്നു സ്വര്‍ണവില. ഇന്നലെ (2026 നവംബര്‍ മൂന്നിന്) ഗ്രാമിന് 12,800 രൂപയും പവന് 1,02,400 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ദീപാവലി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 6,560 രൂപയുടെ വര്‍ധന മാത്രമാണുള്ളത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായ നവംബര്‍ മൂന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 12,080 രൂപയുടെ വര്‍ധനവുണ്ടായി. സ്വര്‍ണവിലയിലെ ഈ വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ വിലയില്‍ വര്‍ധനയുണ്ടായിട്ടും ദീപാവലി സീസണില്‍ സ്വര്‍ണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താത്പര്യം ശക്തമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
വില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യം കൂടുതല്‍ അളവില്‍ സ്വര്‍ണം വാങ്ങാനും വിവാഹം, കുടുംബാഘോഷങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങിവയ്ക്കാനും ഉപഭോക്താക്കളെ പ്രേരിപ്പിച്ചേക്കാമെന്നു കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
Tags : Drop Market Diwali BoostEnthusiasm Business GoldPurchases Ornaments