അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലിസ് പരിശോധന നടത്തുന്നു.
തിരുവനന്തപുരം: ശ്രീകാര്യം അഭിരാം വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം വൈകുന്നേരം ആറിനും എട്ടിനും ഇടയിലാണ് മരണം സംഭവിച്ചത്. കേസിലെ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും ചേർന്ന് ദിവസങ്ങളോളം കൊലപാതകത്തിന് ഗൂഢാലോചന നടത്തി.
പിടിക്കപ്പെട്ടാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം 17കാരൻ മാത്രം ഏറ്റെടുക്കണമെന്ന തരത്തിലായിരുന്നു ഇവരുടെ ആസൂത്രണം. 17കാരനെ കൂടാതെ ഉമറും പെൺസുഹൃത്തുമാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. 17കാരന്റെ മുൻകാമുകിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിക്കാനെന്ന പേരിലാണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. എന്നാൽ അവിടെയുണ്ടായ തർക്കത്തിനിടെ കൊലപാതകം സംഭവിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. പ്രതികളിലൊരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലിസ് പറയുന്നത്.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ പെൺകുട്ടിയുടെ സാന്നിധ്യത്തിൽ പ്രതികൾ അഭിരാമിന് സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പെൺകുട്ടിയാണെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് അഭിരാമുമായി ബന്ധം പുലർത്തി. അതേസമയം അറസ്റ്റിലായ ഒന്നാം പ്രതിയായ 17കാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
Tags : Murder case Sreekaryam AbhiramMurderCase Abhiram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash