വെടിക്കെട്ട് ദുരന്തമുണ്ടായ സ്ഥലം.
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണമായത് നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റിന്റെ ഉപയോഗമെന്ന് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ കണ്ടെത്തൽ. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കമ്മീഷൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിച്ചു. അപകടം നടന്ന് ആറുമാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വെടിമരുന്ന് നിർമാണത്തിന് നിരോധിതമായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അപകടസ്ഥലത്ത് അനുവദനീയമായതിലും അധികം സ്ഫോടകവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്നതായും കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഏകദേശം 7,000 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ചൂട് കൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണമാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നും കമ്മീഷൻ വിലയിരുത്തുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനുവദനീയമായ അളവിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചും നടത്തിയ വെടിക്കെട്ട് നിർമാണമാണ് വൻ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
കഴിഞ്ഞ ഏപ്രിൽ 21നാണ് തൃശൂർ മുണ്ടത്തിക്കോട്ടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. അപകടത്തിൽ 16 പേർക്ക് ജീവൻ നഷ്ടമായിരുന്നു. തിരുവമ്പാടി വെടിക്കെട്ടിന്റെ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദുരന്തത്തിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. അപകടത്തിന്റെ കാരണങ്ങൾ, സുരക്ഷാവീഴ്ചകൾ, സ്ഫോടകവസ്തുക്കളുടെ സംഭരണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കമ്മീഷൻ പരിശോധിച്ചത്.
Tags : Fireworks MundathikodeTragedy Thrissur FireworksAccident InvestigationReport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash