പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യൻ ഓഹരിവിപണി ഇന്നലെയും വൻ നേട്ടം തുടർന്നു. അസംസ്കൃത എണ്ണവിലയിലെ ഇടിവ്, ദീർഘകാല മൂലധന നേട്ട നികുതിയിൽ ഇളവുകൾ ഉണ്ടായേക്കുമെന്ന പ്രതീക്ഷകൾ, വിദേശ നിക്ഷേപങ്ങളുടെ വരവ് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതോടെ സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടുത്തായി ഉയർന്നു.
കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി ഈ രണ്ട് സൂചികകളും ഏകദേശം അഞ്ചു ശതമാനം നേട്ടമുണ്ടാക്കുകയും, കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.
സെൻസെക്സ് 1,200ലധികം പോയിന്റ് ഉയർന്ന് 76,918ലും, നിഫ്റ്റി 50 സൂചിക 350ലധികം പോയിന്റ് വർധിച്ച് 23,800 എന്ന നിലവാരത്തിന് മുകളിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ കുതിപ്പോടെ ബിഎസ്ഇയിൽലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കന്പനികളുടെയും മൊത്തം വിപണി മൂല്യത്തിൽ നാലു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ മൊത്തം വിപണിമൂലധനം ഏകദേശം 487 ലക്ഷം കോടി രൂപയായി ഉയർന്നു.
മേഖലകൾ പരിശോധിച്ചാൽ, നിഫ്റ്റി എഫ്എംസിജി ഓഹരികൾ 3.65 ശതമാനം ഉയർന്ന് നേട്ടത്തിന് മുന്നിൽ നിന്നപ്പോൾ നിഫ്റ്റി റിയൽറ്റി രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാൽഷ്യൽ സർവീസസ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നിവ ഒരു ശതമാനത്തിനു മുകളിലെത്തി. എന്നാൽ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
വിശാല വിപണികളും നേട്ടം കൈവരിച്ചു. നിഫ്റ്റി സ്മോൾക്യാപ് 250, നിഫ്റ്റി മിഡ്ക്യാപ് 100 സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു. എൻഎസ്ഇയിൽ 2,127 ഓഹരികൾ നേട്ടത്തിലും 1,477 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചപ്പോൾ 109 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു.
Tags : StockMarket Significant Gain NSE Nifty BSE Sensex Business Trade